ക്ഷേത്രത്തിലെ തിരക്കിനിടയിൽ കുഞ്ഞിന്റെ ആഭരണം കവർന്നു; സ്ത്രീ അറസ്റ്റിൽ, വിവിധ സ്റ്റേഷനുകളിലെ മോഷണക്കേസിൽ പ്രതി

കൊട്ടാരക്കര: ക്ഷേത്രത്തിൽ തിരക്കിനിടെ മൂന്നുവയസ്സുകാരിയുടെ കാലിലെ സ്വർണാഭരണം കവർന്ന സ്ത്രീ അറസ്റ്റിൽ. പരവൂർ നെടുങ്ങോലം കളിയാട്ടുവിള വീട്ടിൽ രമ(67)യാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 17-ന് കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിൽ ശൂരനാട് സ്വദേശിയായ കുഞ്ഞിന്റെ ആഭരണം നഷ്ടമായിരുന്നു. കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയെ തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.
ഇവർ മുൻപും കൊട്ടാരക്കര ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടെന്നും കൊട്ടാരക്കരയിൽ ചില സ്വർണക്കടകളുമായി ഇവർക്ക് ബന്ധമുണ്ടെന്നും കണ്ടെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആളിനെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം വീണ്ടും ക്ഷേത്രത്തിലെത്തിയ ഇവരെ പോലീസ് കൈയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിവിധ സ്റ്റേഷനുകളിൽ ഇവർ മോഷണക്കേസിൽ പ്രതിയാണെന്നും പോലീസ് പറയുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര എസ്.ഐ. ഹേമന്ത് മോഹന്റെ നേതൃത്വത്തിലാണ് പിങ്ക് പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്.
Content Highlights: A 67-year-old woman named Rama was arrested by the Kottarakkara police for stealing a gold ornament from a three-year-old girl at a temple. The theft occurred on the 17th at the Kottarakkara Mahaganapathy Temple, and police identified the thief using CCTV footage after the child's mother filed a complaint. The woman, who has previous theft charges and connections with local gold shops, was caught red-handed by the police with the help of the Pink Police and has been remanded by the court.