ടിക്കറ്റെടുക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; സ്വകാര്യ ബസ് കണ്ടക്ടറെ യാത്രക്കാരൻ കുത്തി

കൂത്താട്ടുകുളം: മുണ്ടക്കയം-എറണാകുളം സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറെ യാത്രക്കാരൻ കുത്തി പരിക്കേൽപ്പിച്ചു. കെഎംഎസ് ബസിലെ കണ്ടക്ടർ കാഞ്ഞിരപ്പള്ളി, ആനക്കല്ല് കിഴക്കേത്തലക്കൽ ജോജോ ആന്റണി (51) ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയന്നൂർ പുതുവേലി പാലശ്ശേരിയിൽ രാമചന്ദ്രൻ (62) പോലീസ് പിടിയിലായി.
ചൊവ്വാഴ്ച രാവിലെ 7.30-നാണ് സംഭവം. എറണാകുളത്തേക്കുള്ള ബസിൽ കൂത്താട്ടുകുളത്ത് നിന്നാണ് രാമചന്ദ്രൻ കയറിയത്. പൈറ്റക്കുളം ഭാഗത്ത് ബസ് എത്തിയപ്പോൾ രാമചന്ദ്രനോട് ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ ജോജോ ആവശ്യപ്പെട്ടു. എന്നാൽ, രാമചന്ദ്രൻ ടിക്കറ്റെടുക്കാൻ തയ്യാറാകാതെ അശ്ലീല ആംഗ്യം കാണിച്ചതായി കണ്ടക്ടർ പറയുന്നു. ഇരുവരും തമ്മിൽ നടന്ന വാക്കേറ്റത്തിനിടയിൽ െെകയിൽ കരുതിയിരുന്ന ഇരുമ്പുപകരണം ഉപയോഗിച്ച് ജോജോയെ കുത്തി പരിക്കേൽപ്പിച്ചു.
നെഞ്ചിൽ പരിക്കേറ്റ ജോജോയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസാരശേഷിയില്ലാത്ത ആളാണ് രാമചന്ദ്രൻ.
Content Highlights: A passenger stabbed a bus conductor on the Mundakayam-Ernakulam service in Koothattukulam after a dispute over a ticket. The conductor sustained injuries.