രണ്ടാനച്ഛൻ വീടിനുള്ളിൽ പൂട്ടിയിട്ട് തീവെച്ചു; അനുജത്തിയെ 15-കാരൻ ഓട് പൊളിച്ച് രക്ഷിച്ചു

#ന്യൂസ് ഡെസ്ക്
കൊല്ലന്‍പടിയില്‍ തീപിടിത്തമുണ്ടായ വീട്, ഇന്‍സെറ്റില്‍ പ്രതി സിജുപ്രസാദ്
കൊല്ലന്‍പടിയില്‍ തീപിടിത്തമുണ്ടായ വീട്, ഇന്‍സെറ്റില്‍ പ്രതി സിജുപ്രസാദ്

കോന്നി(പത്തനംതിട്ട): കിടന്നുറങ്ങിയ മക്കളെയും ഭാര്യയെയും പൂട്ടിയിട്ട് ദേഹത്ത് ടിന്നർ ഒഴിച്ചശേഷം രണ്ടാനച്ഛൻ വീടിന് തീവെച്ചു. ആളിപ്പടർന്ന തീയ്ക്കുള്ളിൽനിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലിൽ തൂങ്ങി ഓട് പൊളിച്ച് പുറത്തിറക്കി 15-കാരനായ സഹോദരൻ രക്ഷിച്ചു. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാൻ നോക്കി. പക്ഷേ, പരാജയപ്പെട്ടു. പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകർത്ത് പുറത്തിറക്കിയത്.

വടശ്ശേരിക്കര അരീക്കക്കാവ് സ്വദേശിയായ തെങ്ങുംപള്ളിയിൽ ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകൻ പ്രവീൺ (15), ഇളയ മകൾ എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് പരിക്കില്ല.

വകയാർ കൊല്ലൻപടി കനകമംഗലത്ത് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വെള്ളിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. പെയിന്റിങ് തൊഴിലാളിയാണ് സിജു. ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ഉറങ്ങാൻകിടന്ന ഇയാൾ രാത്രി വീടിന് പുറത്തിറങ്ങി മുറിയിലേക്ക് ടിന്നർ ഒഴിച്ചശേഷം കതകിന് മുകളിലുള്ള വെന്റിലേഷനിലൂടെ തീപ്പന്തം എറിയുകയായിരുന്നു. ടിന്നർ ദേഹത്ത് വീണതോടെ പ്രവീൺ എഴുന്നേറ്റു. ഇതിനിടെ തീ പടർന്നു. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ തൂങ്ങി മുകളിൽ കയറിയ പ്രവീൺ ഓടിളക്കിമാറ്റി അനുജത്തിയെ പുറത്തിറക്കി. അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടിൽനിന്ന് കൂട്ടക്കരച്ചിൽ ഉയർന്നതോടെ അയൽപക്കത്തുള്ളവർ ഓടിക്കൂടി. കതക് പൊളിച്ചാണ് രജനിയെ രക്ഷപ്പെടുത്തിയത്. ഇവർക്ക് കൈയ്ക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. വാടകവീടിന്റെ ഒരു ഭാഗത്തുള്ള അങ്കണവാടിയിലെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ കത്തിനശിച്ചു.

കുടുംബകലഹമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ഒളിവിൽപോയ സിജുവിനെ ഇൻസ്‌പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. മുജീബ്‌റഹ്‌മാൻ, എസ്.സി.പി. ഒ.സുബിൻ, സി.പി.ഒമാരായ അഭിലാഷ്, രാഗേഷ്, രതീഷ് എന്നിവരടങ്ങിയ സംഘം പൂങ്കാവിൽനിന്ന് പിടികൂടി. രജനി ലോട്ടറി വിൽപ്പനക്കാരിയാണ്. ഇവരുടെ രണ്ടാം വിവാഹമാണ്. പ്രതിയെ റിമാൻഡ് ചെയ്തു.

Content Highlights: Shocking incident in Pathanamthitta: Step Father locks family and sets house ablaze. Brave son rescues sister, mother saved by neighbors. Arrest made.