കൊണ്ടോട്ടിയിലെ നവവധുവിന്റെ ആത്മഹത്യ; ഭർത്താവ് പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയിലെ നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് പിടിയില്‍. കിഴിശ്ശേരി സ്വദേശി അബ്ദുള്‍ വാഹിദ് എന്നയാളാണ് പോലീസ് പിടിയിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വാഹിദിനെ കൊണ്ടോട്ടി പോലീസിന് കൈമാറിയതായാണ് വിവരം.
കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസ് നടപടി. ബന്ധുക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. നിറത്തിന്റെ പേരിലടക്കം ഭര്‍ത്താവില്‍ നിന്നുണ്ടായ പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് നേരത്തേ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ യുവജനകമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ജനുവരി 14 നാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്കടുത്ത് പറശ്ശേരി ബഷീറിന്റെയും ഷെമീനയുടെയും മൂത്തമകളാണ് ഷഹാന. കൊണ്ടോട്ടി ഗവ. കോളേജിലെ ഒന്നാംവര്‍ഷ ബി.എസ്.സി. ഗണിതശാസ്ത്ര വിദ്യാര്‍ഥിനിയാണ്. ഷഹാനയുടെ പിതാവ് ബഷീര്‍ ഗള്‍ഫിലാണ്.
ചൊവ്വാഴ്ച രാവിലെ 9.30 വരെ വീട്ടിലെ ജോലികള്‍ചെയ്തിരുന്ന ഷഹാനയെ പെട്ടെന്ന് കാണാതായി. മാതാവ് അന്വേഷിച്ചപ്പോള്‍ മുറി പൂട്ടിയതായി മനസ്സിലായി. ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഉടന്‍ ബന്ധുക്കളും അയല്‍വാസികളുംചേര്‍ന്ന് വാതില്‍ പൊളിച്ച് താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ മേയ് 27-നായിരുന്നു ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്റെയും നിക്കാഹ്. 20 ദിവസം കഴിഞ്ഞ് വാഹിദ് ഗള്‍ഫിലേക്ക് പോയി. ഷഹാനയ്ക്കു നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നുമൊക്കെ പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും നിരന്തരം അപമാനിച്ചിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: kondotty newlywed woman shahana mumthas suicide case husband police custody