മകൾ സ്കൂളിൽ എത്തിയില്ലെന്ന വിവരം അറിയാൻ വൈകി; അമ്മ കണ്ടത് ട്രെയിൻ ട്രാക്കിൽ 15-കാരിയുടെ ചേതനയറ്റ ശരീരം

#ന്യൂസ് ഡെസ്ക്
അഭിലാഷ്, വിസ്മയ
അഭിലാഷ്, വിസ്മയ

അങ്കമാലി: ബന്ധുവായ യുവാവിനൊപ്പം പത്താം ക്ലാസ് വിദ്യാർഥിനിയെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം നെടുമ്പന പള്ളിമൺ തെക്കേഭാഗം തട്ടാരഴികം വീട്ടിൽ അനിൽകുമാറിന്റെയും സുനിതയുടെയും മകൻ അഭിലാഷ് (21), ഇരവിപുരം കൂട്ടിക്കട ആക്കോലിൽ നെടിയഴികം വീട്ടിൽ സുനിൽ കുമാറിന്റെയും നിഷയുടെയും മകൾ വിസ്മയ (15) എന്നിവരാണ് മരിച്ചത്. കൊല്ലത്തുനിന്ന് ഇവരെ വെള്ളിയാഴ്ച രാവിലെമുതൽ കാണാതായതിനെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ശനിയാഴ്ച പുലർച്ചെ അങ്കമാലിയിൽ തീവണ്ടിപ്പാതയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

മയ്യനാട് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ വിസ്മയ രാവിലെ സ്‌കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്നും പോയത്. സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെയാണ് വീട്ടുകാർ ഇരവിപുരം പോലീസിൽ പരാതി നൽകിയത്. അഭിലാഷിനെ കാണ്മാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ കണ്ണനല്ലൂർ പോലീസിലും പരാതി നൽകി.

അഭിലാഷിന്റെ പേഴ്‌സിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡും പാൻ കാർഡും പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. അങ്കമാലി പോലീസ് വിവരം കണ്ണനല്ലൂർ, ഇരവിപുരം പോലീസ് സ്റ്റേഷനുകളിൽ അറിയിച്ചതോടെയാണ് ഇരുവരും മരിച്ച വിവരം ബന്ധുക്കൾ അറിയുന്നത്.

അങ്കമാലി റെയിൽവേസ്റ്റേഷനിൽ തൃശ്ശൂർ ഭാഗത്തേക്കുള്ള പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് എഫ്.സി.ഐ. ഗോഡൗണിന് പിൻവശത്തായുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടത്. പുലർച്ചെ 1.30-ന് തിരുവനന്തപുരം-രാമേശ്വരം അമൃത എക്‌സ്‌പ്രസ് തീവണ്ടി ഇടിച്ചാണ് ഇരുവരും മരിച്ചതെന്ന് അങ്കമാലി പോലീസ് പറഞ്ഞു.

പോലീസ് നടപടികൾ പൂർത്തിയാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിസ്മയയുടെ അച്ഛന്റെ ജ്യേഷ്ഠസഹോദരന്റെ മകനാണ് അഭിലാഷ്. വിസ്മയയുടെ സഹോദരൻ വിഷ്ണു. അഭിലാഷിന്റെ സഹോദരൻ അനന്ദു.

മകൾ സ്കൂളിൽ എത്തിയില്ലെന്ന വിവരം അറിയാൻ വൈകി

വെള്ളിയാഴ്ച വിസ്മയ സ്‌കൂളിൽ എത്തിയില്ല എന്ന വിവരം സ്‌കൂൾ അധികൃതർ രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിച്ചു. ഏറെനേരം കഴിഞ്ഞിട്ടും രക്ഷിതാവിൽനിന്ന് പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് ഗ്രൂപ്പ് പരിശോധിച്ചപ്പോൾ വിസ്മയയുടെ അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കിയതായി അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അധ്യാപകർ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മകൾ സ്‌കൂളിൽ എത്തിയിട്ടില്ലെന്ന വിവരം അമ്മ അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. രക്ഷിതാക്കൾ ജോലിക്ക് പോയശേഷമാണ് വിസ്മയ സ്‌കൂളിലേക്ക് പോകാറുള്ളത്. രാവിലെ അമ്മയുടെ നമ്പർ വിസ്മയതന്നെ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കിയതാണെന്നാണ് സംശയം.

Content Highlights: A 21-year-old youth and a 15-year-old 10th-grade student from Kollam were found dead on the Angamaly railway track., Both were reported missing since Friday morning, and police had registered missing person cases., Police identified the bodies using ID cards found in the youth's purse and confirmed they were hit by the Thiruvananthapuram-Rameswaram Amritha Express., The girl had allegedly exited her school WhatsApp group before leaving for school.