സ്കൂട്ടറിൽ കറങ്ങിനടന്ന് പെൺകുട്ടികളെ ഉപദ്രവിച്ചിരുന്ന ‘നീലക്കുറുക്കൻ’ ഒടുവിൽ പിടിയിൽ; ‘തൂക്കി’യത് ഡാൻസാഫ്

#ന്യൂസ് ഡെസ്ക്
അറസ്റ്റിലായ ലിജോ
അറസ്റ്റിലായ ലിജോ

ശാസ്താംകോട്ട: നീല സ്കൂട്ടറിൽ കറങ്ങിനടന്ന്, ഒറ്റയ്ക്ക് നടന്നുപോകുന്ന പെൺകുട്ടികളെ നിരന്തരമായി ശല്യംചെയ്തുവന്ന യുവാവിനെ മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ പോലീസ് ‘തൂക്കി’. പുത്തൂർ ആലയ്ക്കൽ കുഴിയിൽ പുത്തൻവീട്ടിൽ ലിജോ(33)യാണ് ഒടുവിൽ പോലീസിന്റെ വലയിലായത്.

പല സ്ഥലങ്ങളിൽനിന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടായില്ല. ഒടുവിൽ ഇയാൾ കൊല്ലം റൂറൽ ഡാൻസാഫ് സംഘത്തിന്റെ കണ്ണിൽപ്പെടുകയും കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളിലെ രൂപസാദൃശ്യം പരിശോധിച്ച് പുത്തൂരിൽനിന്ന് തന്ത്രപരമായി പിടികൂടുകയുമായിരുന്നു.

ആളൊഴിഞ്ഞ പാതകളിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് ഇയാളുടെ പ്രധാന ഇര. സ്കൂൾവിട്ട് ബസിറങ്ങി വീടുകളിലേക്ക് നടന്നുപോകുന്ന കുട്ടികളെയാണ് ഉന്നംവെക്കുന്നത്. നീല സ്കൂട്ടറിൽ പിന്നിലൂടെ വന്ന് കുട്ടികളെ കടന്നുപിടിക്കുന്നതാണ് രീതി. കൃത്യത്തിനുശേഷം വാഹനം വേഗത്തിലോടിച്ച് രക്ഷപ്പെടുന്നതിനാൽ ആർക്കും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ഹെൽമെറ്റും മുഖാവരണവും ധരിക്കുന്നതിനാൽ തിരിച്ചറിയുക പ്രയാസമായിരുന്നു. രക്ഷപ്പെടലിനിടയിൽ ഷർട്ട് മാറ്റുന്നതും രീതിയാണ്. വിവിധ ഭാഗങ്ങളിലായി പന്ത്രണ്ടോളം കുട്ടികളെ ഇത്തരത്തിൽ കടന്നുപിടിച്ചതായി ലിജോ സമ്മതിച്ചു. പല കുട്ടികളും നാണക്കേടും ഭയവും കാരണം വീട്ടുകാരോട് പറയാറില്ല.

ശൂരനാട്, കിഴക്കേ കല്ലട, ശാസ്താംകോട്ട സ്റ്റേഷൻ പരിധികളിലാണ് കഴിഞ്ഞ നാലുമാസമായി ഇയാൾ അതിക്രമം നടത്തിവരുന്നത്. പരാതികളെത്തുടർന്ന് പോലീസ് നിരന്തരമായി സി.സി.ടി.വി.കൾ പരിശോധിച്ചും പിന്തുടർന്നും പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ശൂരനാട്ടുവെച്ചു നടന്ന സംഭവത്തിൽ ഇയാൾ മുഖാവരണം ധരിച്ചിരുന്നില്ല. അതിക്രമത്തിനിരയായ പെൺകുട്ടി ലിജോയെ പിടികൂടാനും അടിക്കാനും ശ്രമിച്ചപ്പോൾ മുഖവും ശരീരഘടനയും ഏകദേശം മനസ്സിൽ പതിഞ്ഞു. ആ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ ഇയാളുടെ ശരീരഭാഷ പോലീസ് മനസ്സിലാക്കി.

മുറുക്കാൻ ചവയ്ക്കുന്ന പ്രകൃതക്കാരനാണെന്നും തന്നെ ശല്യംചെയ്യാൻവന്ന സമയം മുറുക്കിയിരുന്നതായും കുട്ടി അറിയിച്ചു. ഇതെല്ലാം അന്വേഷണത്തിന് തുണയായി. വ്യാഴാഴ്ച രാവിലെ പുത്തൂരിലൂടെ പോകുന്നതിനിടയിൽ ലിജോ കൊല്ലം റൂറൽ ഡാൻസാഫ് സംഘത്തിന്റെ കണ്ണിൽപ്പെടുകയായിരുന്നു.

കൈവശമുണ്ടായിരുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ നോക്കി ഉറപ്പുവരുത്തി. പെൺകുട്ടി പറഞ്ഞ മുറുക്കാൻ ചവയ്ക്കുന്ന അതേ ചെറുപ്പക്കാരൻ. ഒപ്പം ഇയാൾ ഉപയോഗിക്കുന്ന തരത്തിലുള്ള നീല സ്കൂട്ടറും. പിന്നെ ഒട്ടും വൈകിയില്ല. കൈയോടെ ജീപ്പിൽകയറ്റി വിശദമായി ചോദ്യംചെയ്തു.

താനാണ് ഈ കുറ്റകൃത്യങ്ങൾ ചെയ്തതെന്ന് സമ്മതിക്കുകയായിരുന്നു. നിലവിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ശൂരനാട് രണ്ടും കിഴക്കേ കല്ലട ഒന്നും കേസുകളാണ് ലിജോയ്ക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പോലീസ്‌ അറിയിച്ചു.

Content Highlights: A man named Lijo, who harassed young girls by following them on a blue scooter, was apprehended by the police after months of investigation using CCTV footage and strategic planning. Lijo targeted schoolgirls walking alone on deserted paths, using disguises like helmets and face coverings to avoid identification, and admitted to assaulting around twelve girls.