‘വീട്ടിൽ സീൻ, വിളിക്കാം..’; സായയുടെ ചാറ്റ് പുറത്ത്, ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് സൂചന

#ന്യൂസ് ഡെസ്ക്
Photo: Screengrab/ Mathrubhumi News
Photo: Screengrab/ Mathrubhumi News

കൊല്ലം: ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സായ (26)യുടെ സുഹൃത്തുമായുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്. ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന സൂചന നൽകുന്ന, സെപ്റ്റംബർ 24-ന് നടത്തിയ ചാറ്റാണ് ഇപ്പോൾ പുറത്തുവന്നത്.

‘എന്താ പറ്റിയത് നിനക്ക്’ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ‘വീട്ടിൽ സീൻ, വിളിക്കാം’ എന്നായിരുന്നു സായയുടെ മറുപടി. ‘ആരുമായിട്ടാണ് പ്രശ്നം, അഫ്സലാണോ’ എന്ന ചോദ്യത്തിന് ‘എല്ലാവരും’ എന്നും മറുപടി നൽകി. പിന്നീട് സുഹൃത്ത് വീഡിയോ കോളിൽ വിളിച്ചെങ്കിലും സായ ഫോൺ എടുത്തില്ല. തുടർന്ന് ഒരുതവണമാത്രം കാണാൻ കഴിയുന്ന തരത്തിലുള്ള സന്ദേശവും അയച്ചു.

അതേസമയം, സായയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മകൾ ആത്മഹത്യ ചെയ്യില്ലെന്നും മാതാവ് റിഹാനി ഷാജി പറഞ്ഞു. മരണം നടന്ന് നാലു മണിക്കൂറിനു ശേഷമാണ് വിവരം അറിയിച്ചതെന്ന് കുടുംബം ആരോപിച്ചു. സായയുടെ ലാപ്ടോപ്പും ഡയറിയും കാണാനില്ലെന്നും ഇവയിൽ നിർണായക തെളിവുകളുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ഭർതൃവീട്ടുകാർ ഇവ നശിപ്പിച്ചിട്ടുണ്ടാകാമെന്നും കുടുംബം സംശയിക്കുന്നു. സ്വന്തം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെടുന്നതുപോലും ഭർത്താവ് അഫ്സൽ വിലക്കിയിരുന്നുവെന്നും ആരോപണമുണ്ട്.

സായ മരിച്ച് 11 ദിവസത്തിനുശേഷമാണ് പോലീസ് മൊഴിയെടുത്തതെന്നും ഇതിനിടെ ഭർതൃവീട്ടുകാർ തെളിവുകൾ നശിപ്പിച്ചിട്ടുണ്ടാകാമെന്നും കുടുംബം ആരോപിച്ചു. മൊഴിയെടുക്കുന്നതിലെ കാലതാമസത്തിനു പിന്നിൽ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുണ്ടായിരുന്നോയെന്നും കുടുംബം സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി മകൾക്ക് നീതി ലഭ്യമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

'ഹൃദയ സംബന്ധമായ അസുഖം കാരണം അഡ്മിറ്റാണ്. പെട്ടെന്ന് വരണമെന്ന് പറഞ്ഞാണ് ഞങ്ങളെ വിളിക്കുന്നത്. പെട്ടെന്നുതന്നെ കൊല്ലത്തെത്തി. അവിടെ ചെന്നപ്പോൾ അഫ്സലും പിതാവും രണ്ടുപോലീസുകാരും ഉണ്ടായിരുന്നു. കണ്ടപ്പോൾത്തന്നെ എന്തോ പറ്റിയിട്ടുണ്ടെന്ന് മനസ്സിലായി. ആംബുലൻസ് തുറന്നു കാണിച്ചു. തല മൂടിയിട്ടില്ല. എന്റെ ചങ്ക് തകർന്നു പോയി. പിന്നെ മോർച്ചറിയിൽ കൊണ്ടുവെച്ചു', കുടുംബം പറഞ്ഞു.

മാടൻനട സ്വദേശി അഫ്‌സലിന്റെ ഭാര്യ സായയെ കഴിഞ്ഞ മാസം 31ന് രാത്രി 8.30-നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ സായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. എന്നാൽ, മരണകാരണം കുറിപ്പിൽ പരാമർശിച്ചിട്ടില്ലെന്നായിരുന്നു പോലീസ് പറഞ്ഞത്.

പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം എറണാകുളത്താണ് താമസം. വിവാഹംകഴിഞ്ഞിട്ട് നാലുവർഷമായി. അസ്വാഭാവിക മരണത്തിനാണ് ഇരവിപുരം പോലീസ് കേസെടുത്തിരിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. നമ്പർ 1056, 0471-2552056)

Content Highlights: WhatsApp chat between Saya and her friend reveals ongoing issues at her husband's house., Family alleges foul play, stating Saya would not die by suicide and pointing out missing laptop and diary., Family accuses police of delay in recording statements and suspects political or financial influence.