നിക്ഷേപിക്കുന്നതിനനുസരിച്ച് ലാഭം വരും, പക്ഷേ കിട്ടില്ല,യുവാവിന് നഷ്ടമായത് 1.75 കോടി; 3 പേർ പിടിയിൽ

എന്‍.പി.തൗസീഫ്, ടി.എസ്.രാഖേഷ്, ടി.എം.അമര്‍രാജ്‌
എന്‍.പി.തൗസീഫ്, ടി.എസ്.രാഖേഷ്, ടി.എം.അമര്‍രാജ്‌

കൊല്ലം:ഓഹരിവ്യാപാരത്തിന്റെ മറവില്‍ കിളികൊല്ലൂര്‍ സ്വദേശിയില്‍നിന്ന് 1.75 കോടി തട്ടിയെടുത്ത സംഘത്തില്‍ ഉള്‍പ്പെട്ട മൂന്നു യുവാക്കളെ കൊല്ലം സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ ഭൂതപ്പാറ, ഒകെ ക്വാര്‍ട്ടേഴ്‌സ്, നവറോജി പുരയിടത്തില്‍ എന്‍.പി. തൗസീഫ് (25), തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി, തയ്യില്‍ ഹൗസില്‍ ടി.എസ്. രഖേഷ് (35), തൃശ്ശൂര്‍ മാടായിക്കോണം തെക്കൂട്ട് ഹൗസില്‍ ടി.എം. അമര്‍രാജ് (29) എന്നിവരാണ് പിടിയിലായത്.

ഫോറിന്‍ എക്‌സ്ചേഞ്ച് വിപണിയില്‍ ട്രേഡിങ് നടത്തിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചാണ് യുവാവിനെ കെണിയില്‍ അകപ്പെടുത്തിയത്.

ഇതു വിശ്വസിച്ച് പണം നിക്ഷേപിക്കാന്‍ തയ്യാറായ യുവാവ് തട്ടിപ്പുസംഘത്തിന്റെ നിര്‍ദേശപ്രകാരം യഥാര്‍ത്ഥമായ ഒരു ട്രേഡിങ്ങ് പ്ലാറ്റ്ഫോമിന്റെ അതേ പേരിലുള്ള വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ചെയ്ത് പല തവണകളായി പണം നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപിക്കുന്നതിന് അനുസരിച്ച് ലാഭം വര്‍ധിക്കുന്നതായി ആപ്ലിക്കേഷനില്‍ കാണാനിടയായതോടെ അത് വിശ്വസിച്ച് കൂടുതല്‍ നിക്ഷേപം നടത്തി.

സഹോദരിയുടെ പേരിലുള്ള സ്വത്തുക്കള്‍ പണയപ്പെടുത്തിവരെ യുവാവ് പണം നിക്ഷേപിച്ചു. ഒടുവില്‍ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടുകൂടിയാണ് കൊല്ലം സിറ്റി സൈബര്‍ പോലീസിനെ സമീപിച്ചത്.

പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ തട്ടിയെടുത്ത തുക പല അക്കൗണ്ടുകള്‍ കൈമാറിയതായി കണ്ടെത്തി.

തുകയിലെ ഒരു ഭാഗം അമര്‍രാജിന്റെ നിര്‍ദേശപ്രകാരം തൗസീഫിന്റെ അക്കൗണ്ട് ഉപയോഗപ്പെടുത്തി രഖേഷ് ബാങ്കില്‍നിന്നു പിന്‍വലിച്ച് അമര്‍രാജിന് കൈമാറിയതായും കണ്ടെത്തി. തുടര്‍ന്ന് തട്ടിപ്പുസംഘത്തില്‍ ഉള്‍പ്പെട്ട മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ മനാഫിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഗോപകുമാര്‍, നിയാസ്, നന്ദകുമാര്‍, എഎസ്‌ഐ അരുണ്‍കുമാര്‍, സിപിഒമാരായ അബ്ദുള്‍ ഹബീബ്, വൈശാഖ്, സോനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: Kollam Cyber Police Arrest Three in ₹1.75 Crore Share Trading Scam