പോലീസ് സ്റ്റേഷൻ വളപ്പിൽ UDF പ്രവർത്തകർക്ക് മർദനം; CPM ബ്രാഞ്ച് സെക്രട്ടറി അടക്കം 3 പേർ അറസ്റ്റിൽ

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍, മര്‍ദനമേറ്റയാള്‍ | Photo: Screen grab/ Mathrubhumi News
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍, മര്‍ദനമേറ്റയാള്‍ | Photo: Screen grab/ Mathrubhumi News

കൊല്ലം: കടയ്ക്കല്‍ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് സി.പി.എം. പ്രവര്‍ത്തകരുടെ മര്‍ദനം. സംഭവത്തില്‍ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റിലായി. രണ്ടുപേര്‍ ഒളിവിലാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തടയാന്‍ ശ്രമിച്ച പോലീസുകാരേയും കൈയ്യേറ്റംചെയ്യാന്‍ ശ്രമിച്ചു.

കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ വിജയാഹ്ലാദപ്രകടനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ഓലപ്പടക്കം പൊട്ടിച്ചു. ഇത് സി.പി.എം. പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ തര്‍ക്കമായി. ഇതേക്കുറിച്ച് പോലീസില്‍ പരാതിപ്പെടാനെത്തിയ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ സി.പി.എം. പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം മർദനം നടത്തിയ സംഘത്തിലുണ്ടായിരുന്നു. മരക്കമ്പും ക്രിക്കറ്റ് സ്റ്റംപുമുപയോഗിച്ചായിരുന്നു മര്‍ദനം. മൂന്നുപേര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അസഭ്യവര്‍ഷത്തോടെയായിരുന്നു പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ മര്‍ദനം.

സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സജീര്‍, പ്രവര്‍ത്തകരായ വൈശാഖ്, സഫീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ അക്ഷയ് മോഹന്‍, സച്ചിന്‍ എന്നിവരേയും സംഭവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്.

Content Highlights: Three including CPM branch secretary arrested in UDF- CPM clash in Police station premise