പരിപ്പുവടയിൽ ഉപ്പില്ലാത്തതിന് മർദനം എന്ന പ്രചാരണത്തിൽ ട്വിസ്റ്റ്; കൊല്ലത്തെ തല്ലിന് കാരണം മറ്റൊന്ന്

കൊല്ലം: രാവിലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ ഒന്നാണ് പരിപ്പുവടയിൽ ഉപ്പില്ലാത്തതിനാൽ ഹോട്ടൽ തല്ലിത്തകർത്തു എന്നത്. എന്നാൽ, വാർത്ത തള്ളിക്കൊണ്ട് പോലീസ് രംഗത്തെത്തി. ഗുണ്ടാസംഘങ്ങൾ വിവിധ കടകളിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നും പ്രശ്നം ഭക്ഷണത്തിന്റെ പേരിൽ ആയിരുന്നില്ലെന്നും പോലീസ് പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവമല്ലെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസമായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഗുണ്ടാസംഘം കുണ്ടറയിലെയും പെരുമ്പുഴയിലെയും ഹോട്ടലുകൾ അടിച്ചുതകർക്കുകയായിരുന്നു. ജീവനക്കാർക്കും കടയുടമയ്ക്കും മർദനമേറ്റു. വാഹനങ്ങൾ തകർത്തതായും പരാതിയിൽ പറയുന്നു.
രണ്ടിടത്തും ഒരേ ഗുണ്ടാസംഘം തന്നെയാണ് ആക്രമണം നടത്തിയത്. നേരത്തെ വിവിധ കേസുകളിൽ പ്രതിയായിട്ടുള്ള കൊള്ളി നിയാസും സുഹൃത്ത് ജാക്സണും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
പെരുമ്പുഴയിലെ ഹോട്ടലിൽ എണ്ണപ്പലഹാരം തയ്യാറാക്കിക്കൊണ്ടിരുന്ന ജീവനക്കാരനുനേരെ ആക്രമണം ഉണ്ടായി. പലഹാരം പുറത്തേക്കെറിഞ്ഞ് കട മുഴുവനായും തകർത്തു. ഇതിന് പിന്നാലെ, പരിപ്പുവടയിൽ ഉപ്പില്ലാത്തതിന്റെ പേരിൽ കട തല്ലിത്തകർത്തുവെന്ന തരത്തിൽ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇതിൽ വാസ്തവമില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
Content Highlights: Social media rumors claimed a Kollam hotel was attacked because parippuvada lacked salt., Police officially debunked the rumor, stating it was a premeditated attack by a notorious goonda gang., Accused identified as Kolli Niyas, Jackson, and their associates who targeted multiple shops in Kundara and Perumpuzha.