'ഞങ്ങളെക്കൂടി കൊന്നിട്ട് പോടാ', പോലീസ് വാഹനം വളഞ്ഞ് നാട്ടുകാര്‍, ചിരിച്ച് അജ്മൽ; അണപൊട്ടി പ്രതിഷേധം

ഡോ. ശ്രീക്കുട്ടിയും അജ്മലും | Photo: Special Arrangement/ Mathrubhumi
ഡോ. ശ്രീക്കുട്ടിയും അജ്മലും | Photo: Special Arrangement/ Mathrubhumi

ശാസ്താംകോട്ട(കൊല്ലം):മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികയായ പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോളെ കാര്‍കയറ്റിക്കൊന്ന കേസിലെ പ്രതികളെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഒന്നാം പ്രതി കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച തള്ളിയിരുന്നു.

വെള്ളിയാഴ്ച 11.20-നാണ് രണ്ട് പ്രതികളെയും ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയത്. കോടതിപരിസരം കുഞ്ഞുമോളുടെ ബന്ധുക്കളെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞിരുന്നു. അരമണിക്കൂറോളം വാദം തുടര്‍ന്നു. വിശദമായ അന്വേഷണത്തിന് മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ച കോടതി രണ്ടുദിവസം അനുവദിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ കസ്റ്റഡിയില്‍ വിട്ട് മജിസ്ട്രേറ്റ് ആര്‍.നവിന്‍ ഉത്തരവായി.

തുടര്‍ന്ന് ഇരുവരെയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പരിശോധന പൂര്‍ത്തിയാക്കി ആശുപത്രിയില്‍നിന്ന് ഇറങ്ങിയപ്പോള്‍ ചില യുവാക്കള്‍ അജ്മലിനുനേരേ പാഞ്ഞടുക്കാന്‍ ശ്രമിച്ചു. പോലീസ് സമയോചിതമായി ഇടപെട്ടതോടെ രംഗം ശാന്തമായി.

ഒരുമണിക്കൂര്‍കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തിരുവോണദിവസം വൈകീട്ടാണ് അമിതവേഗത്തില്‍ ദിശതെറ്റിവന്ന, അജ്മല്‍ ഓടിച്ച കാര്‍ കുഞ്ഞുമോള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്. നിലത്തുവീണ അവരുടെ ദേഹത്തുകൂടി രണ്ടുതവണ കാര്‍ കയറ്റിയതാണ് മരണത്തിനിടയാക്കിയത്.

ആനൂര്‍ക്കാവില്‍ പ്രതിഷേധമിരമ്പി: പ്രതികളെ വാഹനത്തില്‍നിന്ന് ഇറക്കാനായില്ല

ശാസ്താംകോട്ട: നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടിയതോടെ മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോളെ കാര്‍കയറ്റി കൊന്ന കേസിലെ പ്രതികളുമായുള്ള പോലീസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. രണ്ടുതവണ പോലീസ് വാഹനത്തില്‍ പ്രതികളുമായി സംഭവസ്ഥലമായ ആനൂര്‍ക്കാവിലെത്തിച്ചെങ്കിലും പ്രതിഷേധം കാരണം പ്രതികളെ പുറത്തിറക്കാന്‍പോലും കഴിഞ്ഞില്ല.

മിനിറ്റുകള്‍ മാത്രമാണ് കാര്‍ സംഭവസ്ഥലത്ത് നിര്‍ത്തിയത്. അപ്പോഴേക്കും സ്ത്രീകളടക്കം നൂറുകണക്കിനുപേര്‍ വാഹനം വളഞ്ഞു. പോലീസ് ഏറെ പണിപ്പെട്ട് പ്രതിഷേധക്കാരെ മാറ്റി ഒരുതരത്തില്‍ പ്രതികളുമായി പോകുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതികളായ അജ്മല്‍, ഡോ. ശ്രീക്കുട്ടി എന്നിവരെ ശാസ്താംകോട്ട കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

പ്രതികളുമായി തെളിവെടുപ്പിനെത്തുന്നതും കാത്ത് ആനൂർക്കാവിൽ എത്തിയ ജനം

പ്രതികളുമായി തെളിവെടുപ്പിന് ആനൂര്‍ക്കാവിലെത്തുമെന്ന് വിവരം ലഭിച്ചതോടെ നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും കുഞ്ഞുമോളുടെ മക്കളായ സൂഫിയയും അല്‍ഫിയയും ബന്ധുക്കളുമടക്കം ഉച്ചയോടെ തടിച്ചുകൂടിയിരുന്നു. മൂന്നരയോടെ ശാസ്താംകോട്ട എസ്.എച്ച്.ഒ. ആര്‍.രാജേഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹത്തോടെ പ്രതികളുമായി ആനൂര്‍ക്കാവിലെത്തി.

വാഹനം നിര്‍ത്തിയതോടെ ജനം വളഞ്ഞു. രോഷം അണപൊട്ടി. 'ഞങ്ങളെക്കൂടി കൊന്നിട്ടുപോടാ ,എന്ന് മക്കള്‍ ഉച്ചത്തില്‍ നിലവിളിച്ച് പറഞ്ഞതോടെ തീവ്രത കൂടി. ഗത്യന്തരമില്ലാതെ പ്രതികളുമായി മിനിറ്റുകള്‍ക്കകം മടക്കം. ആളുകള്‍ പിരിഞ്ഞുകാണുമെന്നു കരുതി നാലോടെ വീണ്ടും എത്തിയെങ്കിലും പ്രതിഷേധം കനത്തതോടെ കരുനാഗപ്പള്ളി ഭാഗത്തേക്ക് മടങ്ങുകയായിരുന്നു. വാഹനത്തിലിരുന്ന് അജ്മല്‍ ചിരിച്ചതാണ് പ്രതിഷേധം കനക്കാന്‍ കാരണമായതെന്നാണ് പറയുന്നത്. പ്രതികള്‍ തങ്ങിയ കരുനാഗപ്പള്ളിയിലെ ഹോട്ടലുകളിലും ചില വീടുകളിലും പിന്നീട് തെളിവെടുപ്പ് നടത്തി.

Content Highlights: kollam hit and run case police evidence taking with accused dr sreekutty and ajmal