റോഡിലെ ക്രൂരത; നിര്‍ണായകമായി ആ മൊഴി, അജ്മലിനെതിരേ നരഹത്യാക്കുറ്റം, ഡോ. ശ്രീക്കുട്ടിയും പ്രതി

ഡോ. ശ്രീക്കുട്ടിയും അജ്മലും | Photo: Special Arrangement/ Mathrubhumi
ഡോ. ശ്രീക്കുട്ടിയും അജ്മലും | Photo: Special Arrangement/ Mathrubhumi

കൊല്ലം:  സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ കാറോടിച്ചിരുന്ന അജ്മലിന്റെ സുഹൃത്തായ വനിതാ ഡോക്ടര്‍ക്കെതിരേയും പോലീസ് കേസെടുത്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീക്കുട്ടി(27)ക്കെതിരേയാണ് ശാസ്താംകോട്ട പോലീസ് പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. സംഭവത്തിൽ അജ്മലിൻ്റെയും വനിതാ ഡോക്ടറുടെയും അറസ്റ്റ് രേഖപ്പെടുത്തി. വൈകീട്ടോടെ  അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. രണ്ടുപേരും നിലവില്‍ ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിലാണ്. 

കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മലിനെതിരേ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള അജ്മല്‍ നേരത്തെ അഞ്ച് കേസുകളില്‍ പ്രതിയാണ്. ചന്ദനക്കടത്ത്, തട്ടിപ്പുകേസുകളിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്. 

സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ടശേഷം കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോട് ആവശ്യപ്പെട്ടത് ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് വനിതാ ഡോക്ടര്‍ക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്. പരിശോധനയ്ക്കായി ഡോക്ടറുടെ രക്തസാമ്പിളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ശ്രീക്കുട്ടിയെ ജോലിചെയ്തിരുന്ന കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. 

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം വൈകീട്ട് 5.30-ഓടെയായിരുന്നു അതിദാരുണമായ സംഭവം. അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് വീണ സ്ത്രീകളിലൊരാളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. 

പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോള്‍ (47) ആണ് ദാരുണമായ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി 10.30-ഓടെയാണ് മരിച്ചത്. അപകടത്തില്‍ കുഞ്ഞുമോള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരി ഫൗസിയ(30)ക്കും പരിക്കേറ്റു. 

കടയില്‍നിന്ന് സാധനം വാങ്ങി സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് കുഞ്ഞുമോളെയും സഹോദരിയെയും അമിതവേഗതയില്‍ കരുനാഗപ്പള്ളി ഭാഗത്തുനിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദ്യം കാറിന് മുകളിലേക്കും പിന്നാലെ റോഡിലേക്കും വീണ കുഞ്ഞുമോളുടെ നെഞ്ചിലൂടെ പിന്നീട് കാര്‍ കയറ്റിയിറക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ കാര്‍ മുന്നോട്ടെടുക്കരുത് എന്ന് ഉറക്കെ പറഞ്ഞിട്ടും കാര്‍ മുന്നോട്ടെടുക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും കുഞ്ഞുമോളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് നൗഷാദിനൊപ്പം വീടിനടുത്ത് സ്റ്റേഷനറി കട നടത്തുകയാണ് കുഞ്ഞുമോള്‍.

കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ കരുനാഗപ്പള്ളി കോടതിമുക്കില്‍ കാര്‍ നിര്‍ത്തി ഇയാള്‍ രക്ഷപ്പെട്ടിരുന്നു.  ഒളിവില്‍പോയ അജ്മലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പോലീസ് പിടികൂടി. രക്ഷപ്പെടുന്നതിനിടെ മറ്റുചില വാഹനങ്ങളിലും പ്രതി സഞ്ചരിച്ച കാര്‍ ഇടിച്ചതായാണ് വിവരം. 


 

Content Highlights: kollam hit and run case police arrested ajmal and dr sreekutty