കാർ കയറ്റിയിറക്കാൻ പറഞ്ഞിട്ടില്ല, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു;അജ്മലിനെതിരേ ശ്രീക്കുട്ടിയുടെ മൊഴി

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതി അജ്മലിനെതിരേ കൂട്ടുപ്രതി ഡോ. ശ്രീക്കുട്ടിയുടെ മൊഴി. സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചതാണെന്നുമാണ് ശ്രീക്കുട്ടി പോലീസിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞത്. തന്റെ സ്വര്‍ണാഭരണങ്ങളും പണവും അജ്മല്‍ കൈക്കലാക്കിയെന്നും ശ്രീക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം യാത്രക്കാരി കാറിനടിയില്‍ കുടുങ്ങിയതായി തനിക്ക് അറിയില്ലായിരുന്നു. കാര്‍ മുന്നോട്ടെടുക്കാനും അജ്മലിനോട് ആവശ്യപ്പെട്ടിട്ടില്ല. താന്‍ കാര്‍ മുന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടു എന്നത് അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രമാണ്.
ആറുമാസത്തിനിടെ തന്റെ സ്വര്‍ണാഭരണങ്ങളും 20 ലക്ഷത്തോളം രൂപയും അജ്മല്‍ കൈക്കലാക്കിയിരുന്നു. ഇത് തിരികെവാങ്ങാനായാണ് അജ്മലിനൊപ്പംനിന്നത്. ഇതിനിടെ ഇയാള്‍ പലതവണ നിര്‍ബന്ധിച്ച് ലഹരി നല്‍കി. ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചു. അപകടത്തില്‍ തന്റെ ഭാഗത്തുനിന്ന് ഒരു കുറ്റവും സംഭവിച്ചിട്ടില്ല. സംഭവദിവസം സുഹൃത്തിന്റെ വീട്ടില്‍വെച്ച് അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നും ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞു.
മൈനാഗപ്പള്ളി അപകടത്തില്‍ പ്രതികളായ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും രണ്ടുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍വിട്ടത്. തുടര്‍ന്ന് പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ശാസ്താംകോട്ട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ശനിയാഴ്ചയും ഇരുവരെയും ചോദ്യംചെയ്യും. കഴിഞ്ഞദിവസം ആനൂര്‍ക്കാവിലെ അപകടസ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോയെങ്കിലും ജനരോഷം കാരണം പ്രതികളെ പോലീസ് വാഹനത്തില്‍നിന്ന് പുറത്തിറക്കാന്‍പോലും കഴിഞ്ഞില്ല. അതിനിടെ, ഇരുവരും താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടല്‍മുറിയിലും ചില വീടുകളിലും തെളിവെടുപ്പ് നടത്തി. ഹോട്ടല്‍മുറിയിലെ തെളിവെടുപ്പില്‍ മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന പ്രത്യേക ട്യൂബും പോലീസ് കണ്ടെടുത്തിരുന്നു.
Content Highlights: kollam hit and run case dr sreekutty statement against ajmal