ശ്രീക്കുട്ടി പിൻസീറ്റിൽ, ഒരു പ്രേരണയും നല്‍കിയില്ലെന്ന് പ്രതിഭാഗം; എതിർത്ത് പ്രോസിക്യൂഷൻ, വിധി നാളെ

ഡോ. ശ്രീക്കുട്ടിയും അജ്മലും | Photo: Special Arrangement/ Mathrubhumi
ഡോ. ശ്രീക്കുട്ടിയും അജ്മലും | Photo: Special Arrangement/ Mathrubhumi

കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം വൈകീട്ട് സ്‌കൂട്ടര്‍യാത്രിക പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോളെ (47) കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി.ഗോപകുമാര്‍ തിങ്കളാഴ്ച വിധി പറയും. കോടതി ആവശ്യപ്പെട്ട പ്രകാരം ശനിയാഴ്ച പോലീസ് കേസ് ഡയറി ഹാജരാക്കി.

നരഹത്യക്കുറ്റം ശ്രീക്കുട്ടിക്ക് എതിരേ നിലനില്‍ക്കുന്നതല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു തരത്തിലുമുള്ള പ്രേരണയും നല്‍കിയിട്ടില്ലെന്നും ഒന്നാംപ്രതി അജ്മല്‍ സ്വയം കാര്‍ മുന്നോട്ടെടുത്തതാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രതികള്‍ മദ്യപിച്ചതിന്റെ വൈദ്യപരിശോധന റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. അപകടത്തെ രണ്ടായി കാണണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ആദ്യത്തേത് വാഹനാപകടമാണ്. എന്നാല്‍, അതിനുശേഷം കാര്‍ ശക്തിയായി മുന്നോട്ടെടുത്തതാണ് കുഞ്ഞുമോള്‍ മരിക്കാന്‍ കാരണം. ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാര്‍ മുന്നോട്ടെടുത്തെതെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

കുഞ്ഞുമോളുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് ജാമ്യഹര്‍ജിയെ എതിര്‍ക്കാന്‍ അനുമതി ലഭിച്ച അഭിഭാഷകരായ അനൂബ് കെ.ബഷീറും സുരേഷ് കണിച്ചേരിയും ഹാജരായി. ശ്രീക്കുട്ടി ഒരു ഡോക്ടര്‍കൂടിയായതിനാല്‍ കാര്‍ നിര്‍ത്തിയ സമയം പുറത്തിറങ്ങി പ്രാഥമിക ശുശ്രൂഷ നല്‍കുകയോ ആംബുലന്‍സ് വിളിപ്പിച്ച് കുഞ്ഞുമോളെ ആശുപത്രിയില്‍ എത്തിക്കുകയോ വേണമായിരുന്നെന്ന് കുഞ്ഞുമോളുടെ അഭിഭാഷകര്‍ വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.നിയാസും ശ്രീക്കുട്ടിക്കുവേണ്ടി സി.സജീന്ദ്രകുമാറും ഹാജരായി. ഇടക്കുളങ്ങര പുന്തല തെക്കതില്‍ മുഹമ്മദ് അജ്മല്‍ (29) ആണ് ഒന്നാംപ്രതി. അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Content Highlights: kollam hit and run case dr sreekutty bail plea