5 സ്ഫോടനങ്ങൾക്കും സമാനസ്വഭാവമെന്ന് പ്രതിഭ ഉറപ്പിച്ചു പറഞ്ഞു; തീവ്രവാദ പ്രവർത്തനം തന്നെയെന്ന് കോടതി

ഒന്നാംപ്രതി അബ്ബാസ് അലി, രണ്ടാംപ്രതി ഷംസൂൺ കരിംരാജ, മൂന്നാംപ്രതി ദാവൂദ് സുലൈമാൻ എന്നിവരെ കോടതിയിലെത്തിച്ചപ്പോൾ, പ്രതിഭ അംബേദ്കര്‍ | Photo: Mathrubhumi
ഒന്നാംപ്രതി അബ്ബാസ് അലി, രണ്ടാംപ്രതി ഷംസൂൺ കരിംരാജ, മൂന്നാംപ്രതി ദാവൂദ് സുലൈമാൻ എന്നിവരെ കോടതിയിലെത്തിച്ചപ്പോൾ, പ്രതിഭ അംബേദ്കര്‍ | Photo: Mathrubhumi

കൊല്ലം: ബേസ്‌മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന അഞ്ച്‌ ബോംബ് സ്ഫോടനങ്ങളും സമാനസ്വഭാവമുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ പ്രതിഭ അംബേദ്കർ മൊഴിനൽകിയിരുന്നു. മൈസൂരുവിൽ നടന്ന ബോംബ് സ്ഫോടനം അന്വേഷിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത് എൻ.ഐ.എ. ഉദ്യോഗസ്ഥയായ പ്രതിഭയായിരുന്നു.

പ്രതികളെ അവർ കോടതിയിൽ തിരിച്ചറിഞ്ഞു. പ്രതികളിൽനിന്ന് പിടിച്ചെടുത്ത പത്തോളം ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ മഹസറും തിരിച്ചറിഞ്ഞു. 2016 ഓഗസ്റ്റ് ഒന്നിനായിരുന്നു മൈസൂരുവിലെ സ്ഫോടനം. പ്രതിഭ ഇപ്പോൾ ഡൽഹിയിൽ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. 2007 ഐ.പി.എസ്.ബാച്ചിലെ അംഗമാണ്. യു.പി.യിലെ മൊറാദബാദ് സ്വദേശിയായ ഇവരുടെ അച്ഛൻ രാജ് ബഹദൂർ മുൻപ്‌ കൊല്ലത്ത് പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊല്ലം കളക്ടറേറ്റ് പരിസരത്ത് ബോംബ് സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്വം അവകാശപ്പെട്ടുകൊണ്ട് ബേസ്‌മൂവ്മെന്റ് എന്ന സംഘടനയുടെ പേരിൽ പോലീസിൽ സന്ദേശം ലഭിച്ചിരുന്നു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് ഫോണിൽ സന്ദേശം ലഭിച്ചത്. ഇതുസംബന്ധിച്ച് അവിടെ കേസെടുത്തിരുന്നതായി എസ്.ഐ. വിജയശങ്കർ കോടതിയിലെത്തി മൊഴിനൽകിയിരുന്നു.

പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോകളും വിചാരണവേളയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രദർശിപ്പിച്ചു. തിരുവനന്തപുരം സിഡാക്കിലെ സൈബർ ഫൊറൻസിക് ഓഫീസർ നബീൽ കോയയെ സാക്ഷിയായി വിസ്തരിക്കുമ്പോഴായിരുന്നു ഇത്. പ്രതികൾ ഉൾപ്പെട്ട അഞ്ച് സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് എൻ.ഐ.എ. പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ തിരുവനന്തപുരം സിഡാക്കിൽ അയച്ചു പരിശോധിച്ചിരുന്നു. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടെ 16 രേഖകൾ കോടതിയിൽ പ്രോസിക്യൂഷൻ തെളിവിലേക്ക് അടയാളപ്പെടുത്തി.

വിവിധ സ്ഫോടനങ്ങളെ സംബന്ധിച്ച് എറണാകുളം പോലീസ് കമ്മിഷണർക്ക്് മൊബൈൽ ഫോണിൽ അയച്ച വീഡിയോയും കൊല്ലം കോടതി പരിസരത്ത് േബാംബ് സ്ഫോടനം നടത്തുന്നതിനുമുൻപ് രണ്ടാം പ്രതി കളക്ടറേറ്റിൽ വന്ന് പകർത്തിയ വീഡിയോയിൽ ഉള്ള ദൃശ്യവും നബീൽ കോയ കോടതിയിൽ പ്രദർശിപ്പിച്ചു.

തീവ്രവാദപ്രവർത്തനം തന്നെ- കോടതി

കൊല്ലത്തു നടന്ന സ്ഫോടനം തീവ്രവാദപ്രവർത്തനമാണെന്നതിൽ സംശയമില്ലെന്ന് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു. കൊല്ലം കോടതിവളപ്പിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നതായും സ്ഫോടനം നടത്തിയതായും സംശയാതീതമായി തെളിയിക്കപ്പെട്ടു. സ്ഫോടനം, മനുഷ്യരുടെ മരണത്തിനും ഒന്നരക്കിലോമീറ്റർ ചുറ്റളവിൽ വസ്തുക്കൾ നശിപ്പിക്കുന്നതിനുംവരെ ഇടയാക്കുന്നതായിരുന്നു. വിദഗ്ധ തെളിവുകളനുസരിച്ച്, സ്ഫോടകവസ്തു പരിക്കേറ്റയാളിന്റെ പ്രധാന ശരീരഭാഗങ്ങളിൽ തറച്ചിരുന്നെങ്കിൽ മരണം സംഭവിക്കുമായിരുന്നു. അതിനാൽ സ്ഫോടനം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്‌ഷൻ 15 പ്രകാരം നിർവചിച്ചിരിക്കുന്ന തീവ്രവാദ പ്രവർത്തനമാണെന്നതിൽ സംശയമില്ല.

സ്ഫോടനത്തിന് മണിക്കൂറുകൾക്കുമുൻപ്‌ രണ്ടാംപ്രതി കോടതിവളപ്പിലൂടെ നീങ്ങിയിരുന്നെന്ന് സാക്ഷിമൊഴിയിലൂടെ തെളിയിക്കപ്പെട്ടു. ബേസ് മൂവ്‌മെൻറിനെക്കുറിച്ചുള്ള വിവരങ്ങളും വിവിധ കോടതികളിലെ സ്ഫോടനങ്ങളെക്കുറിച്ചുള്ള ഭീഷണിസന്ദേശങ്ങളും വീഡിയോകളും ഇയാളുടെ ഇലക്‌ട്രോണിക് ഉപകരണങ്ങളിൽനിന്ന് കണ്ടെടുത്തു. സ്ഫോടന തീയതിക്കുമുൻപ്‌ കൊല്ലം കോടതിപരിസരത്തും കളക്ടറേറ്റിലുമുള്ള പ്രമുഖസ്ഥലങ്ങൾ ഉൾക്കൊള്ളുന്ന മറ്റൊരു വീഡിയോയും ഇയാളുടെ ഫോണിൽനിന്ന് കണ്ടെടുത്തു. സ്ഫോടനം നടന്ന സ്ഥലം ഇയാൾ പോലീസിന് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന മഹസറുകൾ തെളിവ് നിയമത്തിലെ സെക്‌ഷൻ എട്ട് പ്രകാരം സ്വീകാര്യമാണ്. ഈ സാഹചര്യങ്ങളെല്ലാം ഒരുശൃംഖലയായി കണക്കാക്കുമ്പോഴത്തെ അനുമാനം, കൊല്ലം കോടതിവളപ്പിൽ പാർക്ക് ചെയ്തിരുന ജീപ്പിൽ രണ്ടാംപ്രതി സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നതാണ്. ബേസ് മൂവ്‌മെൻറിന്റെ പ്രവർത്തനങ്ങൾ തീവ്രവാദപ്രവർത്തനത്തിെൻറ നിർവചനത്തിൽ വരുന്നുണ്ടെന്ന് ഡിജിറ്റൽ തെളിവുകളിൽനിന്ന് സ്ഥിരീകരിക്കപ്പെടുന്നു. ഒന്നുമുതൽ മൂന്നുവരെ പ്രതികൾ 'ബേസ് മൂവ്‌മെൻറ്' എന്ന ഭീകരസംഘത്തിലെ അംഗങ്ങളായിരുന്നെന്നും അവർ യു.എ.പി.എ. യുടെ 20-ാം വകുപ്പ് പ്രകാരം കുറ്റം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി.

'അഭിമാനം'

രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു കുറ്റകൃത്യത്തെപ്പറ്റി അന്വേഷിക്കാനും തെളിവുകൾ ശേഖരിച്ച് കോടതി മുൻപാകെയെത്തിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബോംബ് സ്ഫോടനകേസ് അന്വേഷിച്ച റിട്ട. എ.സി.പി. ജോർജ് കോശി പറഞ്ഞു. വിധി പറയുന്നത് കേൾക്കാൻ അദ്ദേഹം കോടതിയിലെത്തിയിരുന്നു.

പ്രതികൾക്കെതിരേ മൈസൂരു സ്ഫോടനകേസിൽ എൻ.ഐ.എ. ശേഖരിച്ച തെളിവുകളും ഇവിടെനിന്നു ശേഖരിച്ച തെളിവുകളും ബന്ധപ്പെടുത്താൻ കഴിഞ്ഞത് നിർണായകമായെന്നു കരുതുന്നു. സ്ഫോടനത്തിനുമുൻപ്‌ പ്രതി ഇവിടെനിന്നെടുത്ത ദൃശ്യങ്ങളും മൊബൈൽ റീചാർജ് ചെയ്ത തെളിവുകളും സംരക്ഷിത സാക്ഷിയുടെ മൊഴിയുമെല്ലാം നിർണായകമായി. ഇവയെല്ലാം കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന്റെ സഹകരണവും വലുതായിരുന്നു. അഞ്ച് സ്ഫോടനങ്ങളാണ് ഇവർ ചെയ്തത്, നെക്സ്റ്റ് ഗോൾ എന്നൊരു മെസേജും ഉണ്ടായിരുന്നു. അതിനർഥം ഇനിയും സ്ഫോടനത്തിന് പദ്ധതിയിട്ടെന്നാണ്. പ്രതികൾ പിടിയിലായതും ഇപ്പോൾ ഇത്തരം ശിക്ഷ ലഭിച്ചതും കുറ്റകൃത്യം ആവർത്തിക്കാതിരിക്കാൻ സഹായകമായെന്നും കരുതാം-അദ്ദേഹം പറഞ്ഞു.

'സംതൃപ്തി'

പ്രോസിക്യൂഷൻ ഉന്നയിച്ച എല്ലാ വാദങ്ങളും അംഗീകരിച്ച് പരമാവധി ശിക്ഷ നൽകിയ വിധിയിൽ പൂർണസംതൃപ്തിയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സേതുനാഥ് പറഞ്ഞു. നിയമവിരുദ്ധപ്രവർത്തന നിരോധനനിയമം ചുമത്തിയത് അംഗീകരിച്ചെന്നതാണ് ഇതിൽ സുപ്രധാനം. 307-ാം വകുപ്പുപ്രകാരം പത്തുവർഷത്തെ തടവും വിധിച്ചിട്ടുണ്ട്. വെറുതേവിട്ട നാലാം പ്രതിക്കെതിരേ അപ്പീൽ പോകുന്നതു സംബന്ധിച്ച്‌ പോലീസുമായി ആലോചിച്ച് തീരുമാനിക്കും.

ബെംഗളൂരു ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കുന്നത് ഈ കോടതിയുടെ അധികാരപരിധിയിൽ അല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിന്‌ ബെംഗളൂരു കോടതിയിൽനിന്ന്‌ പ്രൊഡക്‌ഷൻ വാറന്റ് ഹാജരാക്കിയുള്ള നടപടിക്രമങ്ങൾ ആവശ്യമാണ്‌. അഭിഭാഷകനുമായി ആലോചിച്ചു ചെയ്യേണ്ട കാര്യമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, കേസ് വിചാരണയ്ക്കിടെ കോടതിയുടെ ജനൽച്ചില്ലുകൾ തകർത്ത സംഭവത്തിൽ പൊതുമുതൽ നശിപ്പിച്ച കുറ്റത്തിനുള്ള കേസും ഇവിടെ നിലവിലുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ എ.സി.പി. ജോര്‍ജ് കോശിയും പബ്ലിക് പ്രോസിക്യൂട്ടര്‍ സേതുനാഥനും പ്രോസിക്യൂഷന്‍ സഹായികളും സെല്‍ഫി എടുക്കുന്നു

വിധിപ്രസ്താവം കനത്ത സുരക്ഷയില്‍

കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ വിധി പ്രസ്താവിച്ച വ്യാഴാഴ്ച കൊല്ലത്ത് ഒരുക്കിയത് കനത്ത സുരക്ഷ. സിറ്റി പോലീസ് കമ്മിഷണർ ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ സംവിധാനങ്ങൾ.

ബോംബ് സ്ഫോടനക്കേസിലെ മൂന്ന് പ്രതികളുമായി തിരുവനന്തപുരത്തുനിന്നുള്ള പോലീസ് വാഹനം രാവിലെതന്നെ കൊല്ലത്തക്ക് പുറപ്പെട്ടിരുന്നു. ദ്രുതകർമസേനാംഗങ്ങളായ രണ്ടുപേർ വാഹനത്തെ അനുഗമിച്ചു. രാവിലെ പത്തുമണിക്ക് വാഹനം കൊല്ലത്ത് എത്തിയെങ്കിലും കേസ് ഉച്ചയ്ക്ക് ഒന്നരയ്ക്കേ കോടതി പരിഗണിക്കൂ എന്ന് അറിയിച്ചതിനെത്തുടർന്ന് വാഹനം കൊല്ലം എ.ആർ.ക്യാമ്പിൽ എത്തിച്ചു. അവിടെനിന്ന് ഭക്ഷണം നൽകിയശേഷം ഒന്നരയ്ക്കാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നത്. വിധി പ്രസ്താവത്തിനുശേഷം അഭിഭാഷകൻ പ്രതികളുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും കോടതിയുടെ അനുമതിയില്ലെന്ന് അറിയിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. വിധിപ്പകർപ്പും മറ്റ് രേഖകളും തയ്യാറാക്കാൻ കാലതാമസമുണ്ടാകുമെന്നതിനാൽ എ.സി.പി. എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ പ്രതികളെ കളക്ടറേറ്റിൽനിന്ന് വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വൈകുന്നേരത്തോടെയാണ് പ്രതികളെ തിരികെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയത്.

വ്യാഴാഴ്ച രാവിലെമുതൽ ആയുധധാരികളായ ദ്രുതകർമസേനാംഗങ്ങളെ കളക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. കളക്ടറുടെ ചേംബറിനും പ്രത്യേക കാവൽ ഏർപ്പെടുത്തി. സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളിൽനിന്നും എ.ആർ.ക്യാമ്പിൽനിന്നുമായി 80 പോലീസുകാരും ഉണ്ടായിരുന്നു. ഇവർ കളക്ടറേറ്റിന്റെ എല്ലാ നിലകളും നിരീക്ഷിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മഫ്തിയിലും ഉദ്യോഗസ്ഥരുണ്ടായിരുന്നു. വിധിപ്രസ്താവത്തിന് തൊട്ടുമുൻപ്‌ മുൻകരുതലെന്ന നിലയിൽ സിറ്റി പോലീസ് ബുധനാഴ്ച നഗരത്തിലെ ലോഡ്ജുകൾ, കൊല്ലം റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു.

രണ്ടാംപ്രതി ഷംസൂൺ കരീംരാജയ്ക്ക് നിയമവിരുദ്ധപ്രവർത്തന നിരോധനനിയമം-16 ബി പ്രകാരം ജീവപര്യന്തം തടവും 30,000 രൂപ പിഴയും. സെക്‌ഷൻ-18 പ്രകാരം ജീവപര്യന്തം തടവും 30,000 രൂപ പിഴയും. സെക്‌ഷൻ-20 പ്രകാരം ജീവപര്യന്തം തടവും 30,000 രൂപ പിഴയും. ഐ.പി.സി.-120 ബി പ്രകാരം പത്തുവർഷം കഠിനതടവും 30,000 രൂപ പിഴയും. 324 പ്രകാരം രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയും. ഐ.പി.സി-307 പ്രകാരം പത്തുവർഷം തടവും 30,000 രൂപ പിഴയും. 427 പ്രകാരം ഒരുവർഷം തടവും 5,000 രൂപ പിഴയും. എക്സ്പ്ലോസീവ്‌ ആക്ട് പ്രകാരം പത്തുവർഷം തടവും 30,000 രൂപ പിഴയും. പൊതുമുതൽ നശീകരണ നിരോധന നിയമപ്രകാരം ഒരുവർഷം തടവും 5,000 രൂപ പിഴയും. മൊത്തം രണ്ടുലക്ഷം രൂപ പിഴ. പിഴയൊടുക്കിയില്ലെങ്കിൽ 26 മാസംകൂടി തടവ്‌ അനുഭവിക്കണം.

ഒന്നാംപ്രതി അബ്ബാസ് അലിക്കും മൂന്നാംപ്രതി ദാവൂദ് സുലൈമാനും നിയമവിരുദ്ധപ്രവർത്തന നിരോധനനിയമം 18-ാം വകുപ്പുപ്രകാരം ജീവപര്യന്തം തടവും 30,000 രൂപവീതം പിഴയും. സെക്‌ഷൻ-20 പ്രകാരം ജീവപര്യന്തം തടവും 30,000 രൂപ പിഴയും. ഐ.പി.സി.-120 ബി പ്രകാരം പത്തുവർഷം കഠിനതടവും 30,000 രൂപ പിഴയും. സെക്‌ഷൻ-324 പ്രകാരം രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയും. 307 പ്രകാരം പത്തുവർഷം കഠിനതടവും 30,000 രൂപ പിഴയും. സെക്‌ഷൻ-427 പ്രകാരം ഒരുവർഷം കഠിനതടവും 5,000 രൂപ പിഴയും. എക്സ്പ്ലോസീവ്‌ ആക്ട്-120 ബി പ്രകാരം പത്തുവർഷം കഠിനതടവും 30,000 രൂപ പിഴയും. പൊതുമുതൽ നശീകരണ നിരോധന നിയമം-120 ബി പ്രകാരം ഒരുവർഷം തടവും 5,000 രൂപ പിഴയും. മൊത്തം 1,70,000 രൂപ പിഴ. പിഴയിൽനിന്ന്‌ 10,000 രൂപ സ്‌ഫോടനത്തിൽ പരിക്കേറ്റ നീരൊഴുക്കിൽ സാബുവിന് നഷ്ടപരിഹാരമായി നൽകണം.

ശിക്ഷാവിധി ഇങ്ങനെ

കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ നിയമവിരുദ്ധപ്രവർത്തന നിരോധനനിയമപ്രകാരമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഭീകരപ്രവർത്തനം, ഗൂഢാലോചന, ഭീകരസംഘടനയിലെ അംഗത്വം എന്നീ കുറ്റങ്ങളും തെളിഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വധശ്രമം, ആക്രമിച്ചു മുറിവേൽപ്പിക്കൽ, നാശനഷ്ടം വരുത്തൽ, ഗൂഢാലോചന, പൊതുമുതൽ നശിപ്പിക്കൽ, സ്‌ഫോടകവസ്തു നിയമം എന്നിവയാണ് തെളിഞ്ഞത്. ബോംബ് കൊണ്ടുവെച്ച രണ്ടാംപ്രതിക്ക് സ്‌ഫോടകവസ്തു നിയമപ്രകാരം ഒരു ജീവപര്യന്തം ശിക്ഷകൂടി അധികമായും ലഭിച്ചു.

അടുത്ത ദൗത്യത്തിലേക്ക്

ജി.ഗോപകുമാർ

രാജ്യം ഉറ്റുനോക്കിയ വിധി പ്രഖ്യാപിച്ചശേഷം ന്യായാധിപൻ അടുത്ത ദൗത്യത്തിലേക്ക്. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാർ ഹൈക്കോടതി രജിസ്ട്രാർ ആയി ചുമതലയേൽക്കുകയാണ്. വ്യാഴാഴ്ച കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിലെ വിധി പ്രഖ്യാപിച്ചശേഷമാണ് അദ്ദേഹം ഇവിടെനിന്നു യാത്രയാകുന്നത്. നിയമവിരുദ്ധപ്രവർത്തന നിയമപ്രകാരമുള്ള കുറ്റത്തിന് പരമാവധി ശിക്ഷ നൽകിയ വിധി ചരിത്രത്തിൽ സ്ഥാനംപിടിക്കും.

മുഹമ്മദ് അയൂബ് മാപ്പുസാക്ഷിയായി

കളക്ടറേറ്റ് സ്‌ഫോടനക്കേസിലെ അഞ്ചാം പ്രതിയായി ചേർക്കപ്പെട്ടിരുന്ന മുഹമ്മദ് അയൂബ് മൂന്നുദിവസത്തിനകംതന്നെ മാപ്പുസാക്ഷിയായി. കൊല്ലം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തി. ഇതോടുകൂടി മുഹമ്മദ് അയൂബിനെ കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ പോലീസിനോട് കാര്യമായി സഹകരിച്ചത് ഇയാൾ മാത്രമാണ്സ്‌ഫോടനപരമ്പരയിൽ മറ്റ് നാലുപ്രതികളുടെയും പങ്ക് വ്യക്തമാക്കുന്ന മൊഴിയാണ് ഇയാൾ കോടതിയിൽ നൽകിയത്.

അപ്പീൽപോകും
വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകരായ ഷാനവാസ് കുറ്റിച്ചലും ഉണ്ണി കൃഷ്ണമൂർത്തിയും പറഞ്ഞു. പ്രതികളുടെ ബന്ധുക്കളാരും വിധികേൾക്കാൻ വന്നിട്ടില്ല. ഒരു പ്രതിയുടെ സഹോദരിമാരാണ് കേസ് നടത്താൻ മുൻകൈയെടുക്കുന്നത്. അവർ ബന്ധപ്പെട്ടിരുന്നു. അപ്പീൽ നൽകണമെന്ന നിലപാടിലാണ്-ഷാനവാസ് പറഞ്ഞു.
• ഷാനവാസ് കുറ്റിച്ചൽ

Content Highlights: Three accused get life imprisonment in Kollam Collectorate bomb blast case