കൊല്‍ക്കത്ത കൂട്ടബലാത്സംഗം; പ്രതിയുടെ ഫോണില്‍ നിന്ന് വീഡിയോ കണ്ടെടുത്തു, ലഭിച്ചത് നിര്‍ണായക തെളിവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് കുറ്റകൃത്യത്തിന്റെ വീഡിയോ കണ്ടെടുത്തതായി പോലീസ്. ലഭിച്ച ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലൈംഗികാതിക്രമം പ്രതി ഫോണില്‍ പകര്‍ത്തിയിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പ്രതി ഈ ദൃശ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിട്ടിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം കേസ് അന്വേഷിക്കാന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അഞ്ചംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
യുവതിയുമായുള്ള മല്‍പ്പിടിത്തത്തിനിടെ പരിക്കേറ്റ പാടുകള്‍ ഉണ്ടോ എന്നറിയാന്‍ മൂന്ന് പ്രതികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.
സംഭവത്തില്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനും അറസ്റ്റിലായിരുന്നു. പിനാകി ബാനര്‍ജി എന്ന 55-കാരനാണ് അറസ്റ്റിലായിരിക്കുന്നത്. കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ബാനര്‍ജി. ചോദ്യംചെയ്യലില്‍ ഇയാളുടെ മറുപടികള്‍ പരസ്പരവിരുദ്ധമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് അയാള്‍ പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മനോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് നേരത്തേ അറസ്റ്റിലായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജൂലായ് ഒന്നുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Content Highlights: Kolkata police found a video of the gang rape of a 24-year-old woman on the accused`s phone