കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കൊടി സുനിയെ മാറ്റി

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ 11-ഓടെ കനത്ത സുരക്ഷയിലാണ് കൊണ്ടുപോയത്. അതിസുരക്ഷയുള്ള ഒന്നാം നിലയിലെ സി ബ്ളോക്കിൽ ഒറ്റയ്ക്കാണ് ഇനി പാർപ്പിക്കുക. ന്യൂമാഹി ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കായി ജനുവരി 29-നാണ് കൊടി സുനിയെ തവനൂർ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. ജൂലായ് 17-ന് ന്യൂമാഹി ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കായി തലശ്ശേരി കോടതിയിൽ കൊണ്ടുപോകുന്നതിനിടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിച്ചപ്പോൾ പാർക്കിങ് സ്ഥലത്ത് സഹതടവുകാരോടൊപ്പം മദ്യപിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാണ് ജയിൽ മാറ്റം. തവനൂർ ജയിലിൽ ന്യൂമാഹി ഇരട്ടക്കൊലക്കേസിലെ വിചാരണ ഓൺലൈനായി നടത്താൻ സൗകര്യമൊരുക്കും. കേസ് നടത്തിപ്പിനെ ഇത് ബാധിക്കില്ലെന്നും ജയിൽവകുപ്പ് അറിയിച്ചു.
കൊടി സുനിക്കും ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ മറ്റ് പ്രതികൾക്കും ജയിലിനകത്ത് ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും സഹായം ലഭിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ടി.പി. കേസ് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മാറ്റണമെന്ന് ജയിൽ സൂപ്രണ്ട് തന്നെ ആവശ്യപ്പെട്ടിരുന്നു. കൊടി സുനി നിരന്തരം ഫോൺ ഉപയോഗിക്കുന്നതായും ലഹരിവസ്തുക്കൾ ലഭിക്കുന്നതായും നേരത്തേ വാർത്തകൾ വന്നിരുന്നു.
ജയിലിനകത്തുനിന്ന് പുറത്തെ ലഹരിമരുന്ന് വില്പന നിയന്ത്രിക്കുന്നതായും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തുന്നതായും ജയിൽവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്.
Content Highlights: kodi suni shifted from kannur jail