സിനഗോഗിന് സമീപം തീയിട്ടു, ദൃശ്യങ്ങൾ ‘ബോസിന്’ അയച്ചു, ക്രിപ്റ്റോയിൽ പ്രതിഫലം; നാല് സ്ഥലങ്ങളിൽ സ്ഫോടനം നടത്താനും സന്ദേശം

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം ജൂത സിനഗോഗിന് സമീപത്തെ ബാനറുകളും, ഫ്ളക്സുകളും തീകൊളുത്തി നശിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പുത്തൻകുരിശ് വാദ്യംപടി കുന്നത്തുകാവലംകുഴി എബിൻ ബി. പോളി (32) നെയാണ് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന ചില രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.
തിങ്കളാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിനോട് ചേർന്നുള്ള നഴ്സറിയുടെ മുൻ ഭാഗത്ത് തീ കൊളുത്തിയത്.കാറിൽ വന്ന എബിൻ വാഹനം മാറ്റിയിട്ട് സിനഗോഗ് ലക്ഷ്യമാക്കി കൈയിലിരുന്ന പെട്രോൾ നിറച്ച കാനുമായി പോകുന്നതും, നഴ്സറിയിലേക്ക് പെട്രോൾ മുഴുവനായി ഒഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അകലേക്ക് മാറിനിന്ന് തീ എറിഞ്ഞ് കത്തിക്കുകയായിരുന്നു. ഇതെല്ലാം സ്വയം വീഡിയോയിൽ പകർത്തി. സംഭവശേഷം പ്രതി അവിടെനിന്നും കടന്നുകളഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ ലഭിച്ചതിനേത്തുടർന്ന് പോലീസ് പ്രതിയുടെ വീട് കണ്ടെത്തി പിടികൂടുകയായിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളതിന്റെ സൂചനകൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രതി 'ബോസ്' എന്ന് വിളിക്കുന്ന ഒരാൾ നൽകുന്ന ദൗത്യങ്ങൾ നിർവഹിക്കുകയാണ് ചെയ്യുന്നത്. ബോസിന്റെ യഥാർഥ പേര് വ്യക്തമല്ല. ഡൽഹി, ഉത്തർപ്രദേശ്, മുംബൈ, അമൃത്സർ എന്നീ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്തണമെന്ന് ബോസ് സന്ദേശം അയച്ചതായും പോലീസ് കണ്ടെത്തി. ചെയ്യുന്ന കുറ്റകൃത്യങ്ങൾ വീഡിയോയിൽ പകർത്തി ഇയാൾക്ക് അയച്ചുകൊടുത്ത് ഇതിന്റെ പ്രതിഫലം ക്രിപ്റ്റോ കറൻസിയായി കൈപ്പറ്റുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി ഇക്കാര്യങ്ങൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
മൂവാറ്റുപുഴയിൽ ഇതിനുമുൻപ് ഒരു യൂസ്ഡ് കാർ ഷോറൂമിലും ഇതേ രീതിയിൽ തീയിട്ടതായി എബിൻ സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പ്രതിയെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികളും എത്തിയിട്ടുണ്ട്.
സെൻട്രൽ പോലീസ് നൽകിയ വിവരമനുസരിച്ചാണ് പുത്തൻകുരിശ് പോലീസ് ഇയാൾ താമസിച്ചിരുന്ന വടയമ്പാടി പത്താംമൈലിലുള്ള വീട്ടിൽ പരിശോധന നടത്തി മയക്കുമരുന്നുകൾ പിടികൂടിയത്. 3.613 ഗ്രാം വെള്ള ഹെറോയിൻ, 2.736 ഗ്രാം ബ്രൗൺ ഹെറോയിൻ, 2.361 ഗ്രാം ഓക്സികോഡോൺ, 5.264 ഗ്രാം ഫെന്റനൈൽ, 20.171 ഗ്രാം ആൽപ്രാസോലം, 50.883 ഗ്രാം കെറ്റാമിൻ, 20.675 ഗ്രാം കെ-റോക്ക് എന്നിവയാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.
Content Highlights: Ebin B Paul (32) arrested by Ernakulam Central Police for setting fire near the Jewish Synagogue., Police suspect terror group connections and have recovered related documents., Drugs were seized during a raid at the accused's residence., CCTV footage captured the accused pouring petrol and starting the fire., Central agencies have joined the interrogation process.