‘ടെലഗ്രാമിലെ സന്ദേശം, വീഡിയോ എടുത്തതിൽ സംശയം; ഫോണിൽ നിരവധി ഗ്രൂപ്പുകൾ’; എബിൻ പോളിന്റെ 'ബോസ്' ആര്?

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം ജൂത സിനഗോഗിന് സമീപത്തെ ബാനറുകളും, ഫ്ളക്സുകളും തീകൊളുത്തി നശിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി നിരന്തരം മറ്റൊരാളുമായി ചാറ്റ് ചെയ്തിരുന്നുവെന്നും നിരവധി ഗ്രൂപ്പുകളിൽ ഇതേക്കുറിച്ച് സന്ദേശങ്ങൾ അയച്ചിരുന്നതായും കൊച്ചി ഡി.സി.പി. പറഞ്ഞു.
പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് വിശദ വിവരങ്ങൾ ലഭിച്ചത്. ടെലഗ്രാം വഴിയായിരുന്നു ഇയാൾ ആശയവിനിമയം നടത്തിയിരുന്നത്. ചില പ്രത്യേക ഗ്രൂപ്പുകളിൽ, ഈ സംഭവവുമായി ബന്ധപ്പെട്ട് മെസ്സേജുകളും അയച്ചിരുന്നു. ഇതൊക്കെ പരിശോധിച്ചു വരികയാണെന്ന് കൊച്ചി ഡി.സി.പി. അറിയിച്ചു.
എറണാകുളം മാർക്കറ്റിലെ കടവുഭാഗം ജൂത സിനഗോഗിന് സമീപത്തെ തീവെപ്പുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് വാദ്യംപടി കുന്നത്തുകാവലംകുഴി എബിൻ ബി. പോളി (32) നെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.
ഡി.സി.പിയുടെ വാക്കുകൾ: 12-ാം തീയതി പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. രാവിലെയാണ് വിവരം ലഭിക്കുന്നത്. സംശയം തോന്നിയതുകൊണ്ട് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്നാണ് യുവാവ് ക്യാൻ കൊണ്ടുവെച്ച് തീകൊളുത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. തീ കൊളുത്തിയശേഷം യുവാവ് വീഡിയോ ചിത്രീകരിക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഇത് സംശയമുണ്ടാക്കി. ഗൗരവകരമായിത്തന്നെ കണ്ട് പ്രതിയെ എത്രയും പെട്ടെന്ന് പിടിക്കാനാണ് പോലീസ് ശ്രമിച്ചത്. ഉച്ചയോടെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ സാധിച്ചു.
പ്രതിയുടെ ഫോൺ അടക്കം പരിശോധിച്ചു. പല ഗ്രൂപ്പുകളിൽ പ്രതി അംഗമാണ്. ചില പ്രത്യേക ഗ്രൂപ്പുകളിൽ ഈ സംഭവവുമായി ബന്ധപ്പെട്ട മെസ്സേജുകളും കാണാൻ സാധിച്ചു. അത് കുറച്ച് സംശയകരമായ കാര്യമാണ്. അതെക്കുറിച്ച് വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാകേന്ദ്രമാണ് ഈ സിനഗോഗ്. അതുകൊണ്ടുതന്നെ കേന്ദ്ര ഏജൻസികളും വിഷയത്തിൽ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.
മറ്റൊരാളുമായി ഇയാൾ ആശയവിനിമയം നടത്തിയിരുന്നു. അതാരാണ് എന്ന് പരിശോധിച്ചുവരുന്നു. മൊബൈൽ ഫോണുകളടക്കം ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂ. പ്രതി ബന്ധപ്പെടുന്നയാളുടെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. ടെലഗ്രാമിലെ ചാറ്റാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്- ഡി.സി.പി. മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും നടത്തുന്നുണ്ട്. ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വിവിധയിനം മയക്കുമരുന്നുകളും കണ്ടെടുത്തിട്ടുണ്ടെന്ന് കൊച്ചി ഡി.സി.പി. പറഞ്ഞു.
കാറിൽ വന്ന എബിൻ വാഹനം മാറ്റിയിട്ട് സിനഗോഗ് ലക്ഷ്യമാക്കി കൈയിലിരുന്ന പെട്രോൾ നിറച്ച കാനുമായി പോകുന്നതും, നഴ്സറിയിലേക്ക് പെട്രോൾ മുഴുവനായി ഒഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അകലേക്ക് മാറിനിന്ന് തീ എറിഞ്ഞ് കത്തിക്കുകയായിരുന്നു.
പ്രതി 'ബോസ്' എന്ന് വിളിക്കുന്ന ഒരാൾ നൽകുന്ന ദൗത്യങ്ങൾ നിർവഹിക്കുകയാണ് ചെയ്യുന്നത്. ബോസിന്റെ യഥാർഥ പേര് വ്യക്തമല്ല. ഡൽഹി, ഉത്തർപ്രദേശ്, മുംബൈ, അമൃത്സർ എന്നീ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്തണമെന്ന് ബോസ് സന്ദേശം അയച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാരാണ് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ചെയ്യുന്ന കുറ്റകൃത്യങ്ങൾ വീഡിയോയിൽ പകർത്തി ഇയാൾക്ക് അയച്ചുകൊടുത്ത് ഇതിന്റെ പ്രതിഫലം ക്രിപ്റ്റോ കറൻസിയായി കൈപ്പറ്റുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി ഇക്കാര്യങ്ങൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Content Highlights: Ebin B. Paul arrested for setting fire near the Jewish Synagogue in Ernakulam market., Accused filmed the crime and sent videos to a mysterious 'Boss' via Telegram., Received payment in cryptocurrency for executing assigned tasks., Drugs recovered from the suspect's house during police raid., Central agencies investigating potential terror links and planned blasts across major Indian cities.