റോഡിൽ കത്തി വീശിയത് ചോദ്യംചെയ്തു, യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി അര കിലോമീറ്ററോളം വലിച്ചിഴച്ചു

കൊച്ചി: റോഡിൽ കത്തിവീശിയത് ചോദ്യംചെയ്ത യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം. എറണാകുളം എസ്ആർഎം റോഡിലാണ് സംഭവം. യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി അര കിലോമീറ്ററോളം വലിച്ചിഴച്ചു. കാർ ഡ്രൈവർ ലഹരിക്കടിമയാണെന്ന് പോലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. കാറിൽവന്ന അഞ്ചുപേർ കത്തിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അടുത്തുള്ള ഹോസ്റ്റലിൽ വടിവാളും കത്തിയും വീശി പ്രശ്നങ്ങളുണ്ടാക്കി. കാറിൽ വേറെയും ആയുധങ്ങളുണ്ടായിരുന്നു.
പേടിച്ചുമാറിയ യുവാക്കളുടെ നേരെ അക്രമിസംഘം കാറോടിച്ചു. ഇതിനിടയിലാണ് ഒരാൾ ബോണറ്റിൽ പെട്ടുപോയത്. പിന്നീട് ഇയാൾ കൈവിട്ട് തെറിച്ച് വീഴുകയായിരുന്നു. യുവാവിന്റെ കൈകാലുകൾക്ക് പരിക്കുണ്ട്. നിലവിൽ ഒരാളെയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ കാറിൽനിന്ന് പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.
ഇവർ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്ന് നാട്ടുകാർ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് വൈകാതെയുണ്ടാവുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
Content Highlights: Youth Nearly Killed in Kochi Road Rage Incident