തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന MDMA മോഷ്ടിച്ചു; എറണാകുളത്ത് എസ്ഐക്ക് സസ്‌പെൻഷൻ

#എസ്. രാഗിന്‍ / മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ. അനസിനെതിരെയാണ് നടപടി. വിഷയം വലിയ വിവാദമായിരുന്നു. തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിൽ അനസ് ലഹരിവസ്തു എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്തതായാണ് പരിശോധനയിൽ കണ്ടെത്തിയത്. സംഭവത്തിൽ എസ്എച്ച്ഒ കമ്മീഷണർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.

എസ്.ഐ. അനസിനെതിരെയുള്ള നടപടി വൈകിയതായും ആരോപണമുയർന്നിരുന്നു. ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് അനസിന് കടമുള്ളതായും അതിന് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണോ ലഹരിവസ്തു എടുത്തതെന്നും സംശയമുണ്ട്.

ഇയാൾ ലഹരി ഉപയോഗിക്കുന്നയാളാണോ, അത്തരത്തിലുള്ള കണ്ണികളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ നടപടികളിലേക്ക് കടന്നേക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.