കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; ഭാര്യ കസ്റ്റഡിയിൽ, കൊലപാതകം ആക്രമണത്തിന് പിന്നാലെ

കൊച്ചി: ഒഡിഷ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. ഒഡിഷ ഗഞ്ചാം ജില്ല റുഗുമു സ്വദേശിയായ അജീത്ത നായിക് (31) -ന്റെ മൃതദേഹമാണ് ശനിയാഴ്ച പുലർച്ചെ 1.20-ന് പുതുക്കലവട്ടത്തിന് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇയാളുടെ ഭാര്യ റീന നായിക് (41) -നെ പോലീസ് കസ്റ്റഡിയിലെടുത്തു.
അജീത്ത നായിക്കിന്റെ ശരീരത്തിൽ തീവണ്ടി തട്ടിയിരുന്നില്ല. പുലർച്ചെ കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്തുള്ള റെയിൽവേ ട്രാക്കിൽ ഒരാൾ കിടക്കുന്നതായി ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വിവരം നൽകിയത്. തുടർന്ന് എളമക്കര പോലീസും ആർ.പി.എഫും സ്ഥലത്തെത്തി. ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയെ കസ്റ്റഡിയിലെടുത്തത്.
പോലീസ് പറയുന്നത്: പുതുക്കലവട്ടം റെയിൽവേ ട്രാക്കിന് സമീപം വാടകവീട്ടിലാണ് മരിച്ചയാളും ഭാര്യ റീന നായിക്കും താമസിച്ചിരുന്നത്. റീനയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിലുള്ള രണ്ട് പെൺകുട്ടികളും ഇവർക്കൊപ്പമായിരുന്നു.
വെള്ളിയാഴ്ച രാത്രി അമിതമായി മദ്യപിച്ചെത്തി അജീത്ത നായിക് ഭാര്യയെയും പ്രായപൂർത്തിയാകാത്ത ഇളയ കുട്ടിയെയും ഉപദ്രവിച്ചു. തുടർന്ന് ഭാര്യ ഇയാളെ ചവിട്ടിവീഴ്ത്തി. കഴുത്തിലും നെഞ്ചിലും ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയെന്നാണ് മൊഴി. തുടർന്ന് മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിൽ കൊണ്ടുപോയി ഉപേക്ഷിച്ചു.
ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരൂ. അജീത്ത നായിക്കിന്റെ കുണ്ടന്നൂരിലുള്ള ബന്ധു മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം ഒഡിഷയ്ക്ക് കൊണ്ടുപോകും.
Content Highlights: Odisha native Ajith Naik (31) found dead on railway tracks near Puthukalavattom, Kochi., Wife Reena Naik (41) taken into custody by Elamakkara police., Accused confessed to kicking and beating the husband to death following a domestic dispute over drunkenness., Body wrapped in a bedsheet and placed on tracks to make it look like an accident., Post-mortem report awaited to confirm exact cause of death.