500 രൂപ നല്‍കാമെന്നുപറഞ്ഞ് ലൈംഗികത്തൊഴിലാളിയെ സൗത്തിൽനിന്ന് കൊണ്ടുവന്നു, 2000 ചോദിച്ചതോടെ തര്‍ക്കം; അരുംകൊല

കൊച്ചി: തേവര കോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശിനിയായ 48-കാരിയാണെന്ന് തിരിച്ചറിഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്താണ് ഇവര്‍ താമസിച്ചിരുന്നത്. ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ 500 രൂപ നല്‍കാമെന്ന് പറഞ്ഞാണ് പ്രതിയായ ജോര്‍ജ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്നും എന്നാല്‍, മടങ്ങാന്‍നേരം സ്ത്രീ 2000 രൂപ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നും പോലീസ് പറഞ്ഞു. സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോന്തുരുത്തി പ്രതിഭ നഗര്‍ കൊടിയന്തറ കെ.കെ. ജോര്‍ജിനെ (61) കഴിഞ്ഞദിവസം പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. സൗത്ത് സ്റ്റേഷന്‍ പരിസരത്തുനിന്ന് സ്ത്രീയെ ജോര്‍ജ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നു. രാത്രി 12 മണിയോടെ ഇരുവരും തമ്മില്‍ പണത്തേച്ചൊല്ലി വഴക്കായെന്നും ഇതിന്റെ അരിശത്തിന് കൈയില്‍ കിട്ടിയ ഇരുമ്പുവടിയെടുത്ത് തലയ്ക്ക് അടിച്ചെന്നുമാണ് ജോര്‍ജ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
സ്ത്രീയുടെ തലയില്‍ അടിയേറ്റ ലക്ഷണമുണ്ട്. ശരീരത്തില്‍ പലയിടത്തും മുറിവുകളുമുണ്ട്. ചാക്കിലാക്കിയ മൃതദേഹം വീട്ടിനുള്ളില്‍നിന്ന് പുറത്തേക്ക് വലിച്ചുകൊണ്ടുപോകാനും ശ്രമം നടത്തി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി 10-മണിയോടെയാണ് 500 രൂപ നല്‍കാമെന്ന് പറഞ്ഞ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ ഓട്ടോറിക്ഷയില്‍ കോന്തുരുത്തിയിലെ വീട്ടിലെത്തിച്ചത്. ജോര്‍ജിന്റെ ഭാര്യ മകളുടെ കുട്ടിയുടെ പിറന്നാളാഘോഷിക്കാന്‍ അവരുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. 12-മണിയോടെ മടങ്ങാന്‍നേരം സ്ത്രീ 2,000 രൂപ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മദ്യപിച്ചിരുന്ന ജോര്‍ജ് വീട്ടില്‍ കിടന്ന കമ്പി ഉപയോഗിച്ച് രണ്ട് തവണ സ്ത്രീയുടെ തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് ഇവര്‍ മരിച്ചു. തുടര്‍ന്ന് ശനിയാഴ്ച വെളുപ്പിന് ജോര്‍ജ് വീട്ടില്‍നിന്ന് അര കിലോമീറ്റര്‍ അകലെ അപ്പം വില്‍ക്കുന്ന കടയില്‍ നിന്ന് പ്ലാസ്റ്റിക് ചാക്കുകള്‍ വാങ്ങിക്കൊണ്ട് വന്നു. മൃതദേഹം ചാക്കിനുള്ളിലാക്കി വീടിന് പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. പുറത്ത് എവിടെയങ്കെിലും കൊണ്ടുപോയി ഇടാനായിരുന്നു പദ്ധതി. വീടിന് പുറത്തേക്ക് മൃതദേഹം വലിച്ച് എത്തിച്ചതോടെ കുഴഞ്ഞുപോയ ജോര്‍ജ് അവിടെത്തന്നെ ഇരുന്ന് ഉറങ്ങിപ്പോയി.
ശനിയാഴ്ച രാവിലെ ഏഴോടെ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗം മണിയാണ് ചാക്കില്‍ കെട്ടിയ മൃതദേഹവും അതിനരികില്‍ ഇരുന്ന് ഉറങ്ങുന്ന ജോര്‍ജിനെയും കണ്ടത്. മണി ഡിവിഷന്‍ കൗണ്‍സിലര്‍ ബെന്‍സി ബെന്നിയെ അറിയിച്ചു. ബെന്‍സിയാണ് പോലീസിനെ അറിയിച്ചത്.
പോലീസെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് വീട് പരിശോധിച്ചപ്പോള്‍ രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിരലടയാള, ഫൊറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
മൃതദേഹം ചാക്കില്‍, അരികിലിരുന്ന് ഉറങ്ങി പ്രതി...
കൊച്ചി: റോഡില്‍നിന്ന് വീട്ടിലേക്കുള്ള ചെറിയ ഇടവഴിയില്‍ ഒരു സ്ത്രീയുടെ മൃതദേഹം പാതി ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കിടക്കുന്നു. സമീപത്തായി വീട്ടുകാരനായ ജോര്‍ജ് ഭിത്തിയില്‍ ചാരി ഉറങ്ങുന്നു. സംഭവം കണ്ട് ഞെട്ടിത്തരിച്ച ഹരിതകര്‍മസേനാംഗം മണി വിവരമറിയിച്ചതോടെയാണ് കോന്തുരുത്തിയെ നടുക്കിയ കൊലപാതകം പുറംലോകമറിയുന്നത്.
കോന്തുരുത്തി മേഖലയില്‍ മാലിന്യം ശേഖരിക്കാന്‍ വരുന്നയാളാണ് മണി. പുലര്‍ച്ചെ ആറുമണിയോടെ ഇവര്‍ ജോര്‍ജിന്റെ വീട്ടിലേക്ക് വരുമ്പോഴാണ് ഈ കാഴ്ച കണ്ടത്. മുഖം മറച്ചിരുന്നതുകൊണ്ട് ആളെ മനസ്സിലായില്ല. തന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഇതിനിടെ ജോര്‍ജ് പറഞ്ഞു. മൃതദേഹം ആരോ ഇവിടെ കൊണ്ടിട്ടുപോയതാണെന്നാണ് അപ്പോള്‍ ജോര്‍ജ് പറഞ്ഞതെന്നും മണി മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകത്തിനുശേഷം സ്ത്രീയുടെ തലയുടെ ഭാഗം ചാക്കുകൊണ്ട് മൂടി കാലില്‍ പിടിച്ചുവലിച്ച് ഇടവഴി വരെ എത്തിച്ചതോടെ തളര്‍ന്നുപോയ ജോര്‍ജ് അവിടെയിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. കൊല നടത്തിയപ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് ജോര്‍ജ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇത് പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. രാത്രി 12 മണിയോടെ കൊലപാതകം നടത്തിയ ജോര്‍ജ് മണിക്കൂറുകള്‍ക്കുശേഷമാണ് മൃതദേഹം ഒളിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. പിന്നെ ചാക്ക് അന്വേഷിക്കലായി. വെളുപ്പിന് നാലരയോടെ അര കിലോമീറ്ററിലധികം അകലെയുള്ള അപ്പം വില്‍ക്കുന്ന കടയില്‍ ചാക്ക് വാങ്ങാനെത്തിയതായി കട നടത്തുന്ന ടി.കെ. സന്തോഷ് പറയുന്നു.
''വെളുപ്പിന് ഒന്നരയോടെയാണ് അപ്പക്കട തുറക്കുക. വെള്ളയപ്പം കച്ചവടമാണ്. ഇതിനിടെ നാലരയോടെ ഒരാള്‍ കടയിലെത്തി. മുന്‍പ് ഒന്നുരണ്ടുതവണ കണ്ടുപരിചയമുണ്ട്. ആളുകള്‍ കടയില്‍നിന്നും അരിയും മറ്റും കൊണ്ടുവരുന്ന ചാക്ക് വാങ്ങാറുണ്ട്. വന്നയാള്‍ ഒരു ചാക്ക് വേണമെന്ന് പറഞ്ഞു, പിന്നെ ഒരെണ്ണം കൂടി ആവശ്യപ്പെട്ടു. 14 രൂപയാണ് രണ്ടുചാക്കിനും കൂടി വാങ്ങിയത്. ചാക്കുമായി ആള്‍ പോവുകയും ചെയ്തു. പിന്നെ രാവിലെ ഓര്‍ഡറുണ്ടായിരുന്ന അപ്പം നല്‍കി തിരികെ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്''-സന്തോഷ് പറയുന്നു. സന്തോഷിന്റെ ഭാര്യ ഷീലയും ഈ സമയം കടയിലുണ്ടായിരുന്നു.
15 വര്‍ഷമായി ജോര്‍ജ് താമസിക്കുന്ന വീടിന്റെ ഒരുഭാഗം മറുനാട്ടുകാരായ കുടുംബത്തിന് വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവര്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ സംഭവം കണ്ടിട്ടില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ സമീപവാസികളുടെയടക്കം മൊഴികള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഒരു ഫ്‌ലാറ്റിന്റെയും ഹോസ്റ്റലിന്റെയും ഇടയ്ക്ക് കഷ്ടിച്ച് ഒരു ബൈക്കിന് കടന്നുപോകാവുന്ന 20 മീറ്ററോളം നീളംവരുന്ന വഴിയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ളത്. ഇതിന്റെ പകുതി ദൂരം വരെ ഇയാള്‍ മൃതദേഹം വലിച്ചിഴച്ചു കൊണ്ടുവന്നിരുന്നു.
ആദ്യം കുറ്റം സമ്മതിക്കാതെ പ്രതി
മദ്യലഹരിയിലാണെന്ന് പറയുമ്പോഴും പ്രതി ജോര്‍ജ് ആദ്യം കുറ്റം സമ്മതിച്ചില്ല. മൃതദേഹം മറ്റാരോ കൊണ്ടുവന്നിട്ടതാണെന്നും ഇതുകണ്ട് താന്‍ തലകറങ്ങി ഇരുന്നുപോയതാണെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സാഹചര്യത്തെളിവുകളും നാട്ടുകാരുടെ മൊഴികളും ജോര്‍ജാണ് പ്രതിയെന്ന കാര്യം ഉറപ്പിച്ചിരുന്നു.
പുലര്‍ച്ചെ മൂന്നോടെ സമീപത്തെ വീടുകളില്‍ ജോര്‍ജ് ചാക്ക് അന്വേഷിച്ചെത്തിയിരുന്നു. വീടിനടുത്ത് ആരോ ചത്ത പട്ടിയെ ഉപേക്ഷിച്ചിട്ടുണ്ടെന്നും അതിനെ കൊണ്ടുപോയി കളയാനാണ് ചാക്കെന്നുമാണ് ജോര്‍ജ് പറഞ്ഞത്. പിന്നീട് ചാക്കുവാങ്ങിയ കാര്യം അപ്പക്കട നടത്തുന്ന സന്തോഷ് സ്ഥിരീകരിച്ചു. തന്റെ കൈയില്‍ നിന്നും വാങ്ങിയ ചാക്കിലാണ് മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതെന്നും സന്തോഷ് വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും ചോദ്യം ചെയ്തതോടെ ജോര്‍ജ് കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് ജോര്‍ജിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ ഫോണും പേഴ്സും ഇവിടെനിന്നും കിട്ടി. ഇതുവഴിയാണ് കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശിനിയാണെന്ന് പോലീസ് ഉറപ്പിച്ചത്.
Content Highlights: A 48-year-old woman from Palakkad was found murdered in Kochi. Police have arrested the accused, K.K. George, who confessed to the crime after a financial dispute.