ഒരുമിച്ച് മദ്യപാനം, ജെയ്‌സി അബോധാവസ്ഥയിലായതോടെ ഡംബല്‍കൊണ്ട് തലയ്ക്കടിച്ചു; യുവാവും യുവതിയും പിടിയിൽ

കൊച്ചി: കളമശ്ശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരിയായ ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കാക്കര സ്വദേശി ഗിരീഷ് ബാബു, ഇയാളുടെ സുഹൃത്തായ ഖദീജ എന്നിവരാണ് അറസ്റ്റിലായത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ജെയ്‌സിയുടെ സ്വര്‍ണവും പണവും കവരുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് ഗിരീഷ് ബാബു പോലീസിന് നല്‍കിയ മൊഴി. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായിരുന്നു കവര്‍ച്ചയ്ക്ക് പ്രതികള്‍ ശ്രമിച്ചത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്.
കൃത്യമായ ആസൂത്രണം ചെയ്താണ് പ്രതികള്‍ കൊലപാതകം നടപ്പിലാക്കിയത്. ജെയ്‌സിക്കൊപ്പം മദ്യപിച്ച ഗിരീഷ് ബാബു ജെയ്‌സി അബോധാവസ്ഥയിലായതോടെ ഡംബല്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജെയ്‌സിയുടെ സ്വര്‍ണവളകളും മാലയും കവര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
നവംബര്‍ 17-നാണ് ജെയ്സിയെ അപ്പാര്‍ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിക്കുന്നത്. ജെയ്സിയും ഗിരീഷ് കുമാറും സുഹൃത്തുക്കളായിരുന്നു. ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനാണ് ഇയാള്‍.
Content Highlights: kochi kalamassery jersey murder case two accused arrested