'കൂടെനടന്ന് ചതിച്ചവരുടെ എണ്ണം കൂടിവരികയാണ്'; എഫ്.ബി. പോസ്റ്റുമായി അഞ്ജലി റീമാദേവ്

Photo:facebook.com/AnjaliReemadev
Photo:facebook.com/AnjaliReemadev

കോഴിക്കോട്: കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ പോലീസ് കുറ്റപത്രം നല്‍കാനിരിക്കെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പ്രതി അഞ്ജലി റീമാദേവ്. തന്റെ പോരാട്ടം തുടരുമെന്നും തന്റെ സ്വപ്‌നങ്ങളെ തല്ലിയുടച്ച എല്ലാ മാന്യന്മാരുടെയും പൊയ്മുഖങ്ങള്‍ വലിച്ചുകീറാനുള്ള സമയം അടുത്തിരിക്കുകയാണെന്നുമാണ് അഞ്ജലി ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നത്. 

'ജീവിതത്തില്‍ പല പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും കൂടുതല്‍ കരുത്ത് കിട്ടാറുണ്ട്. പക്ഷേ, കൂടെനടന്ന് ചതിച്ചവരുടെ പട്ടികയുടെ എണ്ണം കൂടി വരികയാണ്. ചെയ്യാത്തത് ചെയ്തു, കാണാത്തത് കണ്ടു എന്നൊക്കെ പറഞ്ഞ് ദിനംപ്രതി സമനില തെറ്റിക്കുക. പിടിച്ചുനില്‍ക്കാനുള്ള ശക്തി മാത്രമാണ് ഇപ്പോള്‍ ദൈവത്തോട് ചോദിക്കുന്നത്. കാരണം എന്നെ നാറ്റിക്കാനും നശിച്ചുകാണാനും ആണല്ലോ ഇതൊക്കെ എല്ലാവരും ചെയ്യുന്നത്', അഞ്ജലി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

നമ്പര്‍ 18 പോക്‌സോ കേസില്‍ അഞ്ജലി റീമാദേവാണ് മുഖ്യആസൂത്രകയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കടം വാങ്ങിയ 13 ലക്ഷം രൂപ തിരികെ നല്‍കാതിരിക്കാന്‍ വേണ്ടി അഞ്ജലി പെണ്‍കുട്ടിയെ കെണിയില്‍പ്പെടുത്തുകയായിരുന്നു എന്നും പോലീസ് പറയുന്നു. പോക്‌സോ വകുപ്പുകള്‍ക്ക് പുറമേ മനുഷ്യക്കടത്ത്, ഗൂഢാലോചന കുറ്റങ്ങളും പോലീസ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. കേസില്‍ രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം നല്‍കുമെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് അഞ്ജലി റീമാദേവ് പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. 

അഞ്ജലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:-

'കൊലക്കേസിലെ പ്രതി തൂങ്ങി മരിച്ചു, പോക്‌സോ കേസിലെ പ്രതി ജീവനൊടുക്കി.... ഇങ്ങനെ എത്രെയോ ന്യൂസ് എന്നും നമ്മള്‍ കാണാറുണ്ട്. തെറ്റ് ചെയ്ത ആളുകള്‍ക്ക് പോലും കുറ്റാരോപിതന്‍ അഥവാ കുറ്റാരോപിത ആയാല്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. പിന്നെ ആണോ ഒരു തെറ്റും ചെയ്യാത്ത ഒരാളുടെ മാനസിക അവസ്ഥ..... 

ജീവിതത്തില്‍ പല പ്രശ്‌നങ്ങള്‍ നേരിടുമ്പോളും കൂടുതല്‍ കരുത്തു കിട്ടാറുണ്ട്. പക്ഷേ കൂടെ നടന്നു ചതിച്ചവരുടെ പട്ടികയുടെ എണ്ണം കൂടി വരുകയാണ്.....ചെയ്യാത്തത് ചെയ്തു, കാണാത്തേത് കണ്ടു എന്നൊക്കെ പറഞ്ഞു ദിനം പ്രതി സമനില തെറ്റിക്കുക.... പിടിച്ചു നില്‍ക്കാനുള്ള ശക്തി മാത്രം ആണ് ഇപ്പോള്‍ ദൈവത്തോട് ചോദിക്കുന്നത്. കാരണം എന്നെ നാറ്റിക്കാനും നശിച്ചു കാണാനും ആണല്ലോ ഇതൊക്കെ എല്ലാവരും ചെയ്യുന്നത്. 

ഞാന്‍ ആരെന്നു പോലും അറിയാത്ത ആളുകള്‍ എന്നെ വിളിക്കുന്ന തെറികള്‍, നേരിട്ട് കാണുമ്പോള്‍ മുഖത്തു കാണുന്ന പുച്ഛം ഇതൊക്കെ ഈ 25 വയസ്സ് വരെ ജീവിതത്തില്‍ അനുഭവിക്കാത്ത പുതിയ അനുഭവങ്ങള്‍..... ഈ സമയവും കടന്നു പോവും എന്നൊക്കെ കൂടെ ഉള്ളവര്‍ക്ക് പറഞ്ഞു തരാന്‍ എളുപ്പം ആണ്. പിടിച്ചു നില്‍ക്കും ഇനി എന്ത് തന്നെ വന്നാലും. കാരണം നഷ്ട്ടപെട്ടത് എന്റെ മാനം ആണ്. അത് കോടി രൂപ കൊടുത്താലും തിരിച്ചു കിട്ടാത്തത്. സത്യം എന്നെങ്കിലും തെളിയിക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ ഇനിയും ജീവിതം മുന്നോട്ട്. ഇപ്പോള്‍ എന്നെ തെറി വിളിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തവര്‍ക്കു നാളെ അത് തിരുത്താന്‍ ഉള്ള മനസ്സ് ഒരിക്കലും കാണില്ല.... നിങ്ങള്‍ ന്യൂസ് ഒക്കെ കണ്ടോളൂ.. പൊട്ടിച്ചിരിച്ചോളു... പക്ഷേ ഓരോ വാക്കുകള്‍ നിങ്ങള്‍ പറയുമ്പോള്‍ സൂക്ഷിക്കുക... നാളെ ഇത് പോലെ ഒരു അവസ്ഥ നിങ്ങള്‍ക്കോ നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കോ വരാതെ ഇരിക്കട്ടെ...

എന്റെ പോരാട്ടം ഞാന്‍ തുടരും... എന്റെ സ്വപ്നങ്ങളെതല്ലിയുടച്ച എല്ലാ മാന്യന്മാരുടെ പൊയ് മുഖങ്ങള്‍ വലിച്ചു കീറാന്‍ ഉള്ള സമയം അടുത്തിരിക്കുന്നു...ഒരടി പോലും തോറ്റു കൊടുക്കില്ല ഞാന്‍.... എന്റെ പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കും..'

Content Highlights: kochi hotel number 18 pocso case facebook post of anjali reemadev