നെടുമ്പാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; വിദേശിയിൽനിന്ന് പിടികൂടിയത് 40 കോടിയുടെ കൊക്കെയ്ൻ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
ഔറോ അഗോറോ ലാറ്റിഫാദോ
ഔറോ അഗോറോ ലാറ്റിഫാദോ

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശിയിൽനിന്നു പിടികൂടിയ മയക്കുമരുന്ന് കോടികൾ വിലവരുന്ന കൊക്കെയ്ൻ ആണെന്ന് കണ്ടെത്തി. ജനുവരി 26-ന് ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹ വഴി എത്തിയ ടോഗോ സ്വദേശിനി ഔറോ അഗോറോ ലാറ്റിഫാദോ (44) നാല് കിലോ മയക്കുമരുന്നുമായി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്നത് മെതാക്വലോൺ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഇതിന്റെ സാംപിൾ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. പരിശോധനയിൽ കൊക്കെയ്‌നാണെന്ന് കണ്ടെത്തി. പിടികൂടിയ കൊക്കെയ്‌ന് അന്താരാഷ്ട്ര മാർക്കറ്റിൽ 40 കോടിയോളം രൂപ വില വരും.

വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് അടുത്തിടെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. മയക്കുമരുന്നുമായി എത്തിയ വിദേശി നിലവിൽ ജയിലിലാണ്. ഇവർ കടത്തിക്കൊണ്ടുവന്നത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തിയതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇവരെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും.

കഴിഞ്ഞ ജൂലായിൽ കൊക്കെയ്ൻ വിഴുങ്ങി കടത്തിക്കൊണ്ടുവന്നവരെ വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. കൊക്കെയ്ൻ ക്യാപ്സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയൻ ദമ്പതിമാരിൽനിന്ന് അന്ന് 1,670 ഗ്രാം കൊക്കെയ്‌നാണ് പിടികൂടിയത്.

ലക്ഷ്യം ഡൽഹിയിലേക്ക് കടത്തൽ

കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയ കൊക്കെയ്ൻ ഡൽഹിയിലേക്ക് എത്തിക്കുന്നതിനായാണ് കൊണ്ടുവന്നത്. ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹ വഴി കൊച്ചിയിലെത്തിയ വിദേശി വിമാനമിറങ്ങിയ ശേഷം തുടർന്ന് എയർഇന്ത്യയുടെ എ.ഐ. 1828 വിമാനത്തിൽ ഡൽഹിയിലേക്ക് പോകാൻ ആഭ്യന്തര ടെർമിനലിൽ എത്തി. സിയാൽ സുരക്ഷാ വിഭാഗം ഇവരുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബാഗിന്റെ അടിഭാഗത്ത് പ്രത്യേകം അറയുണ്ടാക്കി അവിടെയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. പൗഡർ രൂപത്തിലുള്ള മയക്കുമരുന്ന് രണ്ട് പൊതികളിലാക്കിയാണ് ബാഗിൽ ഒളിപ്പിച്ചിരുന്നത്. യാത്രക്കാരിയെയും മയക്കുമരുന്നടങ്ങിയ ബാഗേജും കൂടുതൽ പരിശോധനയ്ക്കായി കസ്റ്റംസിന് കൈമാറി. പിടിയിലായവർ മുൻപ് മുംബൈയിൽ വന്നിറങ്ങിയിട്ടുണ്ട്. അന്നും ഇത്തരത്തിൽ മയക്കുമരുന്നുമായി എത്തിയതാകാമെന്ന് സംശയിക്കുന്നു. 

Content Highlights: Kochi Customs foils major drug bust! 4 kg of cocaine, valued at Rs 40 crore, seized from a Togolese national at Cochin International Airport. Read details of the massive haul.