വെളിച്ചെണ്ണമില്ലിന് തീയിട്ടു, മോഷ്ടിച്ച പിക്കപ്പ് വാൻകൊണ്ട് കാറിടിച്ച് തകർത്തു; യുവാവിന്റെ പരാക്രമം

#ന്യൂസ് ഡെസ്ക്
പിക്കപ്പ് വാന്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ത്ത കാര്‍, ഇന്‍സെറ്റില്‍ വെളിച്ചെണ്ണമില്ലിന് തീയിട്ട ദൃശ്യം
പിക്കപ്പ് വാന്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ത്ത കാര്‍, ഇന്‍സെറ്റില്‍ വെളിച്ചെണ്ണമില്ലിന് തീയിട്ട ദൃശ്യം

താമരശ്ശേരി: പുലർച്ചെ റോഡരികിൽനിന്ന് മോഷ്ടിച്ച പിക്കപ്പ് വാൻകൊണ്ട് തന്റെ വീടിനുസമീപം റോഡരികിൽ നിർത്തിയിട്ട അയൽവാസിയുടെ കാറിടിച്ചുതകർത്തും മുൻ തൊഴിലുടമയുടെ വെളിച്ചെണ്ണമില്ലിന് തീയിട്ടും യുവാവിന്റെ അക്രമം. ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണയിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടിനും മൂന്നരയ്ക്കുമിടയിലായിരുന്നു യുവാവിന്റെ ഈ പരാക്രമം. പെട്രോൾപമ്പിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിൽ പരാക്രമംനടത്തിയ യുവാവ് വെളിമണ്ണ എലിയൻപറമ്പിൽ വീട്ടിൽ മുഹമ്മദ് റാസിക്ക് (25) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ കുടുക്കിലുമ്മാരത്തെ ഗ്യാസ് ഗോഡൗണിനുസമീപം ഒളിപ്പിച്ചുവെച്ചനിലയിൽ കണ്ടെത്തി. കാർ തകർത്തസംഭവത്തിലും മില്ലിന് തീവെച്ച സംഭവത്തിലും ലഭിച്ച പരാതികളിൽ മുഹമ്മദ് റാസിക്കിന്റെപേരിൽ താമരശ്ശേരി പോലീസ് കേസെടുത്തു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ യുവാവിനായി പ്രിൻസിപ്പൽ എസ്.ഐ. സുബിൻ ബിജുവിന്റെ നേതൃത്വത്തിൽ പോലീസ് തിരച്ചിൽ ആരംഭിക്കുകയുംചെയ്തു. എന്താണ് യുവാവിനെ അക്രമത്തിന് പ്രകോപിപ്പിച്ചതെന്നതിൽ വ്യക്തത കൈവന്നില്ലെന്നാണ് പോലീസ് പറയുന്നത്. യുവാവിന് തങ്ങളോട് കാര്യമായ വ്യക്തിവൈരാഗ്യമുണ്ടാവാനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പരാതിനൽകിയ മില്ലുടമയും കാറുടമയും പ്രതികരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ താമരശ്ശേരി ചുങ്കത്തെത്തിയ റാസിക്ക്, അവിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു ആംബുലൻസെടുത്ത് കടന്നുകളയാൻ ആദ്യം ശ്രമിക്കുകയായിരുന്നു. സംശയാസ്പദമായനിലയിൽ കണ്ട് നാട്ടുകാർ ചോദ്യംചെയ്തതോടെ അവിടെനിന്ന് മുങ്ങിയ യുവാവ് പോവുന്നപോക്കിൽ ചുങ്കം ജങ്ഷനുസമീപം നിർത്തിയിട്ട ഒരു പിക്കപ്പ് വാനുമായി കടന്നുകളഞ്ഞു. പിന്നീട് നേരേ പോയി വെളിമണ്ണ-കൂടത്തായി റോഡിലെ കിഴക്കേപറമ്പിൽ തന്റെ വീടിനുസമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാർ, പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ചുതകർത്തു. കാറിന് രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം നേരിട്ടതായാണ് ഉടമകളിലൊരാളായ വെളിമണ്ണ പുഴിച്ചിരത്തിൽ അബിൻ ചന്ദ്ര താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

കാറിടിച്ചുതെറിപ്പിച്ചശേഷം വെളിമണ്ണ അങ്ങാടിക്കുസമീപം എരേച്ചൻവീട്ടിൽ ഇ.പി. അബ്ദുൾ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള 'ഗ്രീൻ പ്ലസ്' എന്ന വെളിച്ചെണ്ണമില്ലിന്റെ പുറത്ത് തീയിട്ടു. മാസങ്ങൾക്കുമുൻപ് തന്റെ ആക്രിക്കടയിൽ ജീവനക്കാരനായി ഒരുദിവസംമാത്രം റാസിക്ക് ജോലിചെയ്തിരുന്നതായി അബ്ദുൾ ജബ്ബാർ പറയുന്നു.

മില്ലിനടുത്ത് നിർത്തിയിട്ടിരുന്ന അബ്ദുൾ ജബ്ബാറിന്റെ ഗുഡ്സ് വാഹനത്തിന്റെ ഡീസൽ ടാങ്ക് കുത്തിത്തുറന്ന് ഡീസലെടുത്തശേഷം മില്ലിലെ വൈദ്യുതിമീറ്ററിനും കൊപ്രച്ചേവിനും സമീപം തീകൊളുത്തുകയായിരുന്നു.

ഇതിനിടെ, കാറിലിടിക്കാൻ ഉപയോഗിച്ച പിക്കപ്പ് വാനിന്റെ ചക്രം പൊട്ടിയതോടെ വാഹനം പുലർച്ചെ 3.08-ന് മങ്ങാടുള്ള പെട്രോൾപമ്പിലെത്തിച്ച് അവിടെ നിർത്തിയിട്ടു. ആ സമയം പമ്പിലേക്ക് ആനയെ വഹിച്ചെത്തിയ ലോറിയുടെ ഡ്രൈവറോടുൾപ്പെടെ കുറച്ചുനേരം സംസാരിച്ചുനിന്നു. പ്രദേശത്തെ ക്രഷർ യൂണിറ്റിന്റെ ജലസംഭരണസംവിധാനമുള്ള മറ്റൊരു പിക്കപ്പ് ഈ സമയം പമ്പിനരികിൽ നിർത്തിയിട്ടിരുന്നു. കാബിനിനുള്ളിൽനിന്ന് താക്കോൽ കണ്ടെടുത്ത് വാഹനവുമായി റാസിക്ക് അവിടെനിന്ന് മുങ്ങുകയും, നേരേ വെളിമണ്ണയിലെ തന്റെ വീടിന്റെ പോർച്ചിലേക്ക് പിക്കപ്പ് വാൻ കയറ്റി നിർത്തിയിട്ടശേഷം കടന്നുകളയുകയുമായിരുന്നു.

ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ റാസിക്കിന്റെ മൊബൈൽ ഫോൺ കുടുക്കിലുമ്മാരത്തെ ഗ്യാസ് ഗോഡൗണിനുസമീപത്ത് പലകയ്ക്കടിയിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Content Highlights: A young man in Kerala caused chaos by stealing a pickup truck, crashing it into a neighbor`s car, and setting fire to an oil mill. Police are investigating.