'പൊതി തുറന്നപ്പോഴാണ് അറിയുന്നത്, സ്വർണവും രേഖകളും...'; നേരത്തെതന്നെ വിപഞ്ചിക എല്ലാം ഉറപ്പിച്ചിരുന്നു

കൊല്ലം: ഷാർജയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. വിവാഹബന്ധം വേർപ്പെടുത്താൻ വിപഞ്ചികയെ ഭർത്താവ് നിധീഷ് നിരന്തരം നിർബന്ധിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. വിപഞ്ചികയുടേയും കുഞ്ഞിന്റേയും ആഭരണങ്ങളും രേഖകളും സുഹൃത്ത് വഴി വിപഞ്ചിക തങ്ങളെ ഏൽപ്പിച്ചിട്ടുണ്ടെന്ന് ബന്ധുക്കളായ ശ്രീജിത്തും സൗമ്യയും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ആഭരണങ്ങൾ ഏൽപ്പിച്ചത്. അപ്പോൾ ആത്മഹത്യയെക്കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.
ഭർത്താവ് വിവാഹബന്ധം വേർപ്പെടുത്താൻ നിരന്തരം ശ്രമിച്ചിരുന്നു. എന്നാൽ, വിപഞ്ചിക അതിന് വഴങ്ങിയില്ല. കുട്ടിക്ക് രണ്ടര വയസെങ്കിലും ആകട്ടെ എന്നിട്ടാകാം ഇതേക്കുറിച്ചുള്ള ചർച്ചകൾ എന്നായിരുന്നു വിപഞ്ചിക എടുത്ത തീരുമാനം.
വിപഞ്ചികയുടെ മരണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹായം തേടാനും വിപഞ്ചികയുടെ കുടുംബം നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. മകളെ നാട്ടിലേക്ക് വിട്ടിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു.
'ഇത്രയും വിവരങ്ങൾ വിപഞ്ചികയുടെ കൈയിൽ ഉണ്ടെന്ന് ഫേസ്ബുക്ക് വഴിയാണ് ഞാൻ അറിയുന്നത്. അത് നാട്ടിൽ കൊണ്ടുവരുമെന്ന് പേടിച്ചിട്ടാണ് മകളെ നാട്ടിലേക്ക് വിടാത്തത്. അവന്റെ പെങ്ങളും അച്ഛനും കൂടിയാണ് ഈ ക്രൂരത ചെയ്തത്. എന്റെ മോള് അവരോട് യാചിച്ചു, എന്റെ ഭർത്താവിനെ എനിക്ക് വിട്ടുതാ, ഞാനും എന്റെ കുഞ്ഞും കൂടി സന്തോഷായിട്ട് ജീവിച്ചോട്ടെ. മുതല് വേണമെങ്കിൽ എടുത്തോ. എനിക്ക് എന്റെ ഭർത്താവും കുഞ്ഞും മതി... അവളുടെ നാത്തൂന് വരെ മെസ്സേജ് അയച്ചു. ഒരു വീക്കെൻഡിൽ പോലും ഭർത്താവിനോടൊപ്പം ഇരിക്കാൻ മകളെ അനുവദിച്ചില്ല... പെങ്ങളുടെ വീട്ടിലാണ് ഇതെല്ലാം നടക്കുന്നത്...', വിപഞ്ചികയുടെ മാതാവ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് വിപഞ്ചികയേയും കുഞ്ഞിനേയും മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ, വിപഞ്ചികയുടെ ഭർത്താവ് നിധീഷോ കുടുംബമോ ഇതുവരെ വിപഞ്ചികയുടെ വീട്ടുകാരുമായി ബന്ധപ്പെടുകയോ മൃതദേഹമിരിക്കുന്നിടത്തേക്ക് പോകുകയോ ചെയ്തിട്ടില്ല.
ഭർത്താവ് നിധീഷ്, ഭർത്താവിന്റെ സഹോദരി, ഭർത്താവിന്റെ പിതാവ് എന്നിവരുടെ പേര് എഴുതി വെച്ചശേഷമാണ് വിപഞ്ചിക ജീവനൊടുക്കിയത്. ഗർഭിണിയായിരിക്കുന്ന സമയത്തുപോലും തന്നെ ക്രൂരപീഡനത്തിനിരയാക്കിയെന്നാണ് വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നു.
ഭർതൃവീട്ടിലെ നിരന്തര പീഡനം കാരണം വളരെ നേരത്തെതന്നെ ആത്മഹത്യയ്ക്ക് വിപഞ്ചിക തയ്യാറെടുത്തിരുന്നുവെന്നാണ് സൂചന. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ എല്ലാ കാര്യങ്ങളും ചെയ്തു എന്ന് വിപഞ്ചിക ഉറപ്പുവരുത്തി. ഇതിന്റെ ഭാഗമായിട്ടാവകണം തന്റെ സ്വർണവും ലോക്കറിന്റെ താക്കോലും രേഖകളുമടക്കം ബന്ധുവിനെ ഏൽപ്പിച്ചതും. താലി അടക്കം ഇവർ ബന്ധുവിനെ ഏൽപ്പിക്കാനായി സുഹൃത്തിന്റെ കൈയിൽ നൽകിയിരുന്നു.
സ്വർണവും രേഖകളുമെല്ലാം പൊതിഞ്ഞ് ഒരു കവറിലാക്കിയ ശേഷം ഒരു സുഹൃത്തിനെ ഏൽപ്പിക്കുകയായിരുന്നു. എന്താണ് ഇതിലുള്ളത് എന്ന കാര്യം വിപഞ്ചിക പറഞ്ഞിരുന്നില്ല. ഇത് തന്റെ ബന്ധുവിനെ ഏൽപ്പിക്കണമെന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. താൻ നാട്ടിലേക്ക് പോകുകയാണ്, ഇത്തരം സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നും തിരിച്ച് വന്നശേഷം എടുക്കാം എന്നുമായിരുന്നു വിപഞ്ചിക പറഞ്ഞത്. വിപഞ്ചികയുടെ മരണശേഷമാണ് ബന്ധു ശ്രീജിത്ത് പൊതി തുറന്നുനോക്കുന്നത്. ഇതോടെയാണ് അകത്തുള്ളത് സ്വർണവും രേഖകളുമാണെന്ന് മനസ്സിലാകുന്നത്.
കുട്ടിയുടെ സംസ്കാരം ഷാർജയിൽ നടത്തണമെന്നാണ് വിപഞ്ചികയുടെ ഭർത്താവ് നിധീഷിന്റെ ആവശ്യം. എന്നാൽ, ബന്ധുക്കൾ ഇതിന് സമ്മതിക്കുന്നില്ല. കുഞ്ഞ് തന്റെ ഒപ്പം വേണമെന്ന് ഉറപ്പിച്ചതിനാലാണ് വിപഞ്ചിക കുട്ടിയെ കൊന്ന് ആത്മഹത്യ ചെയ്തത്. അതുകൊണ്ടുതന്നെ കുഞ്ഞിനേയും അമ്മയേയും വേർപിരിക്കാൻ സമ്മതിക്കില്ലെന്നും സംസ്കാരം ഒരുമിച്ച് നാട്ടിൽ നടത്തണമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
Content Highlights: Domestic Abuse Allegations in sharjah Suicide Case