കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ്, പണം തട്ടിപ്പ്; മുന്നറിയിപ്പുമായി വൈസ് ചാൻസലർ

#സ്വന്തം ലേഖകൻ
കേരള സർവകലാശാലയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റ്
കേരള സർവകലാശാലയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റ്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്‌സൈറ്റിലൂടെ പണം തട്ടിപ്പ്. കേരള സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ (SDE) എന്ന പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റിനെതിരെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സർവകലാശാല മുന്നറിയിപ്പ് നൽകി. വിവിധ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റ്, വിദ്യാർഥികളിൽ നിന്ന് രജിസ്‌ട്രേഷനും ഓൺലൈൻ പേയ്‌മെന്റും സ്വീകരിക്കുന്നുണ്ട്.

ഇത് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനുമുള്ള സാധ്യത ഉയർത്തുന്നതായി സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുത് എന്ന് വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ വിദ്യാർഥികൾക്കും അപേക്ഷകർക്കും മുന്നറിയിപ്പ് നൽകി. വ്യാജ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വ്യക്തിഗത, അക്കാദമിക് വിവരങ്ങൾ നൽകുകയോ രേഖകൾ അപ്ലോഡ് ചെയ്യുകയോ ഏതെങ്കിലും തരത്തിലുള്ള പണമിടപാട് നടത്തുകയോ ചെയ്യരുതെന്ന് സർവകലാശാല വ്യക്തമാക്കി.

അനധികൃത പോർട്ടലിൽ നിന്നുള്ള പ്രവേശന വിജ്ഞാപനങ്ങളോ അപേക്ഷാ ലിങ്കുകളോ പേയ്‌മെന്റ് ആവശ്യങ്ങളോ വ്യാജമായി കണക്കാക്കണം. പ്രവേശനവുമായി ബന്ധപ്പെട്ട് വിവരങ്ങൾ വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിനോ പണം അടയ്ക്കുന്നതിനോ മുമ്പ് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കണമെന്നും വൈസ് ചാൻസലർ അഭ്യർഥിച്ചു.

വിദ്യാർഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • വ്യാജ വെബ്‌സൈറ്റിൽ നിന്നുള്ള രജിസ്‌ട്രേഷൻ/ അപേക്ഷാ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
  • വ്യക്തിഗത, ആധാർ, ബാങ്കിംഗ്, അക്കാദമിക് വിവരങ്ങളോ മറ്റ് രഹസ്യ വിവരങ്ങളോ കൈമാറരുത്.
  • സർട്ടിഫിക്കറ്റുകൾ, ഫോട്ടോകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യരുത്.
  • അനധികൃത പോർട്ടലുകളിലൂടെ അപേക്ഷാ ഫീസോ പ്രവേശന ഫീസോ അടയ്ക്കരുത്.
  • ഔദ്യോഗികമല്ലാത്ത വെബ്‌സൈറ്റുകളിലൂടെയോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയോ പ്രചരിക്കുന്ന പ്രവേശന വിജ്ഞാപനങ്ങൾ വിശ്വസിക്കരുത്.
  • എല്ലാ പ്രവേശന വിജ്ഞാപനങ്ങളും സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാത്രം പരിശോധിക്കുക.

വ്യാജ വെബ്‌സൈറ്റിലൂടെ ഇതിനകം വിവരങ്ങൾ നൽകിയവരും പണം അടച്ചവരും തങ്ങളുടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും സർവകലാശാലയെയും ബന്ധപ്പെട്ട അധികാരികളെയും വിവരം അറിയിക്കുകയും ചെയ്യണം. കേരള സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനിൽ പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഏതൊരു വെബ്‌സൈറ്റും വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനോ പണം അടയ്ക്കുന്നതിനോ മുമ്പ് സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പാക്കണം.

വ്യാജ വെബ്‌സൈറ്റിനെതിരെ കേരള സർവകലാശാല സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. വെബ്‌സൈറ്റ് വഴി നടക്കുന്ന തട്ടിപ്പ് തടയുന്നതിനും സർവകലാശാലയുടെ പേര് ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി ആവശ്യമായ തുടർനടപടികളും സ്വീകരിച്ചുവരികയാണ് എന്നും വൈസ് ചാൻസലർ കൂട്ടിച്ചേർത്തു.

Content Highlights: Kerala University has issued a warning about a fraudulent website impersonating its School of Distance Education, which is scamming students by publishing fake admission notifications and collecting registration fees online. The university advises students and applicants not to register, share personal or academic information, upload documents, or make any payments through unauthorized portals, and to verify all admission information on the official university website.