ലോറിയിലെ രഹസ്യ അറയില്‍ കടത്തിയത് 1,155 ലിറ്റര്‍ സ്പിരിറ്റ്; ഡ്രൈവര്‍ അറസ്റ്റില്‍

പിടികൂടിയ സ്പിരിറ്റ് കന്നാസുകളിലേക്ക് മാറ്റിയപ്പോൾ, അറസ്റ്റിലായവി. ഷൈജു
പിടികൂടിയ സ്പിരിറ്റ് കന്നാസുകളിലേക്ക് മാറ്റിയപ്പോൾ, അറസ്റ്റിലായവി. ഷൈജു

കൊഴിഞ്ഞാമ്പാറ: ലോറിയില്‍ രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച 1,155 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി. ലോറിയുടെ ഡ്രൈവര്‍ തൃശ്ശൂര്‍ അന്തിക്കാട് മാങ്ങോട്ടുകര മാമ്പുള്ളി വീട്ടില്‍ വി. ഷൈജുവിനെ (49) അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ നീലംകാച്ചിക്കു സമീപം നടത്തിയ വാഹനപരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.

ലോറിയിലെ പെട്ടിയുടെ അടിയിലായി അതേ നീളത്തിലും വീതിയിലും ഒരടിയോളം ഉയരത്തിലുമാണ് രഹസ്യ അറ നിര്‍മിച്ചിരുന്നത്. പച്ചക്കറി കൊണ്ടുപോകുന്നതിനുള്ള ഒഴിഞ്ഞ പെട്ടികള്‍ അടുക്കിയതിന്റെ അടിയിലായിരുന്നു രഹസ്യ അറയുടെ അടപ്പ്. ഇതിനുള്ളില്‍ സ്പിരിറ്റ് നിറച്ച് കടത്തുകയായിരുന്നു പതിവെന്നു കരുതുന്നു. പൈപ്പ് ഉപയോഗിച്ച് കന്നാസുകളില്‍ നിറച്ചാണ് സ്പിരിറ്റ് അളന്നത്.

തമിഴ്നാട്ടില്‍നിന്നു തൃശ്ശൂരിലേക്കു പോകുന്ന ലോറിയാണിത്. എന്നാല്‍, സ്പിരിറ്റ് കൊഴിഞ്ഞാമ്പാറ ഭാഗത്തെ തോപ്പുകളിലെത്തിച്ച് കള്ളില്‍ കലര്‍ത്തി വ്യാജ കള്ളുണ്ടാക്കാനാണ് കൊണ്ടുവന്നിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം പാലക്കാട് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുല്‍ മുനീര്‍, ചിറ്റൂര്‍ ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡും കൊഴിഞ്ഞാമ്പാറ സിഐ എം.ആര്‍ അരുണ്‍കുമാര്‍, എസ്ഐമാരായ വി. കൃഷ്ണദാസ്, വിജയചന്ദ്രന്‍, എം. ശിവകുമാര്‍, എ.എസ്.ഐ. കൃഷ്ണദാസ്, ബി. ഹക്കീം തുടങ്ങിയവരും അടങ്ങുന്ന സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഷൈജുവിനെ റിമാന്‍ഡ് ചെയ്തു.

Content Highlights: Police arrested a lorry driver for smuggling 1155 liters of spirit hidden in a secret compartment