കേരള പോലീസിന്റെ ഏറ്റവും വലിയ MDMA വേട്ട; പിടിച്ചെടുത്തത് 13 kg, വിപണിമൂല്യം 10 കോടി, 3 പേർ പിടിയിൽ

#ന്യൂസ് ഡെസ്ക്
എംഡിഎഎയുമായി പിടിയിലായ പ്രതികൾ, പിടിച്ചെടുത്ത എംഡിഎംഎ
എംഡിഎഎയുമായി പിടിയിലായ പ്രതികൾ, പിടിച്ചെടുത്ത എംഡിഎംഎ

കോയമ്പത്തൂർ: കേരളത്തിലേക്ക് കടത്തുന്നതിനായി സൂക്ഷിച്ച വൻ എംഡിഎംഎ ശേഖരവുമായി മൂന്ന് പേർ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് വയനാട്, മലപ്പുറം സ്വദേശികളായ മൂന്നുപേരെ മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21)വയസ്സ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള വൻതോതിൽ ലഹരിവിൽപന നടത്തുന്ന സംഘത്തിന്റെ ഭാഗമാണെന്ന് പോലീസ് പറഞ്ഞു. 

ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിൽ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ പോലീസ് സംഘം നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തിലുള്ളവരെ കുറിച്ച് സൂചന ലഭിച്ചത്.

ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ എംഡിഎംഎ രഹസ്യകേന്ദ്രങ്ങളിൽ സംഭരിച്ച് കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ ലക്ഷ്യം വച്ച് വിൽപന നടത്തുന്നതാണ് രീതി. ആഡംബര വാഹനങ്ങളിൽ രഹസ്യ അറകളുണ്ടാക്കുകയും അതിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയും ചെയ്യുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. തുടർന്ന് നിരീക്ഷണം നടത്തിയതിൽ സംഘത്തിന്റെ ഇടത്താവളം തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, പഴനി, പൊള്ളാച്ചി,കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ ഇത്തരം ടൗണുകളിൽ വച്ചാണ് ലഹരിയിടപാടുകൾ കൂടുതൽ നടക്കുന്നതെന്നും മനസ്സിലാക്കി. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂർ ടൗണിന് സമീപത്തുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്തതിൽ കാറിനുള്ളിൽ ഒളിപ്പിച്ച 12.794 കിലോഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പല സ്ഥലങ്ങളിലായി 200 ഗ്രാം മുതൽ 500 ഗ്രാം വരെ ഡ്രോപ്പ് ചെയ്യാനുള്ള പായ്ക്കറ്റുകളാക്കിയ നിലയിൽ ഇന്നോവ കാറിന്റെ ഡോർ പാഡിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും യുവാക്കൾക്കിടയിൽ വിൽപനനടത്താനുള്ള ഈ ലഹരിമരുന്നിന് ചില്ലറവിപണിയിൽ പത്തുകോടിയിലധികം രൂപ വിലമതിക്കും.

ഡൽഹി, മുംബൈ, എന്നിവിടങ്ങളിലേക്ക് വിമാനമാർഗം പോയി തിരിച്ചു ആഡംബര കാറുകൾ അന്യസംസ്ഥാനങ്ങളിൽ നിന്നും വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്ന വ്യാജേന ലഹരിവസ്തുക്കൾ ഒളിപ്പിച്ചു കടത്തികൊണ്ടുവരികയും ചെയ്യുന്ന ഈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു ചില സൂചനകൾ ലഭിച്ചതായും എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസ് അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു,പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ.സിബി, മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ TG ദിലീപ് , മഞ്ചേരി സ്റ്റേഷനിലെ എഎസ്‌ഐ മുഹമ്മദാലി, Scpo മാരായ തൗഫീഖ് മുബാറക്ക്, പ്രദീപ്കുമാർ എന്നിവരും ജില്ലാ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങൾ ആയ NT കൃഷ്ണകുമാർ, ദിനേശ് കിഴക്കേകര, പ്രശാന്ത് പയ്യനാട്, പ്രബുൽ കെ, ദിനേഷ് ഇരുപ്പക്കണ്ടൻ, ജസീർ KK എന്നിവരടങ്ങിയ സംഘമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Content Highlights: Kerala Police seized 12.794 kg of high-purity MDMA., The seized drugs are valued at over Rs 10 crore in the retail market., Three suspects from Wayanad and Malappuram were arrested in Coimbatore., Operation led by Malappuram District Police Chief Chaitra Teresa John IPS., Drugs were smuggled in luxury cars with secret compartments from states like Delhi and Mumbai.