ഓണാവധി: വീടുപൂട്ടിപ്പോകുന്നവര്‍ അറിയിക്കണമെന്ന് പോലീസ്; വിവരം നല്‍കേണ്ടത് 'പോല്‍ ആപ്പ്' വഴി

തിരുവനന്തപുരം: ഓണാവധി തുടങ്ങിയതോടെ സംസ്ഥാനത്ത് കൂടുതല്‍ സുരക്ഷയൊരുക്കി പോലീസ്. ഓണംവാരാഘോഷം നടക്കുന്നിടങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. അവധിദിനങ്ങളില്‍ വീടുപൂട്ടിപ്പോകുന്നവര്‍ പോലീസിനെ അറിയിക്കാനും നിര്‍ദേശിച്ചു.
വ്യാഴാഴ്ചവരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ്. ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും വീടുപൂട്ടി നാട്ടിലേക്കു മടങ്ങി. ഈ കാലയളവില്‍ മറുനാട്ടില്‍നിന്നുള്ള മോഷ്ടാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തെ ലക്ഷ്യംവെക്കാനിടയുണ്ട്. അതിനാല്‍, കര്‍ശനനിരീക്ഷണം നടത്താനാണ് നിര്‍ദേശം.
വീട് പൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ 'പോല്‍ ആപ്പി'ലാണ് അറിയിക്കേണ്ടത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം സര്‍വീസസ് എന്ന വിഭാഗത്തിലെ 'ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍' എന്ന വിഭാഗത്തിലൂടെ വിവരമറിയിക്കണം.
ഏഴുദിവസം മുമ്പുവരെ വിവരമറിയിക്കാം. യാത്രപോകുന്ന ദിവസം, വീട് സ്ഥിതിചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍നമ്പറും എന്നിവയാണ് നല്‍കേണ്ടത്. പരമാവധി 14 ദിവസംവരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലാകും. സംസ്ഥാനത്താകെ രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പലയിടത്തും പാര്‍ക്കിങ് നിയന്ത്രണവുമേര്‍പ്പെടുത്തി.
Content Highlights: kerala police pol app to ensure safety of locked houses