തീക്കട്ടയിലും ഉറുമ്പരിക്കുന്നോ? കേരള പോലീസ് അക്കാദമി കാമ്പസിൽ മോഷണം; ചന്ദനമരങ്ങൾ മുറിച്ചുകടത്തി

തൃശ്ശൂർ: കേരള പോലീസ് അക്കാദമി കാമ്പസിൽ മോഷണം. കാമ്പസിനുള്ളിലെ രണ്ട് ചന്ദനമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തി. ഡിസംബർ 25-നും ജനുവരി മൂന്നിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. സംഭവത്തിൽ അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
30 വർഷം പഴക്കമുള്ള ചന്ദനമരങ്ങളുടെ ഭാഗങ്ങളാണ് മോഷ്ടാക്കൾ മുറിച്ചുകടത്തിയത്. അതേസമയം, കർശന സുരക്ഷാസംവിധാനങ്ങളുള്ള പോലീസ് അക്കാദമി കാമ്പസിൽനിന്ന് ഇത്തരത്തിൽ ചന്ദനമരം മോഷ്ടിച്ചത് ഏറെ അമ്പരപ്പിക്കുന്നതാണ്.
ഏക്കറുക്കണക്കിന് വ്യാപിച്ചുകിടക്കുന്ന കാമ്പസിൽ പലമേഖലകളിലും സിസിടിവികളില്ല. ഏതുവഴിയാണ് ചന്ദനമരങ്ങൾ കടത്തിയതെന്നോ എന്നാണ് കടത്തിയതെന്നോ കൃത്യമായ വിവരമില്ല. നേരത്തെ അക്കാദമി വളപ്പിൽനിന്ന് തേക്ക് മരങ്ങളും മുറിച്ചുകടത്തിയിരുന്നു. 2009-ൽ പിസ്റ്റളുകൾ മോഷണം പോയ സംഭവവമുണ്ടായി.
Content Highlights: Two sandalwood trees, over 30 years old, were stolen from the Kerala Police Academy campus. Police investigating the daring crime.