40 പേരുടെ അവയവം വിൽപ്പന നടത്തിയതായി കണ്ടെത്തൽ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊച്ചി: അവയവ വിൽപ്പന റാക്കറ്റിന്റെ വലയിൽ വീണവരുടെ എണ്ണം നാൾക്കുനാൾ കൂടുന്നു. മുഖ്യപ്രതി നജീബിനെ ചോദ്യം ചെയ്തതിൽനിന്ന് ഇതുവരെ 40-ഓളം പേരെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി തെളിഞ്ഞിട്ടുണ്ട്. റൂറൽ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.
വ്യാജരേഖ ചമച്ച് അവയവവിൽപ്പന നടത്തിയ കേസിൽ പിടിയിലായ മുഖ്യപ്രതി മുഹമ്മദ് നജീബ് നേതൃത്വം നൽകിയ റാക്കറ്റ് കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. കോവിഡ് വ്യാപന കാലത്തിനുശേഷം 2021-മുതലാണ് ഇവരുടെ പ്രവർത്തനം ആരംഭിച്ചത്. ഇയാളുടെ പ്രധാന ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നാടൊട്ടുക്ക് ഏജന്റുമാരെ നിയോഗിച്ചായിരുന്നു പ്രവർത്തനം. ദാതാക്കളാകാൻ സമ്മതിക്കുന്നവരിൽനിന്ന് തുടക്കത്തിലേ പരിശോധനകൾക്കായി ഒരുലക്ഷം മുതൽ ഒന്നരലക്ഷം വരെ ഏജന്റുമാർവഴി വാങ്ങിയിട്ടുണ്ട്. 40 പേർ അവയവ വിൽപ്പന നടത്തിയതായാണ് ഇതുവരെ തെളിഞ്ഞിരിക്കുന്നത്.
ദാതാക്കൾക്ക് ആവശ്യമായ എല്ലാ രേഖകളും സംഘം വ്യാജമായി നിർമിച്ചുകൊടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. സ്പാകൾ കേന്ദ്രീകരിച്ചും ചില ആശുപത്രികൾ കേന്ദ്രീകരിച്ചുമാണ് ഏജന്റുമാരുടെ പ്രവർത്തനം. അവയവദാനം നടത്തിയവരാണെന്നും അതുകൊണ്ട് ഒരു കുഴപ്പവുമുണ്ടായിട്ടില്ലെന്നുമുള്ള വ്യാജ അനുഭവങ്ങൾ നിരത്തിയാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. ഏജന്റുമാരുടെ വലയിൽ വീണവരെല്ലാം സാധാരണക്കാരാണ്. കേരളത്തിൽ എല്ലാ ജില്ലയിലും ഈ റാക്കറ്റിന്റെ സാന്നിധ്യമുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പിടിയിലായ നജീബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ വന്നിട്ടുണ്ട്. നജീബിന്റെ അക്കൗണ്ടുമായി ഇടപാടുകൾ നടത്തിയ അക്കൗണ്ട് ഉടമകളുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. നജീബിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കുമെന്നിരിക്കേ, ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങുകയാണ് പോലീസ്. ഇതോടൊപ്പം പിടിയിലായ ഏജന്റ് ഡെബിൻ ജോസഫിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. സ്പാ കേന്ദ്രങ്ങൾ ഉൾപ്പെടെ മറയാക്കിയാണ് ഇയാൾ ദാതാക്കളെ കണ്ടെത്തിയിരുന്നത്. ഇയാളെപ്പോലെ നിരവധി ഏജന്റുമാർ നജീബിനുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇവരിൽ പലരും ബിസിനസ് സംരംഭങ്ങൾ നടത്തുന്നവരാണെന്നും അതിന്റെ മറവിൽ അവയവക്കച്ചവടം നടത്തിയിരുന്നതായും സംശയിക്കുന്നുണ്ട്.
Content Highlights: Over 40 illegal organ transplants confirmed by police investigation., Racket led by prime suspect Mohammad Najeeb active since 2021., Agents used spas and fake documents to exploit vulnerable individuals., Police investigating widespread agent network across all Kerala districts., Ongoing investigation into bank transactions and suspect custody.