അമ്മയെ കൊല്ലുന്നതിന് സാക്ഷിയായി അഞ്ചു വയസ്സുകാരൻ; ശോഭ കൊലപാതക കേസിൽ വിധി നാളെ

#അനീഷ് പാതിരിയാട്

തലശ്ശേരി: ‘‘അമ്മയെ അന്വേഷിച്ച് അനിയത്തി കരഞ്ഞു. തീവണ്ടിയിൽ കയറ്റി ബാത്ത്‌റൂമിന്റെ സൈഡിൽ എന്നെയും അനിയത്തിയെയും ബെഡ്ഷീറ്റ് വിരിച്ച് കിടത്തി അയാൾ പോയി. അനിയത്തി വിശന്നു കരഞ്ഞപ്പോൾ ഒരു ആന്റി വന്നു ഭക്ഷണം തന്നു. പിറ്റേദിവസം അവർ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. പോലീസ് ഹോസ്റ്റലിലാക്കി. എനിക്ക്‌ അഞ്ചുവയസ്സുള്ളപ്പോഴാണ് സംഭവം’’ -അമ്മയെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ 15 വയസ്സുകാരന്റെ മൊഴിയാണിത്. കുട്ടി തലശ്ശേരി അഡീഷണൽ ജില്ലാകോടതി (ഒന്ന്) മുമ്പാകെയാണ് മൊഴി നൽകിയത്. വ്യാഴാഴ്ച കേസിൽ വിധി പറയും.

കുട്ടിയുടെ അമ്മയെ രണ്ടാംഭർത്താവായ പ്രതി കൊലപ്പെടുത്തി ഇരിട്ടിയിൽ കിണറ്റിൽ തള്ളിയ കേസിലാണ് ജഡ്ജി സി.ജെ.ഡെന്നി വിധി പറയുക. കേസിൽ മൂന്നാംസാക്ഷിയായാണ് കുട്ടിയെ വിസ്തരിച്ചത്.

മലപ്പുറം പാണ്ടിക്കാട് താമസിക്കുന്ന കർണാടക തുംകൂർ തിമ്മരാജനഹള്ളിയിലെ ടി.ആർ.മഞ്ജുനാഥാണ് (44) ആണ് കേസിലെ പ്രതി. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജനുവരി 21-നാണ് സംഭവം. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. 2017 മേയ് ആറിന് കുറ്റപത്രം നൽകി.

മഞ്ജുനാഥ് രണ്ടാംഭാര്യ ശോഭയും ശോഭയുടെ രണ്ടുമക്കളോടുമൊപ്പം ഇരിട്ടിയിൽ ടെന്റ് കെട്ടിയാണ് താമസിച്ചിരുന്നത്. ദേഹത്ത് കയറിയിരുന്ന് കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയാണ് ശോഭയെ കൊലപ്പെടുത്തിയത്. പിന്നീട്‌ കിണറ്റിൽത്തള്ളി. പിറ്റേദിവസം ബസിൽ മൈസൂരുവിൽനിന്ന് ബെംഗളൂരുവിൽ പോയി. അവിടെ റെയിൽവേ സ്റ്റേഷനിൽനിന്ന് കുട്ടികളെ മുംബൈയിലേക്ക് തീവണ്ടികയറ്റി വിടുകയായിരുന്നു. ഫെബ്രുവരി 21-ന് മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തപ്പോൾ ശോഭയുടെ ഭർത്താവ് രാജുവിനെ കൊന്നതാണെന്ന് മനസ്സിലായി. 2015 ഡിസംബറിൽ മഞ്ജുനാഥും ശോഭയും കഴുത്തിന് കയർ മുറുക്കി വനത്തിൽ കൊണ്ടുപോയി രാജുവിനെ കത്തിച്ചു. രാജുവിനെ കൊലപ്പെടുത്തിയത് പോലീസിനോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് ശോഭയെ കൊലപ്പെടുത്തിയത്.

ശോഭയെ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയതാണെന്നും മരിച്ചത് 25-നും 28-നുമിടയിൽ പ്രായമുള്ള സ്ത്രീയാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ ഡോ. ഗോപാലകൃഷ്ണപിള്ള കണ്ടെത്തിയതാണ് കേസിൽ നിർണായകമായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാർ പറഞ്ഞു. അന്വേഷണം വഴിമുട്ടുമായിരുന്ന കേസിൽ തെളിവുകൾ ശേഖരിച്ച് കുട്ടികളെ മുംബൈയിൽ അന്വേഷിച്ച് കണ്ടെത്തിയത് അന്ന് പ്രബോഷൻ എസ്.ഐ.യായിരുന്ന അൻഷാദാണ്. 25-ാം സാക്ഷിയായി കേസിൽ അൻഷാദിനെ വിസ്തരിച്ചു. കുട്ടികൾ ഇപ്പോൾ തിരൂർ സി.ഐ. ആയ അൻഷാദിന്റെ സംരക്ഷണയിലാണ്. ഈ സംഭവം ഉയിര് എന്ന സിനിമയിലൂടെ മലയാളികൾ കണ്ടിരുന്നു. അൻഷാദിന്റെ അന്വേഷണവും കുട്ടികളെ കണ്ടെത്തിയതുമായിരുന്നു 2026 ജൂണിൽ റിലീസ് ചെയ്ത ഉയിര് എന്ന സിനിമയുടെ പ്രമേയം.

Content Highlights: A 15-year-old testifies in the Kerala murder case where Shobha was killed by her second husband. Verdict expected on Thursday.