വാഹനത്തിന്റെ കണ്ണാടിതട്ടിയതിന്റെ പേരിൽ യുവാവിനുനേരേ ആൾക്കൂട്ട ആക്രമണം; കാർ തല്ലിത്തകർത്തു

#ന്യൂസ് ഡെസ്ക്
പരിക്കേറ്റ അനു, അക്രമികൾ തല്ലിത്തകർത്ത കാർ
പരിക്കേറ്റ അനു, അക്രമികൾ തല്ലിത്തകർത്ത കാർ

മുതുകുളം: വാഹനത്തിന്റെ വശത്തെ കണ്ണാടി നടന്നുപോകുന്നയാളുടെ ദേഹത്തുതട്ടിയതിന്റെപേരിൽ യുവാവിനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ചു. നല്ലാണിക്കൽ കുളങ്ങരശ്ശേരിൽ അനു(29)വാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ ആറാട്ടുപുഴ എ.സി. പള്ളിക്കു സമീപമാണ് സംഭവം. പരിക്കേറ്റ അനു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.

ഹോട്ടലിൽനിന്നു ഭക്ഷണം വാങ്ങിയശേഷം തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശറോഡിലൂടെ അനു വാഹനമോടിച്ച് വീട്ടിലേക്കു പോകുമ്പോഴാണ് അമീർ എന്നയാളുടെ ദേഹത്ത് കണ്ണാടി തട്ടിയത്. ഇയാൾ വീണു. ഉടൻതന്നെ കാർ നിർത്തി അനു ഇറങ്ങി. കാലിനു പരിക്കേറ്റ അമീറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാനൊരുങ്ങുമ്പോഴാണ് പടിഞ്ഞാറുഭാഗത്തുനിന്ന് ഓടിവന്ന ഒരുസംഘം അതിക്രൂരമായി മർദിച്ചത്.

കമ്പിവടിയും കല്ലുകളും മറ്റും കൊണ്ടായിരുന്നു ആക്രമണം. നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ഏറെനേരം ആക്രമണം തുടർന്നു. അനുവിന്റെ കണ്ണിന്റെ മുകളിൽ മുറിവുണ്ടായി. നാല്‌ തുന്നലുണ്ട്. വലതുകണ്ണിന്റെ പരിക്ക് സാരമുള്ളതാണ്. കാറും അക്രമികൾ തല്ലിത്തകർത്തു. കാറിന് രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.

ഇതിനിടെ, വിവരമറിഞ്ഞ് അനുവിന്റെ ഭാര്യയടക്കമുള്ളവരെത്തി. അവശനായ അനുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അക്രമികൾ അനുവദിച്ചില്ല. സമയമേറെക്കഴിഞ്ഞ് പോലീസെത്തിയതിനുശേഷമാണ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായത്. അക്രമികളെ തടയാൻ ശ്രമിച്ച നാട്ടുകാരായ ചിലർക്കും മർദനമേറ്റു. സംഭവത്തിൽ കണ്ടാലറിയാവുന്നവരുൾപ്പെടെ പതിനൊന്നുപേർക്കെതിരേ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.

Content Highlights: A young man in Kerala was brutally attacked by a mob after his car`s side mirror accidentally hit a pedestrian.