കേരളത്തിലും എംഡിഎംഎ ‘കുക്കിങ് ഹൗസു’കൾ; എറണാകുളത്തും മലപ്പുറത്തുമെന്ന് സൂചന, വലവിരിച്ച് എക്സൈസും പോലീസും

തിരുവനന്തപുരം: ശക്തമായി തുടരുന്ന മയക്കുമരുന്നുവേട്ട മറികടക്കാൻ പുതിയതന്ത്രവുമായി ലഹരിസംഘങ്ങൾ. പുറത്തുനിന്ന് കൊണ്ടുവരുമ്പോൾ പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ രാസലഹരി സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കാനാണു ശ്രമം.
എംഡിഎംഎ വൻതോതിൽ ഉത്പാദിപ്പിക്കുന്ന ചില കേന്ദ്രങ്ങൾ കേരളത്തിലും പ്രവർത്തിക്കുന്നതായാണ് പോലീസ്- എക്സൈസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
എറണാകുളം, മലപ്പുറം ജില്ലകളിലാണ് ’കുക്കിങ് ഹൗസു’ കളെന്ന് വിളിക്കുന്ന കേന്ദ്രങ്ങളുള്ളതെന്നാണു സൂചന. ഫ്ളാറ്റുകളിലോ വീടുകളിലോ ആകാം ഇവ പ്രവർത്തിക്കുന്നത്.
കെമിസ്റ്റുകൾ രാസപ്രവർത്തനത്തിലൂടെ ലബോറട്രിയിൽ ഈ ലഹരിവസ്തു ഉണ്ടാക്കും. ആഫ്രിക്കൻ രാജ്യങ്ങൾ, യൂറോപ്, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള കെമിസ്റ്റുകളെയാണ് ഇതിനുവേണ്ടി എത്തിക്കുന്നത്. ലബോറട്രിക്ക് വേണ്ട സംവിധാനമൊരുക്കുന്നതും അസംസ്കൃത രാസവസ്തുക്കൾ എത്തിക്കുന്നതും പ്രാദേശികസംഘങ്ങളാണ്.
അതിർത്തികളിലടക്കം പരിശോധന കർശനമാക്കിയതോടെ മറ്റു സംസ്ഥാനങ്ങൾക്കുപകരം വിദേശത്തുനിന്ന് എംഡിഎംഎ കടത്തുന്ന രീതിയിലേക്കും തിരിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ കൊച്ചിയിലും തിരുവനന്തപുരത്തും പിടികൂടിയ രാസലഹരി ഇറാനിൽ ഉത്പാദിപ്പിച്ചതാണെന്നാണു കണ്ടെത്തൽ.
രാസലഹരി ക്രിസ്റ്റൽരൂപത്തിലും ക്യാപ്സ്യൂളുകളായുംം വിൽക്കുന്നുണ്ട്. ഒരു ഗ്രാമിന് 5000 രൂപ വിലവരും. പിടികൂടുന്ന എംഡിഎംഎയുടെ അളവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുത്തനെ കൂടിയിട്ടുണ്ട്്.
തൂഫാനിലും തണ്ടറിലും ഇതുവരെ പിടികൂടിയ എം.ഡി.എം.എ: 28.36 കിലോഗ്രാം (പോലീസ്), 26.57 കിലോഗ്രാം (എക്സൈസ്).
Content Highlights: Drug syndicates are setting up local MDMA production units ('cooking houses') in Kerala to avoid border checks., Intelligence reports suggest these labs operate in Ernakulam and Malappuram districts, often using foreign chemists., MDMA is also being smuggled directly from foreign countries like Iran following stricter border controls., Police and Excise departments have seized significant quantities of MDMA under Operation Tufaan and Thunder.