മുഹമ്മദലി എത്ര പേരെ കൊന്നു? ആരാണ് ബാബു? അന്വേഷണത്തിന്റെ വല മുറുക്കി പോലീസ്

മുഹമ്മദലി, തെളിവെടുപ്പിനായി പോലീസ് കൂടരഞ്ഞിയിലെത്തിച്ചപ്പോൾ
മുഹമ്മദലി, തെളിവെടുപ്പിനായി പോലീസ് കൂടരഞ്ഞിയിലെത്തിച്ചപ്പോൾ

കോഴിക്കോട്: മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്‌പറമ്പിൽ മുഹമ്മദലി (56) എത്ര പേരെ കൊന്നു. രണ്ടുപേരെയെന്ന് മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നിലെ സത്യം അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് പോലീസ്.

39 വർഷം മുൻപ്‌, കൃത്യമായി പറഞ്ഞാൽ 1986 ഡിസംബറിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ തന്റെ പതിന്നാലാമത്തെ വയസ്സിൽ ഒരാളെ വെള്ളത്തിൽ തള്ളിയിട്ടുകൊന്നെന്നാണ് മുഹമ്മദലി വേങ്ങര പോലീസിനു മുൻപിൽ ഹാജരായി കുറ്റസമ്മതം നടത്തിയത്. തുടർ ചോദ്യംചെയ്യലിലാണ് 36 വർഷം മുൻപ് 1989-ൽ കോഴിക്കോട് കടപ്പുറത്തുവെച്ച് മറ്റൊരു യുവാവിനെ കൊലപ്പെടുത്തിെയന്നും ഇയാൾ പോലീസിനോട് പറഞ്ഞത്.

അന്നത്തെ കേസിന്റെ രേഖകൾ തേടിയിറങ്ങിയ പോലീസിന്‌ 1989 സെപ്റ്റംബർ 24-ന് ഗാന്ധിറോഡ് ജങ്ഷന് സമീപത്തെ കടപ്പുറത്ത് 30 വയസ്സുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എഫ്ഐആറിന്റെ ഇൻഡക്‌സ് മാത്രമാണ് നിലവിൽ ലഭിച്ചിട്ടുള്ളത്. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ എന്നിവ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഈ കൊലപാതകത്തിന് മുഹമ്മദലിയുടെ വെളിപ്പെടുത്തലുമായി സാമ്യതകളുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കേസുമായി മുന്നോട്ടുപോവാൻ കഴിയുകയുള്ളൂ.

സുഹൃത്തിന്റെ പണം പിടിച്ചുപറിച്ചതിന്റെ പ്രതികാരത്തിൽ കടപ്പുറത്തുവെച്ച് യുവാവിനെ താനും ബാബു എന്ന സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി വേങ്ങര പോലീസിനോട് പറഞ്ഞത്. താൻ രണ്ടുകാലും പിടിച്ചുകൊടുക്കുകയും സുഹൃത്ത് ബാബു പൂഴിയിൽ മുഖമമർത്തി യുവാവിനെ കൊല്ലുകയും ചെയ്തെന്നാണ്‌ മൊഴി. അതുകൊണ്ടുതന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടി മരിച്ചു എന്ന രേഖപ്പെടുത്തിയിട്ടുണ്ടാവാം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആ തരത്തിലാണെങ്കിൽ പോലീസിന് മുഹമ്മദലിയുടെപേരിൽ കൊലക്കുറ്റത്തിന് കേസെടുക്കാം.

മുപ്പത് വയസ്സു തോന്നിക്കുന്നയാളുടെ മൃതദേഹം വായിൽനിന്നും മൂക്കിൽനിന്നും ചോരവന്ന നിലയിൽ കണ്ടെത്തിയെന്നാണ് 1989 സെപ്റ്റംബർ 25-ന് പ്രസിദ്ധീകരിച്ച മാതൃഭൂമി വാർത്തയിൽ പറയുന്നത്. വെള്ളംകുടിച്ചതിന്റെ ലക്ഷണമില്ലെന്ന് മറ്റൊരു പത്രവാർത്തയിലും പറയുന്നുണ്ട്. ഈ വാർത്തകൾ മുഹമ്മദലിയുടെ മൊഴിയുമായി ചേർന്നുനിൽക്കുന്നതാണ്.

ആദ്യം അസ്വാഭാവിക മരണമെന്ന നിലയിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞ​േതാടെ കൊലക്കുറ്റംകൂടി ചേർത്ത് എഫ്ഐആർ മാറ്റംവരുത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളെയും കൊലപാതകിയെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അത്തരം ഏക കേസ് എന്ന നിലയിലാണ് യുവാവിന്റെ മരണം മുഹമ്മദലിയുടെ വെളിപ്പെടുത്തലുമായി ചേർത്ത് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്. മുഹമ്മദലി പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ ടി.കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദലിയെ േചാദ്യംചെയ്തിരുന്നു. അന്ന് മുഹമ്മദലിക്ക്‌ 17 വയസ്സാണ്. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ കോഴിക്കോട്ട് നടക്കുന്ന സമയത്താണ് ബാബു എന്നയാളെ പരിചയപ്പെടുന്നതും കൃത്യം നടത്തുന്നതുമെന്നാണ് മുഹമ്മദലി പോലീസിനോട് പറഞ്ഞത്. ബാബു എറണാകുളം സ്വദേശിയാണെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും ഇയാൾക്കറിയില്ല. 39 വർഷമായി വേട്ടയാടുന്ന മനസ്സിലെ വിങ്ങലവസാനിപ്പിക്കാനാണ് കുറ്റം ഏറ്റുപറഞ്ഞതെന്നാണ് മുഹമ്മദലി പോലീസിനോട് വെളിപ്പെടുത്തിയത്.

കൂടരഞ്ഞിയിലെ കൊലപാതകത്തിൽ മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് തിരുവമ്പാടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആ കേസിലും പോസ്റ്റ്‌മോർട്ടം രേഖകൾ ഉൾപ്പെടെ ലഭിക്കാനുണ്ട്.

മുഹമ്മദലി മനോരോഗത്തിന് ചികിത്സതേടിയയാൾ

തിരുവമ്പാടി: മുഹമ്മദലി നേരത്തേ മനോരോഗത്തിന് ചികിത്സ തേടിയയാളെന്ന് കേസിന്റെ അന്വേഷണച്ചുമതലയുളള തിരുവമ്പാടി ഇൻസ്പെക്ടർ കെ. പ്രജീഷ് പറഞ്ഞു. 2005-ൽ കോഴിക്കോട് എരഞ്ഞിപ്പാലം വിജയ ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ നടത്തിയിരുന്നത്.

ചികിത്സിച്ചിരുന്ന ഡോക്ടറിൽനിന്ന്‌ വിവരങ്ങൾ തേടാൻ നേരിട്ടുപോയെങ്കിലും അധികം വിവരങ്ങൾ ലഭ്യമായില്ല. ഡോക്ടർ കഴിഞ്ഞവർഷം മരിച്ചു. രണ്ടുവർഷംമുൻപ് ആശുപത്രി പൂട്ടിപ്പോകുകയും ചെയ്തു. നേരത്തേ നേരിയ മാനസികാസ്വാസ്ഥ്യമാണ്‌ ഉണ്ടായിരുന്നതെന്നും കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞതിന്റെ സാധൂകരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിയാലേ പറയാൻ കഴിയൂവെന്നും ഇൻസ്പെക്ടർ പറഞ്ഞു.

Content Highlights: kerala kozhikode murder confession police investigation