നഴ്‌സിങ് കോളേജ് റാഗിങ്: പ്രതികൾ ലഹരി ഉപയോഗിക്കുന്നവര്‍, ക്രൂരത ചിത്രീകരിച്ചു,വേദന കണ്ട് ആനന്ദിക്കും

കോട്ടയം: കോട്ടയം ഗവ.നഴ്‌സിങ് കോളേജില്‍ ആറ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ മാസങ്ങളോളം ക്രൂരമായി റാഗിങ്ങിനിരയാക്കിയ സംഭവത്തില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കേസെടുത്ത് 49-ാം ദിവസമാണിത്. സീനിയര്‍ വിദ്യാര്‍ഥികളായ അഞ്ച് പേര്‍ക്കെതിരേയാണ് റാഗിങ് നിരോധന നിയമവും, ഭാരതീയ ന്യായസംഹിതയും (ബിഎന്‍എസ്) അനുസരിച്ചുള്ള വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
നഴ്‌സിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവേല്‍ (20), വയനാട് നടവയല്‍ ഞാവലത്ത് ജീവ (19), മലപ്പുറം മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത് (20), മലപ്പുറം വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍രാജ് (22), കോട്ടയം കോരുത്തോട് നെടുങ്ങാട് വീട്ടില്‍ വിവേക് (21) എന്നിവരാണ് പ്രതികള്‍. ഇവര്‍ റിമാന്‍ഡിലാണ്.
തിരുവനന്തപുരം സ്വദേശികളായ ആറ് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണ് പീഡനത്തിനിരയായത്. കഴിഞ്ഞ നവംമ്പര്‍ നാലുമുതല്‍ നാല് മാസത്തോളം റാഗിങ്ങും പീഡനവും നടന്നതായി കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും ഇതിന് പണം കണ്ടെത്തിയത് ഇരകളായ വിദ്യാര്‍ഥികളില്‍നിന്നാണെന്നും കണ്ടെത്തി.
ക്രൂരത വിവരിച്ച് കുറ്റപത്രം
വിദ്യാര്‍ഥികളെ വിവസ്ത്രരാക്കി കൈയും കാലും കട്ടിലില്‍ കെട്ടിയിട്ടായിരുന്നു പീഡനങ്ങള്‍. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എണ്ണിയെണ്ണി കഴുത്തുമുതല്‍ കാല്‍പാദം വരെ കോമ്പസും ഡിവൈഡറും ഉപയോഗിച്ച് കുത്തി. രക്തം പൊടിയുമ്പോള്‍ മുറിവില്‍ ലോഷന്‍ പുരട്ടി. മലര്‍ത്തിക്കിടത്തി സ്വകാര്യഭാഗത്ത് വ്യായാമത്തിനുപയോഗിക്കുന്ന ഡമ്പല്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവച്ചു. ഇരുമാറിലും ക്ലിപ്പിട്ടുമുറുക്കി. ശരീരമാസകലം ക്രീം പുരട്ടി. വേദനകൊണ്ട് നില വിളിച്ച വിദ്യാര്‍ഥിയുടെ വായിലേ യ്ക്ക് ലോഷന്‍ ഒഴിച്ചു.
ശരീരത്തില്‍ ക്രീം പുരട്ടിയ ശേഷം ഷേവിങ് റേസര്‍ ഉപയോഗിച്ച് വടിച്ചു. പീഡനരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. നിലവിളി പുറത്തുകേള്‍ക്കാ തിരിക്കാന്‍ വായില്‍ തുണി തിരുകി. എല്ലാ ആഴ്ചകളിലും 800 രൂപ വീതം ഭീഷണിപ്പെടുത്തി പിരിച്ചെടുത്തു. ഇരകളെക്കൊണ്ട് മദ്യം വാങ്ങിപ്പിച്ചു. ചിത്രീകരിച്ചു വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം പിരിച്ചു.
ഇരകള്‍ വേദനകൊണ്ട് കരഞ്ഞപ്പോള്‍ പ്രതികള്‍ അത്കണ്ട് ആനന്ദിച്ചു. ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ആസ്വദിച്ചു. ചിത്രീകരിച്ച പീഡനരംഗങ്ങളില്‍ ചിലത് നശിപ്പിച്ചു. ഇത് വീണ്ടെടുക്കാന്‍ അന്വേഷണസംഘം മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധ നയ്ക്കയച്ചിട്ടുണ്ട്.
വീഡിയോ ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, കോട്ടയം ഡി.വൈ.എസ്.പി കെ.ജി അനീഷ്, ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്്‌പെക്ടര്‍ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Content Highlights: Kerala Nursing College Ragging: Chargesheet Filed