കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാർ, അറസ്റ്റ് രേഖപ്പെടുത്തും, അമ്മയെ തത്കാലം വിട്ടയക്കും - പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയത് അമ്മാവനെന്ന സ്ഥിരീകരണത്തിലേക്ക് പോലീസെത്തിയതായി സൂചന. കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തിൽ പങ്കുണ്ടെന്നും പ്രതി ചേർക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയക്കനാണ് തീരുമാനമെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി ഷാജി പറഞ്ഞു.
അമ്മാവൻ ഹരികുമാറാണ് കുട്ടിയെ കിണറ്റിലെറിഞ്ഞതെന്നാണ് നിഗമനം. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു. ശ്രീതുവിന് പങ്കുണ്ടോയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്നും എപ്പോൾ വിളിച്ചാലും സ്റ്റേഷനിലെത്തണമെന്നതടക്കമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും യുവതിയെ വിട്ടയക്കുകയെന്നുമാണ് വിവരം.
ചോദ്യം ചെയ്യലിൽ ശ്രീതുവിന്റെെയും ശ്രീജിത്തിന്റെയും ഹരികുമാറിന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാറാണെന്ന നിഗമനത്തിലേക്കെത്തുമ്പോഴും കൃത്യത്തിലേക്ക് നയിച്ച കാരണമെന്തെന്നതിൽ വ്യക്തതയില്ല. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയത്തിലാണ് പോലീസ്.
വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
Content Highlights: Police arrest uncle for the murder of a 2-year-old in Balaramapuram,