23-കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും യുവതിയും അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ജോലിക്കായി എത്തിയ 23-കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രധാന പ്രതിയായ ഇടനിലക്കാരിയും പിടിയിൽ. ആലപ്പുഴ മാന്നാർ സ്വദേശി അശ്വതി (22) ആണ് പിടിയിലായത്. ആലപ്പുഴ മാന്നാറിൽ നിന്നാണ് അശ്വതിയെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തിൽ സിപിഎം മേനംകുളം കൽപ്പന ബ്രാഞ്ച് സെക്രട്ടറി ആറ്റരികത്ത് വീട്ടിൽ ജിബ്‌സണെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സ്പാ നടത്തിപ്പുകാരി ഒളിവിലാണ്.
ഒന്നാം തീയതിയാണ് പാലക്കാട് സ്വദേശിനിയായ 23-കാരി കഴക്കൂട്ടത്ത് ജോലിക്കായി എത്തിയത്. കഴക്കൂട്ടത്തെ ഒരു സ്ഥാപനത്തിൽ ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് ആയി ജോലി നൽകാമെന്ന് പറഞ്ഞാണ് അശ്വതി യുവതിയെ വിളിച്ചുവരുത്തിയത്.
യുവതിയെ അനുനയത്തിൽ സ്പായിലേയ്ക്ക് കയറ്റിയശേഷം ഇടപാടുകാരനായ ജിബ്‌സണെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് സ്പായിൽ എത്തിയ പ്രതി അവിടെവെച്ച് യുവതിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും വായ പൊത്തി പിടിക്കുകയും ചെയ്തു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ട യുവതി സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. മാനസികമായി തകർന്ന പെൺകുട്ടി ഭർത്താവിനോട് വിവരം പറയുകയും കഴക്കൂട്ടം പോലീസിൽ പരാതി നൽകുകയും ചെയ്തു
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. സ്പാ നടത്തിപ്പുകാരിയെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
Content Highlights: Second suspect Ashwathi arrested from Mannar, Alappuzha., Main accused Gibson, a CPM branch secretary, already in judicial custody