കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: ലോറി ഡ്രൈവറായ പ്രതി മധുരയില്‍ പിടിയില്‍

പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയില്‍നിന്നാണ് പ്രതിയെ പിടികൂടിയതെന്നും തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ ലോറി ഡ്രൈവറാണെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ പേരോ മറ്റുവിവരങ്ങളോ നിലവില്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വൈകാതെ ഇയാളെ കഴക്കൂട്ടത്ത് എത്തിക്കും.

വെള്ളിയാഴ്ച രാവിലെയാണ് കഴക്കൂട്ടത്തെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചുകയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അക്രമി ഹോസ്റ്റല്‍മുറിയില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് യുവതിയുടെ പരാതി.

ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. ഞെട്ടിയുണര്‍ന്ന യുവതി ബഹളംവെച്ചതോടെ അക്രമി ഓടിരക്ഷപ്പെട്ടു. പിന്നാലെ യുവതി കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മധുരയില്‍നിന്ന് പ്രതിയെ പോലീസ് പിടികൂടിയത്.

Content Highlights: Police have apprehended the accused in the Kazhakkoottam hostel assault case. The IT employee was attacked while sleeping. The suspect was nabbed in Madurai, Tamil Nadu.