വാഗ്ദാനം ഐഫോണ്‍, കുട്ടിയുടെ കൈയില്‍ മയക്കുമരുന്ന് നല്‍കി ക്വട്ടേഷന്‍; ഗുണ്ട 'താറാവ് ശ്യാം' അറസ്റ്റില്‍

കായംകുളം : ക്വട്ടേഷന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കൈയില്‍ മാരക മയക്കുമരുന്നു നല്‍കിയ കേസില്‍ മൂന്നാംപ്രതി അറസ്റ്റില്‍. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കണ്ടല്ലൂര്‍ തെക്ക് മുറിയില്‍ ശ്യാംലാല്‍ നിവാസില്‍ ശ്യാംലാല്‍ (29താറാവ് ശ്യാം)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ 30-നാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ 230 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്പുമായി പിടികൂടിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ സംഗീത് എന്ന യുവാവിനെ മയക്കുമരുന്നുകേസില്‍ പ്രതിയാക്കാനാണ് ശ്യാംലാല്‍ പദ്ധതി തയ്യാറാക്കിയത്. ശ്യാംലാലിന്റെ അടുത്ത സുഹൃത്തും ചേപ്പാട് സ്വദേശിയുമായ രാഘില്‍ 30 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷനെടുത്തത്. ഐഫോണ്‍ പ്രതിഫലമായി നല്‍കാമെന്നു വാഗ്ദാനംചെയ്ത് കുട്ടിയെ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചത് ശ്യാമാണ്.
തുടര്‍ന്ന് കുട്ടിയുമായി സംഗീത് താമസിച്ചുവന്ന തിരുവനന്തപുരത്തെ വീടിനു സമീപവും ചവറയിലെ ബന്ധുവീടിനു സമീപവും ഇവരെത്തി. കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍നിന്നു സംഗീതിന്റെ മൊബൈല്‍ ഫോണിലേക്കു വിളിച്ചിട്ട് ഫോണ്‍ കട്ട് ചെയ്തു. അങ്ങനെ കുട്ടിയുടെ സ്ഥലത്തെ സാന്നിധ്യം ഡിജിറ്റല്‍ തെളിവാക്കി. മൊബൈല്‍ ഫോണ്‍ മുഖാന്തരമുള്ള ബന്ധവും ഇതോടെ ഉറപ്പിച്ചു. അതിനുശേഷമാണ് ഇവര്‍ കുട്ടിയുടെ കൈയില്‍ മയക്കുമരുന്നു നല്‍കി പോലീസിനെക്കൊണ്ടു പിടിപ്പിച്ചത്. പോലീസ് കുട്ടിയെ പിടികൂടി ചോദ്യംചെയ്തപ്പോള്‍ മയക്കുമരുന്നു നല്‍കിയത് തിരുവനന്തപുരം സ്വദേശി സംഗീതാണെന്നു പറഞ്ഞു. പോലീസ് സംഗീതിനെ പിടികൂടുകയും ചെയ്തു.
കുട്ടിയോട് കൂടുതലായി ചോദിച്ചപ്പോള്‍ മൊഴിയില്‍ വൈരുധ്യം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്റെ ചുരുളഴിഞ്ഞത്. രണ്ടാംപ്രതിയായ രാഘിലിനെ പോലീസ് പിടികൂടി. ഇതോടെ ശ്യാംലാല്‍ ഒളിവില്‍പ്പോയി. എന്നാല്‍, ശ്യാംലാല്‍ ഇയാളുടെ ഗാങ്ങില്‍പ്പെട്ട യുവാക്കളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ പല സ്ഥലങ്ങളിലായി നടത്തി ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചു. ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന ബര്‍ത്ത് ഡേ പാര്‍ട്ടികളില്‍ യുവാക്കള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്നു നല്‍കി വലിയതോതില്‍ പണം കൈക്കലാക്കുന്നതാണ് ഇയാളുടെ പ്രധാന രീതി.
മയക്കുമരുന്നിന് അടിമകളായ യുവാക്കള്‍ കണ്ടല്ലൂര്‍, കായംകുളം പ്രദേശങ്ങളിലുണ്ട്. ഒളിവില്‍ക്കഴിയുന്ന സമയം കഞ്ചാവുതോട്ടത്തില്‍വെച്ച് കഞ്ചാവ് പറിച്ചെടുത്ത് കൈകളില്‍വെച്ച് വീഡിയോ ചിത്രീകരിച്ച് ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
കായംകുളം, കനകക്കുന്ന്, കരീലക്കുളങ്ങര തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, അടിപിടി, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ഒളിവിലായിരുന്ന ശ്യാംലാലിനെ പാലക്കാട് ജില്ലയിലെ പാമ്പള്ളം ടോള്‍ പ്ലാസയില്‍വെച്ചാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കായംകുളം പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡുചെയ്തു. ഇയാളുടെ പേരില്‍ 2023 ല്‍ കാപപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്.
Content Highlights: Third accused in Kayamkulam case arrested for drugging a minor as part of a drug deal. The accused, a listed goon, planned to frame another youth. Investigation ongoing.