കട്ടപ്പന ഇരട്ടക്കൊലപാതകം: മോഷണക്കേസിന് പിന്നിലെ കൊലപാതകം ചുരുളഴിച്ചു; ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഓണർ

കട്ടപ്പന: നഗരത്തില് നടന്ന ഇരട്ടക്കൊലപാതകം അന്വേഷിച്ച ഏഴ് പോലീസ് ഉദ്യോഗസ്ഥര്ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്. മോഷണക്കേസായി ഒതുങ്ങേണ്ട സംഭവത്തിന് പിന്നിലെ കൊലപാതകം തെളിയിച്ചതിനാണ് ബാഡ്ജ് ഓഫ് ഓണര്.
ഡിവൈഎസ്പി പി.വി. ബേബി, സ്പെഷ്യല് ബ്രാഞ്ച് എസ്ഐ ബിനോ, എസ്ഐ സി.ഡി. മനോജ്, എസ്സിപിഒ പി.എസ്. ഷിബു, എസ്സിപിഒ സിനോജ് ജോസഫ്, എസ്സിപിഒ സുമേഷ്, സിപിഒ ശരണ്യമോള് പ്രസാദ് എന്നിവര്ക്കാണ് ബാഡ്ജ് ഓഫ് ഓണര് ലഭിച്ചത്.
2024 മാര്ച്ച് രണ്ടിന് നഗരത്തില് നടന്ന മോഷണക്കേസില് പ്രതിയായ നിതീഷും വിഷ്ണുവും പിടിയിലായതിനെ തുടര്ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇരട്ടക്കൊലക്കേസിന്റെ ചുരുളഴിയുന്നത്. 2016 ജൂലായിലാണ് നവജാത ശിശുവിന്റെ കൊലപാതകം നടന്നത്. മുഖ്യപ്രതി നിതീഷിന് വിഷ്ണുവിന്റെ സഹോദരിയില് ഉണ്ടായ ആണ്കുട്ടിയെ ജനിച്ച് ഏതാനും ദിവസങ്ങള്ക്കകം കൊല്ലുകയായിരുന്നു.
കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിഷ്ണുവിന്റെ വീട്ടില് കുഴിച്ചിട്ടുവെന്ന് നിതീഷ് മൊഴി നല്കി. സംഭവം പുറത്തു പറയാതിരിക്കാന് 2023 ഓഗസ്റ്റിലെ ഒരു രാത്രിയില് വിഷ്ണുവിന്റെ അച്ഛന് കാഞ്ചിയാര് കക്കാട്ടുകട നെല്ലിപ്പള്ളില് വിജയനെ (60) പ്രതികള് രണ്ടുപേരും ചേര്ന്ന് ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു. മൃതദേഹം കാഞ്ചിയാറിലെ വാടകവീടിന്റെ ഉള്ളില് കുഴിച്ചിട്ടെന്നും പ്രതികള് മൊഴി നല്കി.
കാഞ്ചിയാറിലെ വീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയില് മൃതദേഹാവശിഷ്ടങ്ങള് കണ്ടെത്തിയിരുന്നു. എന്നാല്, നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന് കഴിഞ്ഞില്ല. അന്ന് കട്ടപ്പന സിഐ ആയിരുന്ന എന്. സുരേഷ് കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്കിയത്. എന്നാല് വകുപ്പുതല നടപടികളുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന് ബാഡ്ജ് ഓഫ് ഓണര് ലഭിച്ചില്ല.
Content Highlights: badge of honour for kattappana double murder investigation officers kerala police idukki news