ഒരുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; കട്ടപ്പനയിൽ രണ്ട് ബി.ആർ.സി. ഉദ്യോഗസ്ഥരെ പുറത്താക്കി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കട്ടപ്പന: കട്ടപ്പന ബ്ലോക്ക് റിസോഴ്സ് സെൻ്ററിൽ നടന്ന സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി. താത്കാലിക ജീവനക്കാരായ അശോക് വി. ജോസഫ്, അഞ്ജലിദാസ് എന്നിവരെയാണ് പുറത്താക്കിയത്.

സ്ഥാപനത്തിന്റെ ഇന്റേണൽ ഓഡിറ്റിൽ ആദ്യം 32 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സ്ഥാപനത്തിലെ അക്കൗണ്ടന്റിനെയും എം.ഐ.എസ്. കോ-ഓർഡിനേറ്ററേയും പുറത്താക്കിയത്. വിവിധ സർക്കാർ പദ്ധതികൾക്കായി അനുവദിച്ച തുകയിലാണ് ഇവർ ക്രമക്കേട് നടത്തിയതെന്നാണ് സൂചന.

സംഭവം വിവാദമായതോടെ തട്ടിയെടുത്ത തുക അധികൃതർ തിരിച്ച് അടപ്പിച്ച ശേഷമാണ് ജീവനക്കാരെ പുറത്താക്കിയത്. എന്നാൽ, പിന്നീട് നടത്തിയ വിശദമായ ഓഡിറ്റിൽ ഏകദേശം ഒരുകോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബി.ആർ.സി. അധികൃതർ നൽകിയ പരാതിയിൽ ജീവനക്കാർക്കെതിരെ കട്ടപ്പന പോലീസ് കേസെടുത്തു. അതേസമയം, തട്ടിപ്പിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബി.ആർ.സി. അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

Content Highlights: Two temporary officials dismissed from Kattappana BRC., Internal audit revealed initial 32 lakh fraud, later escalated to 1 crore., Police registered a case against Ashok V. Joseph and Anjali Das., Funds were allegedly misappropriated from various government schemes.