'അടുത്ത സ്കൂളിൽ അടി നടന്നാൽ ഇവിടെയും അത്‌ നടക്കണം'; അധ്യാപകനോട് വിദ്യാർഥി, 'തല്ലുമാല' വൈറലുമാക്കണം

#ഇ.വി. ജയകൃഷ്ണൻ
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കാഞ്ഞങ്ങാട്: മക്കളുടെ 'തല്ലുമാല' ട്രെൻഡിൽ ഉള്ളുരുകുകയാണ് അമ്മമാർ. മറ്റാരോടും പറയാനാകാതെ അടുക്കളപ്പുറത്തിരുന്ന് കരയുന്നുണ്ടിവർ. കുളിച്ചൊരുങ്ങി അലക്കിത്തേച്ച യൂണിഫോമിട്ട് നല്ല ആരോഗ്യത്തോടെ സ്കൂളിലേക്ക്‌ പോകുന്ന മക്കൾ തിരിച്ചെത്തുന്നത് ചുവന്ന് കല്ലിച്ച കവിളും ദേഹമാസകലം വേദനയുമായിട്ടാണ്.

പാന്റ്സും ഷർട്ടും മണ്ണിന്റെ നിറമായിട്ടുണ്ടാകും. വീട്ടിലേക്ക് മടങ്ങിവരുന്ന മക്കളെ കാണുമ്പോൾ തന്നെ അമ്മമാരുടെ നെഞ്ച്‌ പിടയുകയാണ്. എന്തുപറ്റിയെന്ന് ചോദിച്ചാൽ ഒന്നും മിണ്ടാതെ മുറിയിലേക്കു പോകും.

എന്തെങ്കിലുമൊക്കെ ആഹാരം കഴിച്ച് കിടന്നാലും കുറച്ചുസമയം കഴിയുമ്പോൾ തലവേദയോ പേശിവേദനയൊ ഒക്കെയായി സഹിക്കാൻ പറ്റാത്ത അവസ്ഥയിലായിരിക്കും, അവനെയും കൂട്ടി പാതിരാത്രിയിൽ ആസ്പത്രിയിലേക്കുള്ള ഓട്ടം.

ഉള്ളുനീറിയും സദാ കണ്ണീരൊഴുക്കിയും കഴിയുന്ന അമ്മമാരുടെ മുഖത്തേക്ക് ഒരൊറ്റത്തവണ നോക്കാൻ പോലും 'തല്ലുമാല'ക്കാരായ മക്കൾ തയ്യാറാകുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ നിരവധിയിടങ്ങളിൽ വിദ്യാർഥികൾ ചേരി തിരിഞ്ഞ് തല്ലുണ്ടാക്കി.

അടികൂടിയില്ലെങ്കിൽ അഭിമാനക്കുറവോ

'നോക്കടാ, ഉശിരൻ തല്ല്'- വാട്‌സാപ്പ് ഗ്രൂപ്പിൽ വരുന്ന വീഡിയോ എടുത്ത് കൂട്ടുകാർ പരസ്പരം കാണുന്നു. ന്നാപ്പിന്ന ഞങ്ങൾക്കും തുടങ്ങിയാലോ എന്ന ആലോചന. എന്തെങ്കിലും കാരണമുണ്ടാക്കി വഴക്കിടും. അധികം വൈകില്ല, കൂട്ട അടിയാണ്. സ്കൂൾ കോമ്പൗണ്ടിലും റോഡിലും ബസ് സ്റ്റാൻഡിലുമെല്ലാം സ്ഥലവും സന്ദർഭവും നോക്കാതെ അടി. പ്ലസ് ടു-പ്ലസ് വൺ വിദ്യാർഥികളാണ് അടികൂടുന്നവരിൽ ഏറെയും. പതിയെ പത്താംക്ലാസിലേക്കും ഒൻപതാം ക്ലാസിലേക്കുമെല്ലാം ഈ ട്രെൻഡ് എത്തിത്തുടങ്ങിയിട്ടുണ്ട്. 'തൊട്ടടുത്ത സ്കൂളിൽ അടി നടന്നാൽ ഈ സ്കൂളിലും അത്‌ നടക്കണം. അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവരെന്ന് മുദ്രകുത്തും. അതാണ് അടിയുണ്ടാക്കിയത്' -ഒരു വിദ്യാർഥി അധ്യാപകനോട് പറഞ്ഞ മറുപടിയാണിത്.

സാമൂഹികമാധ്യമങ്ങളിൽ വൈറലാക്കൽ

അടികൂടുന്നത് വൈറലാക്കുകയും വേണം. കൂട്ടത്തിലുള്ളവർ തന്നെ മൊബൈലിൽ ചിത്രീകരിക്കും. വാട്‌സാപ്പിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഷെയർ ചെയ്യും. വേദന സഹിച്ച് കിടന്നാലും തല്ലുകൂടിയതാണെന്ന് മകൻ പറയില്ല. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ അമ്മയും കാണും ഏതെങ്കിലും വാടസാപ്പ് ഗ്രൂപ്പിൽ തന്റെ മകൻ നടുറോഡിൽനിന്ന്‌ തല്ല്‌ വാങ്ങുന്നത്.

ഫോണിന്റെ സ്‌ക്രീനിലേക്ക് തെറിക്കുന്ന കണ്ണുനീർ ആരും കാണാതെ തുടയ്ക്കും ആ വിറയാർന്ന കൈകൾ. മകന്റെ തല്ല്‌ ട്രെൻഡ്‌ അച്ഛനെ വിഷമിപ്പിക്കേണ്ടെന്ന്‌ കരുതി അദ്ദേഹത്തെ അറിയിക്കാതെ നൊമ്പരം മുഴുവൻ ഉള്ളിലൊതുക്കുന്നു, ഒരമ്മ.

ലഹരിയും ഡി.ജെ. പാർട്ടിയും

'കുറേയറെ കുട്ടികളുണ്ടിവിടെ. എല്ലാവരെയും നോക്കാൻ കഴിഞ്ഞെന്ന്‌ വരില്ല. നിങ്ങൾ തന്നെ നിങ്ങളുടെ മക്കളെ നോക്കണം' രക്ഷിതാക്കളോട് ഇങ്ങനെ പറയുന്ന അധ്യാപകരുമുണ്ട്. ഈ സ്കൂളിലെ ഓരോ കുട്ടിയിലും കരുതലുണ്ടാകും. ഒരാശങ്കയും വേണ്ടെന്നാണ് അധ്യാപകർ പറയേണ്ടതെന്ന് പോലീസുദ്യോഗസ്ഥരും കൗൺസലിങ് നൽകുന്ന മനശ്ശാസ്ത്ര വിദഗ്ധരുമെല്ലാം പറയുന്നു. ഡി.ജെ.പാർട്ടിയാണ് മറ്റൊരു ട്രെൻഡ്. ഇവന്റ് മാനേജ്‌മെന്റുകാർ ഇത്‌ ഭംഗിയായി നടത്തിക്കൊടുക്കുന്നു. ലഹരിയുമുണ്ട് കൂട്ടത്തിൽ. തല്ലുമാലയിൽ തുടങ്ങി ലഹരിയിലേക്കെത്തുന്ന മക്കളോട് അമ്മമാർ പറയുന്നു, എത്രത്തോളം പ്രതീക്ഷയാണ് നിങ്ങൾക്കുമേൽ ഉള്ളത്. അതെല്ലാം തല്ലിയുടക്കുന്നത് ഞങ്ങളുടെ പ്രാണനെടുക്കുന്നതിന് തുല്യമാണ്.

Content Highlights: Gang war between school children