കരുവാറ്റ കൊലക്കേസ്; പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽവിട്ട് കോടതി

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട ശിവൻകുട്ടി, കൊലപാതകം നടന്ന കരുവാറ്റയിലെ വീട്
കൊല്ലപ്പെട്ട ശിവൻകുട്ടി, കൊലപാതകം നടന്ന കരുവാറ്റയിലെ വീട്

ആലപ്പുഴ: കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുറ്റാരോപിതരെയും പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ആലപ്പുഴ ജുവനൈൽ കോടതി ഉത്തരവിട്ടു. 13 വയസുകാരി ഉൾപ്പെടെ കുറ്റകൃത്യത്തിൽ പങ്കാളികളായ മുഴുവൻ പ്രതികളും മൈനർ ആയ കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഈ അസാധാരണ നടപടി.

പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഇല്ലെന്നും, അത്തരത്തിലുള്ള മുൻ കോടതിവിധികൾ ഇല്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും ഇതൊരു അപൂർവനേട്ടമായി. 13 വയസുകാരി ഉൾപ്പെടെയുള്ള നാല് പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്.

അടച്ചിട്ട വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയാണ് പ്രതികൾ കൊലപാതകം നടത്തിയത്, കേസിൽ ദൃസാക്ഷികൾ ആരും ഇല്ല, സംഭവത്തിൽ കുട്ടികൾ മാത്രമാണ് പ്രതികൾ - ഈ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ അറസ്റ്റിലായവരെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസ് ദുർബലപ്പെടും എന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു.

കുട്ടികളെ പോലീസ് ലോക്കപ്പിലും ജയിലിലും പാർപ്പിക്കരുത് എന്ന് മാത്രമാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് നിർദേശിക്കുന്നത്. പോലീസ് കസ്റ്റഡിയെപ്പറ്റി ഇതിൽ പ്രത്യേകം വ്യവസ്ഥ ഇല്ലാത്ത പക്ഷം, ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പരിഗണനയിലെടുത്ത്, പ്രതികളെ അന്വേഷണത്തിന് വിട്ടുകിട്ടണം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ജുവനൈൽ നിയമത്തിൽ കുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ഇല്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിൽ പറയുന്ന വ്യവസ്ഥകൾ അനുസരിച്ച്, പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടണം എന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചു.

തെളിവെടുപ്പ് നടത്തുന്നതിന് രഹസ്യ സ്വഭാവം ഉറപ്പിക്കാൻ കർശന വ്യവസ്ഥകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്ത് കൊലപാതകം നടത്തിയാൽ നിയമപരിരക്ഷ കിട്ടില്ല എന്ന സന്ദേശമാണ് ഈ കോടതി വിധി നൽകുന്നതെന്ന് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകൻ മനു കല്ലമ്പള്ളിയാണ് ഹാജരായത്.

Content Highlights: The Alappuzha Juvenile Court ordered police custody for three minors involved in a murder case, marking an unusual decision due to the rarity of such cases involving minors. Despite the defense's argument against police custody for minors under the Juvenile Justice Act, the court sided with the prosecution, emphasizing the need for evidence collection.