കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്നുതവണ മുൻപുള്ള ഭരണസമിതിയെയും പ്രതിചേർത്തു

#ന്യൂസ് ഡെസ്‌ക്
കരുവന്നൂർ ബാങ്ക്. ഫോട്ടോ: മനീഷ് ചേമഞ്ചേരി | മാതൃഭൂമി
കരുവന്നൂർ ബാങ്ക്. ഫോട്ടോ: മനീഷ് ചേമഞ്ചേരി | മാതൃഭൂമി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് മൂന്നുതവണ മുൻപുള്ള ഭരണസമിതിയിലെ ജീവിച്ചിരിപ്പുള്ള ഏഴു പേരെ പ്രതിചേർത്തു. 80 വയസ്സിന് മുകളിലുള്ളവരാണിവർ. ഇവരുടെ കാലത്താണ് തട്ടിപ്പ് തുടങ്ങിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഈ സമിതിയുടെ അവസാന കാലത്ത് ഒരു വ്യക്തിക്കുള്ള പരമാവധി വായ്പത്തുക 50 ലക്ഷമാക്കിയിരുന്നു. എന്നാൽ നിരവധി പേർക്ക് രണ്ടുകോടി വരെ വായ്പ നൽകി. ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്ത് വായ്പ അനുവദിച്ച് തുടങ്ങിയതും ഈ ഭരണസമിതിയുടെ കാലത്താണ്. കേസ് രജിസ്റ്റർ ചെയ്ത കാലത്തും അതിനു മുൻപും ഉണ്ടായിരുന്ന ഭരണസമിതിയംഗങ്ങളെ നേരത്തേ പ്രതി ചേർത്തിരുന്നു.

ഏഴു പേരേക്കൂടി പ്രതി ചേർത്തതോടെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ പ്രതികൾ 31 ആയി. ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ടി.ആർ. സുനിൽകുമാർ, മാനേജരായിരുന്ന ബിജു കരീം, ബിജുവിന്റെ ഭാര്യ, ചീഫ് അക്കൗണ്ടന്റായിരുന്ന സി.കെ. ജിൽസ്, ജിൽസിന്റെ ഭാര്യ എന്നിവരാണ് ഭരണസമിതിയംഗങ്ങളല്ലാത്ത പ്രതികൾ. മറ്റു 26 പേർ മൂന്നു കാലഘട്ടങ്ങളിലെ ഭരണസമിതിയംഗങ്ങളാണ്. ഒന്നിലേറെ തവണ ഭരണസമിതിയംഗങ്ങളായവരുണ്ട്. മരിച്ചു പോയവരുമുണ്ട്. അതിനാലാണ് പ്രതിചേർക്കപ്പെട്ട ഭരണസമിതിയംഗങ്ങൾ 26 ആയത്.

കരുവന്നൂർ ബാങ്കിൽ നടന്നത് 100 കോടിയുടെ തട്ടിപ്പാണെന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നത്. പ്രതികളെയെല്ലാം അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഓരോ പ്രതിയുടേയും പേരിൽ 17 കേസുകളാണുള്ളത്.

കേസന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 324 കോടിയുടെ കള്ളപ്പണ ഇടപാട് എന്നാണ് കണ്ടെത്തിയത്. 83 പേരെ ഇഡി പ്രതി ചേർത്തു. ഇതിൽ സിപിഎം പാർട്ടിയും പ്രതിയാണ്. ക്രൈംബ്രാഞ്ച് പ്രതിചേർത്ത 31 പേരിൽ 13 പേരെ മാത്രമാണ് ഇഡി പ്രതികളാക്കിയത്.

പ്രതിപ്പട്ടികയിലുള്ള സിപിഎമ്മിന്റെ സ്വത്തടക്കം 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് നാലരവർഷമായിട്ടും ഒരു കുറ്റപത്രം പോലും ക്രൈംബ്രാഞ്ച് സമർപ്പിച്ചിട്ടില്ല.

Content Highlights: Crime Branch names 7 former Karuvannur Bank directors, some aged over 80, in the Rs 100 crore scam. ED probe continues into Rs 324 crore money laundering.