പ്രണയവിവാഹം, മദ്യപാനം കാരണം ദാമ്പത്യം തകർന്നു; ദിവ്യശ്രീയെ കൊന്നിട്ട് രാജേഷ് പോയതും ബാറിലേക്ക്

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട ദിവ്യശ്രീ, പ്രതി രാജേഷ്‌
കൊല്ലപ്പെട്ട ദിവ്യശ്രീ, പ്രതി രാജേഷ്‌

തലശ്ശേരി: കരിവെള്ളൂരിലെ വനിതാ സിവിൽ പോലീസ് ഓഫീസർ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് രാജേഷ് പിടിയിലായത് ബാറിൽ മദ്യപാനത്തിനിടെ. കൊലപാതകശേഷം കടന്നുകളഞ്ഞ ഇയാൾ പുതിയതെരുവിൽ ബാറിൽ കയറുകയായിരുന്നു. ഇവരുടെത് പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം ദിവ്യശ്രീക്ക് പോലീസിൽ ജോലിലഭിച്ചു. രാജേഷ് ഡ്രൈവറായിരുന്നു. രാജേഷിന്റെ മദ്യപാനത്തെ തുടർന്ന് ദാമ്പത്യം തകർന്നതാണ് ദാരുണ സംഭവങ്ങളിലേക്ക് നയിച്ചത്. ദിവ്യശ്രീ കുടുംബകോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ ഏഴുലക്ഷം രൂപ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുടുംബകോടതിയിൽ മധ്യസ്ഥ ചർച്ച നടന്നദിവസം വൈകീട്ടാണ് കൊലപാതകം നടന്നത്. ചന്തേര പോലീസ് സ്റ്റേഷനിലായിരുന്ന ദിവ്യശ്രീ അന്ന് ശബരിമലയിൽ സേവനത്തിന് പോകേണ്ടതായിരുന്നു. ഇവർക്ക് ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകനുണ്ട്.

കൊലപ്പെടുത്തിയ കൊടുവാൾ പുഴയിൽ ഉപേക്ഷിച്ചത് കണ്ടെടുക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയുടെ മൊഴിയെടുക്കുന്നതും പോലീസ് ചിത്രീകരിച്ചിരുന്നു. ആയുധവും പെട്രോളും വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യം അന്വേഷണസംഘം ശേഖരിച്ചു. ഇവയും പ്രതിയുടെ ബൈക്കുൾപ്പെടെ 51 തൊണ്ടിമുതലുകളും 102 രേഖകളും കോടതിയിൽ ഹാജരാക്കി. 92 സാക്ഷികളിൽ 65 പേരെ വിസ്തരിച്ചു. പയ്യന്നൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീഹരിയാണ് കേസന്വേഷിച്ചത്. ശ്രീഹരിയെ അഞ്ച് ദിവസം വിസ്തരിച്ചു. ദിവ്യശ്രീയുടെ അച്ഛൻ വാസു, അയൽവാസി ശശിമോഹൻ, ദിവ്യശ്രീയുടെ അനുജത്തി പ്രവിത, മൃതദേഹം പരിശോധിച്ച കണ്ണൂർ മെഡിക്കൽ കോളേജിലെ ഡോ. പ്രജിത്ത് എന്നിവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു.

സെൻട്രൽ ജയിലിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി തിരിച്ച് ജയിലേക്ക് കൊണ്ടുപോയി. വിചാരണ തീരുമാനിച്ചപ്പോൾ പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പ്രതിഭാഗം കോടതിയെ അറിയിച്ചതിനെ തുടർന്ന് മനോരോഗ ചികിത്സയ്ക്ക് ഒരുമാസം കോഴിക്കോട് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാനസിക പ്രശ്‌നമില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനെ തുടർന്ന് ജനുവരി 19-ന് കേസ് വിചാരണ തുടങ്ങി.

Content Highlights: Husband Rajesh convicted for the murder of civil police officer Divyashree., The crime stemmed from marital disputes over alcohol abuse and divorce proceedings., Prosecution presented 51 pieces of evidence and 102 documents to secure the conviction., Medical board confirmed the accused was mentally fit to stand trial in 2026., Investigation led by Payyannur Police Inspector Srihari.