കരിപ്പൂർ സ്വർണക്കടത്ത്; സി.ഐ.എസ്.എഫ്., കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

കരിപ്പൂര്‍: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്., കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് ഇന്ന് കേരളത്തിലും പഞ്ചാബിലും ഹരിയാനയിലുമടക്കം ഒമ്പത് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. ഒമ്പത് കേന്ദ്രങ്ങളിലും ഒരേസമയത്താണ് റെയ്ഡ് നടന്നത്. വിജിലന്‍സ് മലപ്പുറം യൂണിറ്റാണ് കേസില്‍ അന്വേഷണം നടത്തുന്നത്. 2023 ഒക്ടോബറില്‍ കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടന്നത്.
കേസില്‍ ഒന്നാംപ്രതി സി.ഐ.എസ്.എഫ്. അസിസ്റ്റന്റ് കമാന്‍ഡന്റ് ആയ നവീന്‍കുമാറും കൊണ്ടോട്ടി സ്വദേശി ഷറഫലിയും ആയിരുന്നു. കേസില്‍ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ടതോടെയാണ് അന്വേഷണം വിജിലന്‍സിന് കൈമാറിയത്. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലന്‍സ് സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലായി റെയ്ഡ് നടത്തിയത്. നവീന്‍കുമാറിന്റെ ഹരിയാനയിലെ വീട്ടിലും ഷറഫലിയുടെ കൊണ്ടോട്ടിയിലെ വീട്ടിലും പരിശോധന നടന്നു.
അതിനോടൊപ്പം തന്നെ ഈ കേസുമായും ഇവര്‍ ഇരുവരുമായും ബന്ധമുണ്ട് എന്ന് കണ്ടെത്തിയ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഹരിയാനയിലെയും പഞ്ചാബിലെയും വീടുകളിലും കൊച്ചിയിലെയും കോഴിക്കോട്ടെയും കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സുകളിലും റെയ്ഡ് നടന്നു. ഇതുകൂടാതെ, അമാന ഗ്രൂപ്പുമായി ബന്ധമുള്ള ഒരു വ്യക്തിയടക്കമുള്ള ഏജന്റുമാരുടെ താമരശ്ശേരിയിലും കൊണ്ടോട്ടിയിലുമുള്ള വീടുകളിലും റെയ്ഡ് നടന്നു. ഇത്തരത്തില്‍ ഒമ്പത് കേന്ദ്രങ്ങളിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്.
വിജിലന്‍സിന്റെ മലപ്പുറം യൂണിറ്റാണ് കേസില്‍ അന്വേഷണം നടത്തുന്നതെങ്കിലും റെയ്ഡിനുവേണ്ടി കോഴിക്കോട് വിജിലന്‍സ് ഡി.വൈ.എസ്.പി.മാരെ കൂടി ഉള്‍പ്പെടുത്തി കോഴിക്കോട് റെയ്ഞ്ച് എസ്.പി.യുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീമിനെ ഉണ്ടാക്കിയിരുന്നു. ഈ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ട ഒരു സ്വര്‍ണക്കടത്ത് കേസിന്റെ നിര്‍ണായകമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്ന് റെയ്ഡുകള്‍ നടന്നത്. റെയ്ഡില്‍ സുപ്രധാനമായ രേഖകളും പാസ്‌പോര്‍ട്ടുകളും ഡിജിറ്റല്‍ തെളിവുകളും ലഭിച്ചതായാണ് വിജിലന്‍സ് വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: karippur gold smuggling case vigilance raid at cisf customs officials homes